ബോഡിഷെയ്മിങ്ങും സൈബര്‍ ആക്രമണവും തെറ്റാണെന്ന് നാഴികക്ക് നാല്പതുവട്ടം പറയുമ്പോഴും ചിലയാളുകള്‍ക്ക് നേരം വെളുക്കാത്ത കാലഘട്ടമാണ് ഇത്. പ്രബുദ്ധരായവരാണ് മലയാളികളെന്ന് പറയുമ്പോഴും അതിനെ ഇല്ലാതാക്കുന്ന തരത്തില്‍ ചില സംഭവങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച.
കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയ കാട്ടാളനില്‍ തമിഴ് സംവിധായകന്‍ ലോകേഷ് കനകരാജ് അതിഥിവേഷത്തിലെത്തിയിരുന്നു. ചിത്രത്തിന്റെ പോസ്റ്റ് ക്രെഡിറ്റ് സീനില്‍ ലിയോ കബ്രാള്‍ എന്ന കഥാപാത്രമായാണ് ലോകേഷ് വേഷമിട്ടത്. പ്രേക്ഷകരെ പാടെ നിരാശപ്പെടുത്തിയ ചിത്രത്തില്‍ ഈ അതിഥിവേഷം യാതൊരു ഇംപാക്ടും ഉണ്ടാക്കാതെ പോവുകയായിരുന്നു.
എന്നാല്‍ ലോകേഷിനെ ബോഡിഷെയ്മിങ് ചെയ്തുകൊണ്ടുള്ള കമന്റുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. യൂട്യൂബ് റിവ്യൂവറായ അശ്വന്ത് കോക്ക് ഈ കഥാപാത്രത്തെ ‘പിച്ചക്കാരന്‍ കോട്ടിട്ടതുപോലെ’ എന്നാണ് പറഞ്ഞത്. എഫ്.എഫ്.സി പോലെ ഒരു ഗ്രൂപ്പ് ആരംഭിച്ച അശ്വന്ത് കോക്കില്‍ നിന്ന് ഇത്തരമൊരു കമന്റ് പുതിയ കാര്യമല്ല.
എമ്പുരാനില്‍ റിക്ക് യൂനെ അവതരിപ്പിച്ച കഥാപാത്രത്തെ ‘ചൈനീസ് റെസ്റ്റോറന്റിലെ കുക്ക്’ എന്നായിരുന്നു കോക്ക് വിശേഷിപ്പിച്ചത്. റിവ്യൂ എന്ന പേരില്‍ വ്യക്തിയധിക്ഷേപത്തിന്റെ റേഞ്ചിലേക്ക് പലപ്പോഴും അശ്വന്ത് കോക്ക് കടക്കാറുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ചിലരും ഇത്തരത്തില്‍ ലോകേഷിന്റെ വേഷത്തെ വിമര്‍ശിക്കുന്നുണ്ട്.
താടിയും മുടിയും വളര്‍ത്തിയ ഗെറ്റപ്പിനെയാണ് പലരും വിമര്‍ശിക്കുന്നത്. ‘കുളിക്കുന്ന ഏതെങ്കിലും നടനെ വെച്ച് ചെയ്തുകൂടെ’, ‘ഇയാള്‍ക്ക് താടിയും മുടിയും വെട്ടി വൃത്തിക്ക് നടന്നുകൂടെ’ എന്നൊക്കെയാണ് കമന്റുകള്‍. ഒരാളുടെ അഭിനയത്തെ വിമര്‍ശിക്കുന്നതിന് പകരം അയാളുടെ രൂപത്തെ കളിയാക്കുന്നത് ശരിയായ നടപടിയല്ലെന്ന് പറഞ്ഞുകൊണ്ട് മറുപടികളുമുണ്ട്.
ക്യാമറക്ക് പിന്നില്‍ മാത്രം നിന്നിരുന്ന ലോകേഷ് ക്യാമറക്ക് മുന്നിലേക്കെത്തിയിരിക്കുകയാണ്. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ഡി.സിയിലൂടെയാണ് ലോകേഷ് നായകനായി അരങ്ങേറുന്നത്. വാമിക ഗബ്ബി നായികയായെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിന് വന്‍ വരവേല്പായിരുന്നു ലഭിച്ചത്. കൂലിയിലൂടെ ലഭിച്ച സൈബര്‍ അറ്റാക്കിന് ലോകേഷ് മറുപടി നല്‍കുമെന്നാണ് പലരും കരുതുന്നത്.
Content Highlight: A group of people Body Shaming Lokesh Kanagaraj’s character in Kattalan movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ