തിരുവനന്തപുരം: പെട്രോളിനും ഡീസലിനും മൂന്നുരൂപ വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതികരിച്ച് പിണറായി വിജയൻ.
വിലക്കയറ്റവും ജീവിതച്ചെലവും കൊണ്ട് വലയുന്ന സാധാരണക്കാരന്റെ മേൽ വീണ്ടും അധികഭാരം അടിച്ചേൽപ്പിക്കുന്നത് കൊടിയ ദ്രോഹമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പ്രതികരിച്ചു.
അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോൾ അതിന്റെ ഗുണം ജനങ്ങൾക്ക് നൽകാതിരുന്ന കേന്ദ്ര സർക്കാർ ഇപ്പോൾ എണ്ണക്കമ്പനികളുടെ നഷ്ടം മറയാക്കി പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതം വർധിപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
‘തെറ്റായ നയങ്ങൾ മൂലം ഉണ്ടായ പാചകവാതക ക്ഷാമവും വൻ വിലവർധനവും ഇതിനകം ജനജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണ്. ജനങ്ങൾക്ക് ആശ്വാസം നൽകേണ്ട സർക്കാർ, വീണ്ടും വിലവർധനയുടെ ഭാരം അടിച്ചേൽപ്പിക്കുകയാണ്. ശരിയായ ഭരണനയങ്ങളിലൂടെയും ഫലപ്രദമായ ഇടപെടലുകളിലൂടെയും ജനങ്ങളെ സഹായിക്കേണ്ട സമയത്ത് ഇത്തരത്തിലുള്ള നടപടികൾ ഒരുവിധ ന്യായീകരണവും അർഹിക്കുന്നില്ല,’ അദ്ദേഹം പ്രതികരിച്ചു.
ഇന്ധനവില വർധനവ് നിത്യോപയോഗ സാധനങ്ങളുടെ വിലയും ഗതാഗതച്ചെലവും വീണ്ടും കുതിച്ചുയരാൻ ഇടയാക്കുമെന്നും ഇതിന്റെ ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കുക തൊഴിലാളികളും കർഷകരും ഇടത്തരം കുടുംബങ്ങളുമാണെന്നും മുൻ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
‘ജനങ്ങളെ കൊള്ളയടിച്ച് കോർപ്പറേറ്റുകളെ സംരക്ഷിക്കുന്ന അന്യായ തീരുമാനം കേന്ദ്ര സർക്കാർ അടിയന്തരമായി പിൻവലിക്കണം,’ അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം പശ്ചിമേഷ്യൻ സംഘർഷം മൂലം ക്രൂഡ് ഓയിൽ ഇറക്കുമതി പ്രതിസന്ധിയിലായതാണ് വിലവർധനവിന് കാരണമെന്നാണ് കേന്ദ്ര സർക്കാരിന്റെ ന്യായീകരണം. എന്നാൽ റഷ്യയിൽ നിന്നും കുറഞ്ഞ വിലയ്ക് ലഭിച്ചിരുന്ന ക്രൂഡ് ഓയിലിന്റെ ഇറക്കുമതി ട്രംപിന്റെ നിർബന്ധത്തിന് വഴങ്ങി നിർത്തിയതാണ് നിലവിലെ പ്രതിസന്ധി രൂക്ഷമാക്കിയത് എന്നാണ് വിലയിരുത്തലുകൾ.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:-
രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണ്. വിലക്കയറ്റവും ജീവിതച്ചെലവും കൊണ്ട് വലയുന്ന സാധാരണക്കാരന്റെ മേൽ വീണ്ടും അധികഭാരം അടിച്ചേൽപ്പിക്കുകയാണ്.
അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോൾ അതിന്റെ ഗുണം ജനങ്ങൾക്ക് നൽകാതിരുന്ന കേന്ദ്ര സർക്കാർ, ഇപ്പോൾ എണ്ണക്കമ്പനികളുടെ നഷ്ടം മറയാക്കി പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതമാണ് വർദ്ധിപ്പിച്ചത്.
തെറ്റായ നയങ്ങൾ മൂലം ഉണ്ടായ പാചകവാതക ക്ഷാമവും വൻ വിലവർധനവും ഇതിനകം ജനജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണ്. ജനങ്ങൾക്ക് ആശ്വാസം നൽകേണ്ട സർക്കാർ, വീണ്ടും വിലവർധനയുടെ ഭാരം അടിച്ചേൽപ്പിക്കുകയാണ്. ശരിയായ ഭരണനയങ്ങളിലൂടെയും ഫലപ്രദമായ ഇടപെടലുകളിലൂടെയും ജനങ്ങളെ സഹായിക്കേണ്ട സമയത്ത് ഇത്തരത്തിലുള്ള നടപടികൾ ഒരുവിധ ന്യായീകരണവും അർഹിക്കുന്നില്ല.
ഇന്ധനവില വർദ്ധന നിത്യോപയോഗ സാധനങ്ങളുടെ വിലയും ഗതാഗതച്ചെലവും വീണ്ടും കുതിച്ചുയരാൻ ഇടയാക്കും. ഇതിന്റെ ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കുക തൊഴിലാളികളും കർഷകരും ഇടത്തരം കുടുംബങ്ങളുമാകും.
ജനങ്ങളെ കൊള്ളയടിച്ച് കോർപ്പറേറ്റുകളെ സംരക്ഷിക്കുന്ന അന്യായ തീരുമാനം കേന്ദ്ര സർക്കാർ അടിയന്തരമായി പിൻവലിക്കണം.
Content Highlight: A great betrayal; Pinarayi Vijayan responds to fuel price hike