| Sunday, 27th September 2026, 12:01 pm

സനാതനി പാരമ്പര്യത്തിന് മുന്‍ഗണന നല്‍കുന്ന സര്‍ക്കാര്‍ അധികാരത്തിലുണ്ട്: മദ്രസകളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കിയെന്ന് സുവേന്ദു

നിഷാന. വി.വി

കൊല്‍ക്കത്ത: സംസ്ഥാനത്തെ അംഗീകൃത മദ്രസകളില്‍ വന്ദേമാതരം ആലപിക്കുന്നത് തന്റെ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയെന്ന് വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി. നാഷണല്‍ ലൈബ്രറിയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കവേയായിരുന്നു സുവേന്ദു അധികാരിയുടെ പരാമര്‍ശം.

മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സര്‍ക്കാര്‍ സംസ്ഥാനത്തേക്ക് അധിനിവേശകരെ പ്രവേശിക്കാന്‍ അനുവദിക്കുകയും ജനസംഖ്യാ അനുപാതത്തില്‍ മാറ്റം വരുത്തുകയും ചെയ്തുവെന്നും അധികാരി ആരോപിച്ചു.

‘സനാതനി പാരമ്പര്യം നിലനിര്‍ത്തുന്നതിന് മുന്‍ഗണന നല്‍കുന്ന ഒരു ദേശീയവാദി സര്‍ക്കാര്‍ അധികാരത്തിലുള്ളതിനാല്‍, സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ സുരക്ഷിതമായിരിക്കും. എല്ലാ അധിനിവേശക്കാരെയും തുരത്തുമെന്നും ഉറപ്പുനല്‍കുന്നു,’ അദ്ദേഹം പറഞ്ഞു.

1992-ല്‍ അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്തതിന്റെ ഓര്‍മയ്ക്കായി ഡിസംബര്‍ ആറിന് ‘ശൗര്യ ദിവസ്’ ആഘോഷിക്കാന്‍ മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ബി.ജെ.പിയെയും മറ്റ് ഹിന്ദുത്വ സംഘടനകളെയും അനുവദിച്ചിരുന്നില്ലെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

‘2024 ജനുവരിയില്‍ രാജ്യം മുഴുവന്‍ അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ആഘോഷിക്കുമ്പോള്‍, അന്നത്തെ മുഖ്യമന്ത്രി (മമത ബാനര്‍ജി) ക്ഷേത്രത്തിനെതിരെ റാലി സംഘടിപ്പിക്കുന്നതിനായി മുഴുവന്‍ ഭരണസംവിധാനത്തെയും ഉപയോഗിക്കുകയായിരുന്നു,’ അധികാരി പറഞ്ഞു.

ഇടതുപക്ഷ ടി.എം.സി ഭരണകൂടങ്ങള്‍ക്ക് കീഴില്‍ സനാതനികള്‍ ആക്രമണങ്ങള്‍ നേരിട്ടുവെന്നും അദ്ദേഹം വാദിച്ചു.

‘പശ്ചിമ ബംഗാള്‍ പശ്ചിമ ബംഗ്ലാദേശായി മാറുന്നത് തടയാന്‍ അവിടുത്തെ ജനങ്ങള്‍ തീരുമാനിച്ചാല്‍ നമ്മള്‍ സനാതന ധര്‍മത്തെ സംരക്ഷിക്കണം,’ സുവേന്ദു പറഞ്ഞു. ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍, പശുക്കളെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇക്കാര്യത്തില്‍ നിയമനിര്‍മാണം നടത്തിയിട്ടുണ്ടെന്നും അധികാരി പറഞ്ഞു.

കാവിയുടെ മഹത്വം സംരക്ഷിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുമെന്നും കാവിയിലേക്ക് വിരല്‍ ചൂണ്ടുന്നത് ദൈവനിന്ദയാണെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയുടെ മുഖ്യ പ്രഭാഷകനായിരുന്ന ആര്‍എസ്എസ് ദേശീയ ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയെയും അദ്ദേഹം ആദരിച്ചു. അദ്ദേഹം രാഷ്ട്രനിര്‍മാണത്തിനായി തന്റെ ജീവിതം തന്നെ സമര്‍പ്പിച്ച വ്യക്തിയാണെന്നും സുവേന്ദു പറഞ്ഞു. ഹിന്ദുത്വ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സാമൂഹിക സംഘടനയായി ആര്‍.എസ.്എസിനെ വിശേഷിപ്പിക്കുന്നതിനിടെയായിരുന്നു അധികാരിയുടെ പരാമര്‍ശം.

Content Highlight: A government that prioritizes the Sanatani tradition is in power: Suvendu says Vande Mataram has been made mandatory in madrasas.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more