| Tuesday, 15th September 2026, 5:42 pm

തുടക്കം നന്നായി, അത് നിലനിര്‍ത്തണം; വിജയിയെ പ്രശംസിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി

അഞ്ജു ചന്ദ്രന്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ തുടക്കം നല്ലതാണെന്നും വര്‍ഗീയവും മതപരവുമായ സങ്കീര്‍ണതകളെ അതിജീവിച്ച് മുന്നോട്ടുപോകാന്‍ സാധിക്കട്ടെയെന്നും മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം.

ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമവുമായി നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്‍വര്‍ ഇബ്രാഹിമും വിജയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കുള്ള സാധ്യതയും അഭിമുഖത്തില്‍ പറഞ്ഞു. കൂടിക്കാഴ്ച ചെന്നൈയിലായിരിക്കുമെന്നും സൂചനയുണ്ട്.

‘വിജയിക്ക് നേരത്തെ നിശ്ചയിച്ച പരിപാടികളും നിക്ഷേപവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും ഉണ്ടായിരുന്നുവെന്നും അതേസമയം ന്യൂദല്‍ഹി, കേരളം, മാലിദ്വീപ് എന്നിവിടങ്ങളിലെ സന്ദര്‍ശനങ്ങള്‍ക്കിടയില്‍ തനിക്ക് ലഭ്യമായ സമയം വളരെ പരിമിതമായിരുന്നു. അതിനാലാണ് ഞങ്ങള്‍ തമ്മില്‍ നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ച നടക്കാതിരുന്നത്,’ അദ്ദേഹം പറഞ്ഞു.

വിജയിയുടെ രാഷ്ട്രീയ മുന്നേറ്റത്തെയും യുവാക്കള്‍ക്കിടയിലെ സ്വീകാര്യതയെയും ഇബ്രാഹിം പ്രശംസിച്ചു. അധികാരത്തിലെത്തിയതിന് ശേഷമുള്ള തുടക്കം മികച്ചതാണെന്നും എന്നാല്‍ ദീര്‍ഘകാല രാഷ്ട്രീയ സമീപനമാണ് പ്രധാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മൂല്യങ്ങള്‍, ക്ഷമ, പ്രായോഗിക ജ്ഞാനം എന്നിവയില്‍ അധിഷ്ഠിതമായ സമീപനം അധികാരത്തില്‍ തുടരുന്നവര്‍ക്ക് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിജയിയെ നേരത്തെ തന്നെ ‘യുക്തിയുടെയും തത്വങ്ങളുടെയും നല്ല ഭരണത്തിന്റെയും പുതിയ ശബ്ദം’ എന്ന നിലയില്‍ ഇബ്രാഹിം വിശേഷിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പരിഷ്‌കരണങ്ങള്‍ നടപ്പാക്കാനും ദാരിദ്ര്യവും അഴിമതിയും ഇല്ലാതാക്കാനുള്ള വിജയിയുടെ താത്പര്യത്തെയും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlights: A good start—it must be sustained; Malaysian Prime Minister praises the winner.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more