പത്തനംതിട്ട: തീര്‍ത്ഥാടന കാലത്ത് ശബരിമലയിലെ പമ്പാ നദിയിലും പരിസരത്തും മാലിന്യങ്ങള്‍ നിക്ഷേപിച്ചാല്‍ പിഴ. വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നദിയില്‍ ഉപേക്ഷിച്ചാല്‍ 5000 രൂപ പിഴ ഈടാക്കാന്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കോടതി ഉത്തരവിറക്കി.
പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഖരമാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും നദിയിലോ നദീതീരങ്ങളിലോ പൊതുസ്ഥലങ്ങളിലോ നിക്ഷേപിക്കുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
പിഴ 15 ദിവസത്തിനകം അടയ്ക്കാത്തപക്ഷം മറ്റ് നിയമനടപടികള്‍ക്ക് പുറമേ പ്രോസിക്യൂഷന് നടപടികളും സ്വീകരിക്കുമെന്നും അറിയിട്ടിച്ചുണ്ട്. ഭാരതീയ ന്യായ സംഹിത, കേരള പഞ്ചായത്ത് രാജ് നിയമം, ജലമലിനീകരണ നിയന്ത്രണ നിയമം എന്നിവ പ്രകാരമുള്ള തുടര്‍നടപടികളും സ്വീകരിക്കുന്നതാണെന്നും ശബരിമല എ.ഡി.എം ദിലീപ് കെ. കൈനിക്കര ഐ.എ.എസ് അറിയിച്ചു.
ബോധവത്കരണം നടത്തിയിട്ടും ഹൈക്കോടതി കര്‍ശനമായി ഇടപെട്ടിട്ടും പമ്പയില്‍ തീര്‍ത്ഥാടകര്‍ തുണികളും മറ്റ് മാലിന്യങ്ങളും ഉപേക്ഷിക്കുന്നത് തുടരുന്നതാണ് പിഴ ചുമത്താനുള്ള പുതിയ തീരുമാനത്തിന് വഴിയൊരുക്കിയത്.
ഇത്തവണത്തെ തീര്‍ത്ഥാടനത്തിന്റെ ആദ്യത്തെ മൂന്നുദിവസം തന്നെ 23 ടണ്ണോളം തുണിമാലിന്യങ്ങളാണ് പമ്പയില്‍നിന്ന് പുറത്തെടുത്തത്. പമ്പയിലും മറ്റ് പരിസരപ്രദേശങ്ങളിലും ബോര്‍ഡുകളും അറിയിപ്പുകളുമൊക്കെ ഉണ്ടെങ്കിലും അയല്‍സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന ഒരുവിഭാഗം ഭക്തര്‍ ഇപ്പോഴും പമ്പയില്‍ തുണികള്‍ ഉപേക്ഷിക്കുന്നു.
നേരത്തെ പത്തനംതിട്ട ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സാനിറ്റേഷന്‍ സൊസൈറ്റിയുടെ പ്രവര്‍ത്തകര്‍ തുണിമാലിന്യം നീക്കിയിരുന്നു. സീസണ് തീരുംവരെ തുണിമാലിന്യം നീക്കാന്‍ ആലപ്പുഴയിലെ ഒരു ഏജന്‍സിയില്‍നിന്ന് 20 പേരെ ഇവിടെ എത്തിച്ചിട്ടുണ്ട്.
Content Highlight: A fine of ₹5,000 will be imposed for dumping waste in the Pamba River and its surrounding areas at Sabarimala