വർഷങ്ങളായി മലയാളികൾ സ്‌നേഹത്തോടെയും പ്രതീക്ഷയോടെയും കാണുന്ന കൂട്ടുകെട്ടാണ് മോഹൻലാൽ- സത്യൻ അന്തിക്കാടിന്റേത്. കുറുക്കന്റെ കല്ല്യാണം മുതൽ ഇപ്പോഴിതാ പുറത്തിറങ്ങിയ പുതിയ ചിത്രം ഹൃദയപൂർവ്വം വരെ നീളുന്നു ആ കൂട്ടുകെട്ട്.
അതിൽ മിക്ക സിനിമകളും ഹിറ്റുകൾ. മോഹൻലാലുമായി ഒരിടവേളയ്ക്ക് ശേഷം മോഹൻലാൽ – സത്യൻ അന്തിക്കാട് ചിത്രം എത്തിയിരിക്കുകയാണ് ഹൃദയപൂർവ്വത്തിലൂടെ. ചിത്രത്തെക്കുറിച്ച് സത്യൻ അന്തിക്കാട് സംസാരിക്കുകയാണ്.
‘എല്ലാ സിനിമയും തിയേറ്ററിൽ എത്തുന്നത് വരെ നമുക്ക് ടെൻഷനാണ്. ആളുകൾക്ക് ഇഷ്ടപ്പെടും എന്ന് വിചാരിച്ച് ഒരു ചിത്രം കൊടുക്കുമ്പോൾ അതാളുകൾ സ്വീകരിക്കുക എന്നതാണ് ഒരു ചിന്ത. ഞാനും മോഹൻലാലും കൂടി ചെയ്തിട്ടുള്ള ഒരുപാട് സിനിമകൾ ആളുകൾ ഏറ്റെടുത്തിട്ടില്ല. ഈ ഓണക്കാലത്ത് ഏറ്റവും വലിയ സമാധാനം എന്നുവെച്ചാൽ കുടുംബങ്ങൾ മുഴുവൻ ഹൃദയപൂർവ്വം ഏറ്റെടുത്തു എന്നതാണ്,’ സത്യൻ അന്തിക്കാട് പറയുന്നു.
എല്ലാവരും തന്നോട് പറഞ്ഞത് കാണാൻ കൊതിച്ച മോഹൻലാലിനെ കണ്ടുവെന്നാണെന്നും സത്യൻ അന്തിക്കാട് പറയുന്നു.
തനിക്ക് ഈ സിനിമയുടെ ആശയം തോന്നിയ സമയത്ത് താൻ മോഹൻലാലിനോട് പറഞ്ഞത് വളരെ സാധാരണക്കാരനായ ഒരാളുടെ കഥയാണിത് എന്നാണെന്നും പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന എല്ലാ ഭാവങ്ങളും കോർത്തിണക്കിയാണ് ഹൃദയപൂർവ്വം ഒരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൊണ്ടുകൂടി തന്റെ ഹൃദയത്തോട് ചേർത്ത് വെച്ചിരിക്കുന്ന സിനിമയാണ് ഹൃദയപൂർവ്വം എന്നും സത്യൻ അന്തിക്കാട് പറയുന്നു.
താൻ മോഹൻലാലിനോട് പിണങ്ങിയിട്ടുണ്ടെന്നും ഒരുപാട് നാൾ മോഹൻലാലിനെ വെച്ച് സിനിമ ചെയ്യാതെ ഇരുന്നിട്ടുണ്ടെന്നും സത്യൻ അന്തിക്കാട് പറയുന്നു. പക്ഷെ, മോഹൻലാൽ അത് അറിഞ്ഞിട്ടില്ലെന്നും പിന്നീട് താൻ പറയുമ്പോഴാണ് മോഹൻലാൽ അത് മനസിലാക്കിയതെന്നും സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു.
Content Highlight: A film that combines all the emotions that the audience loves says Sathyan Anthikkad