| Saturday, 10th January 2026, 9:36 pm

പ്രേം നസീര്‍- സത്യന്‍ ടീമിന്റെ ഹിറ്റ് പടമാണോ ജന നായകന്റെ ഒറിജിനല്‍? ചര്‍ച്ചയായി സോഷ്യല്‍ മീഡിയ പോസ്റ്റ്

അമര്‍നാഥ് എം.

സെന്‍സര്‍ ബോര്‍ഡിന്റെ നൂലാമാലകളില്‍ പെട്ട് റിലീസ് അനിശ്ചിതത്വത്തിലായിരിക്കുകായണ് വിജയ് നായകനായ ജന നായകന്‍. ജനുവരി ഒമ്പതിന് റിലീസ് ചെയ്യേണ്ട ചിത്രം കോടതി വിധി വരുന്നതിലെ താമാസം കാരണമാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. പുതിയ റിലീസ് ഡേറ്റ് ഇതുവരെ പ്രഖ്യാപിക്കാത്തതിനാല്‍ ആരാധകരും നിരാശയിലാണ്.

രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് വിജയ് നായകനാകുന്ന അവസാന ചിത്രം ആഘോഷമാക്കാനുള്ള ആരാധകരുടെ കാത്തിരിപ്പ് നീളുകയാണ്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജന നായകന്‍ തെലുങ്ക് ചിത്രമായ ഭഗവന്ത് കേസരിയുടെ റീമേക്കായാണ് ഒരുങ്ങിയിട്ടുള്ളത്. ഒറിജിനല്‍ വേര്‍ഷനൊപ്പം കുറച്ച് മാറ്റങ്ങള്‍ വരുത്തിയാണ് വിനോദ് ജന നായകന്‍ ഒരുക്കിയതെന്നാണ് റിപ്പോര്‍ട്ട്. 2023ല്‍ പുറത്തിറങ്ങിയ ഭഗവന്ത് കേസരി വന്‍ വിജയമായിരുന്നു.

എന്നാല്‍ ഭഗവന്ത് കേസരിയുടെ ഒറിജിനല്‍ വേര്‍ഷന്‍ മലയാളത്തിലായിരുന്നെന്ന പോസ്റ്റ് വൈറലായിരിക്കുകയാണ്. 1965ല്‍ പുറത്തിറങ്ങിയ ഓടയില്‍ നിന്ന് എന്ന ക്ലാസിക് സിനിമയുടെയും ഭഗവന്ത് കേസരിയുടെയും മൂലകഥ ഒന്നാണെന്ന് പോസ്റ്റില്‍ പറയുന്നു. സത്യന്‍, പ്രേം നസീര്‍ തുടങ്ങിയവര്‍ പ്രധാനവേഷം ചെയ്ത ചിത്രം ഹിറ്റായിരുന്നു.

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ചിത്രം ശിവാജി ഗണേശന്‍ ബാബു എന്ന പേരില്‍ തമിഴില്‍ റീമേക്ക് ചെയ്തിരുന്നു. തമിഴിലും ഹിറ്റായതോടെ ചിത്രം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. പത്ത് വര്‍ഷത്തിന് ശേഷം ബോളിവുഡ് സൂപ്പര്‍താരം രാജേഷ് ഖന്ന ഈ ചിത്രം അതേ പേരില്‍ റീമേക്ക് ചെയ്തു. വര്‍ഷങ്ങള്‍ക്ക് ശേഷം ബാലകൃഷ്ണ ബാബുവിനെ തെലുങ്കിലേക്ക് പറിച്ചുനട്ട ചിത്രമാണ് ഭഗവന്ത് കേസരി.

മികച്ച തെലുങ്ക് സിനിമക്കുള്ള ദേശീയ അവാര്‍ഡ് നേടിയ ഭഗവന്ത് കേസരി തമിഴില്‍ റീമേക്ക് ചെയ്യുന്നതില്‍ ആരാധകര്‍ തൃപ്തരല്ല. വിജയ്‌യുടെ കരിയറിലെ വലിയ ഹിറ്റുകളായ കാതലുക്ക് മര്യാദൈ, ഗില്ലി, നന്‍പന്‍, കാവലന്‍, ബദ്രി എന്നീ സിനിമകള്‍ റീമേക്കായിരുന്നു. അവസാന ചിത്രവും റീമേക്കായാണ് ഒരുങ്ങുന്നതെന്ന അപൂര്‍വത ചര്‍ച്ചയായിരുന്നു. എന്നാല്‍ ഭഗവന്ത് കേസരിയുടെ കോര്‍ തീമില്‍ വിജയ്‌യുടെ രാഷ്ട്രീയവും ഉള്‍പ്പെടുത്തിയ ചിത്രമാണ് ജന നായകനെന്ന് റിപ്പോര്‍ട്ടുണ്ട്.

വണ്‍ ലാസ്റ്റ് ഡാന്‍സ് എന്നാണ് ജന നായകന് നല്‍കിയിരിക്കുന്ന ടാഗ്‌ലൈന്‍. 450 കോടിയോളം മുതല്‍ മുടക്കിലൊരുങ്ങിയ ജന നായകന്‍ വേഗത്തില്‍ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് നിര്‍മാതാക്കള്‍. ഈ വര്‍ഷം തമിഴ്‌നാടടക്കം നിരവധി സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനുണ്ട്. ഇലക്ഷന്‍ പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ പിന്നീട് മോഡ് ഓഫ് കണ്ടക്ട് നിലവില്‍ വരും. ഇത് ജന നായകന്റെ റിലീസ് വീണ്ടും വൈകിപ്പിക്കാന്‍ സാധ്യതയുണ്ട്.

തടസങ്ങളെല്ലാം മറികടന്ന് ജന നായകന്‍ റിലീസായാല്‍ ആഘോഷമാക്കുമെന്ന് ആരാധകര്‍ ഉറപ്പാക്കിയിരിക്കുകയാണ്. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ബോബി ഡിയോള്‍, പൂജ ഹെഗ്‌ഡേ, മമിത ബൈജു എന്നിവര്‍ അണിനിരക്കുന്ന ചിത്രം ജനുവരി 23ന് റിലീസാകുമെന്നാണ് പ്രതീക്ഷ.

Content Highlight: A Facebook post saying that Bhagavanth Kesari movie originally inspired from Odayil Ninnu movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more