| Wednesday, 17th June 2026, 8:43 pm

പറങ്കിപ്പടയുടെ കപ്പിത്താനെ കാത്തിരിക്കുന്നത് ഇരട്ട ലോക ചരിത്രം; ഗോളടിമേളത്തിന് തുടക്കമിടാന്‍ റോണോ

ശ്രീരാഗ് പാറക്കല്‍

ഫിഫ ലോകകപ്പ് 2026ല്‍ ഇന്ന് പോര്‍ച്ചുഗലും ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് കോംഗോയും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളത്തിലിറങ്ങാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. റൊണാള്‍ഡോ ഒരു ചരിത്ര നേട്ടത്തിന്റെ പടിവാതിലില്‍ എത്തി നില്‍ക്കുകയാണ് എന്നതാണ് അതിന് കാരണം.

2026 ഫിഫ ലോകകപ്പില്‍ ഡി.ആര്‍ കോംഗോയ്‌ക്കെതിരായ മത്സരത്തില്‍ ക്യാപ്റ്റന്‍ റൊണാള്‍ഡോ ഗോള്‍ മഴ പെയ്യിച്ചാല്‍ 150 അന്താരാഷ്ട്ര ഗോളുകള്‍ നേടാനുള്ള അവസരമാണ് താരത്തിനുള്ളത്. നിലിവില്‍ 228 മത്സരങ്ങളില്‍ നിന്ന് 143 ഗോളുകളാണ് പോര്‍ച്ചുഗലിന് വേണ്ടി താരം നേടിയത്. വരും മത്സരങ്ങളില്‍ ഏഴ് ഗോള്‍ നേടിയാല്‍ റോണോ 150 അന്താരാഷ്ട്ര ഗോള്‍ നേടുന്ന താരമാകും. ഈ മൈല്‍സ്‌റ്റോണിലെത്തുന്ന ലോകത്തിലെ ആദ്യ താരമായിരിക്കും റൊണാള്‍ഡോ.

ഇതിന് പുറമെ ആറ് വ്യത്യസ്ത ലോകകപ്പില്‍ ഗോള്‍ നേടുന്ന താരം എന്ന അപൂര്‍വ നേട്ടവും താരത്തെ കാത്തിരിക്കുന്നുണ്ട്. 2006, 2010, 2014, 2018, 2022 ലോകകപ്പുകളില്‍ ഗോള്‍ നേടിയ റോണോ 2026 ലോകകപ്പിലും വലകുലുക്കിയാല്‍ ഈ വമ്പന്‍ നേട്ടം കൊയ്യാം.

ലോകകപ്പില്‍ റൊണാള്‍ഡോ എട്ട് ഗോളുകളാണ് ഇതുവരെ നേടിയിട്ടുള്ളത്. 2006 ലോകകപ്പില്‍ ഒരു ഗോള്‍ അടിച്ചാണ് പറങ്കിപ്പടയുടെ കപ്പിത്താന്‍ തന്റെ വേട്ടക്ക് തുടക്കം കുറിച്ചത്. 2010, 2014 ലോകകപ്പുകളിലും റോണോ ഓരോ ഗോളുകള്‍ വീതം സ്‌കോര്‍ ചെയ്തു. 2018ല്‍ നാല് തവണയാണ് താരം വല കുലുക്കിയത്.

കഴിഞ്ഞ ലോകകപ്പിലും റോണോ ഗോള്‍ കണ്ടെത്തി. ഒരു ഗോളായിരുന്നു 2021ല്‍ താ രത്തിന്റെ സമ്പാദ്യം. ഇതോടെയാണ് അഞ്ച് ലോകകപ്പില്‍ ഗോള്‍ നേടിയ താരമെന്ന നേട്ടം സ്വന്തമാക്കിയത്.

41ാം വയസിലും ദേശീയ ടീമിന്റെ പ്രധാന പ്രതീക്ഷയായി തുടരുന്ന റൊണാള്‍ഡോ, ലോകകപ്പ് സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കളത്തിലിറങ്ങുക. ഇതുവരെ സ്വന്തം ടീമിന് ഒരു ലോകകപ്പ് നേടിക്കൊടുത്തില്ല എന്ന പഴി വാക്കുകളെ നേരിടാന്‍ തയ്യാറായാണ് റോണോ ഡി.ആര്‍ കോംങ്കോയെ നേരിടാനെത്തുന്നത്.

Content Highlight: A double achievement awaits Cristiano Ronaldo at the 2026 FIFA World Cup
ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more