തിരുവനന്തപുരം: ഷാഫി പറമ്പിലിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാജ് മോഹന്‍ ഉണ്ണിത്താന്. ഷാഫി പറമ്പില്‍ ഒരിക്കലും എ ഗ്രൂപ്പല്ലെന്നും അങ്ങനെ പറഞ്ഞാല്‍ അത് ലോകത്തിലെ എട്ടാമത്തെ അത്ഭുതമാവുമെന്നും ഉണ്ണിത്താന് പറഞ്ഞു. വ്യാജ ഐഡികളില്‍ നിന്നാണ് തനിക്കെതിക്കെതിരെയുള്ള സൈബര്‍ ആക്രണം നടക്കുന്നതെന്നും ഇതിന് പിന്നില്‍ പെട്ടിത്താങ്ങികളാണെന്നും അദ്ദേഹം പറഞ്ഞു.
‘ഷാഫി പറമ്പില്‍ എ ഗ്രൂപ്പുകാരനാണെന്ന് പറഞ്ഞാല്‍ ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിട്ടേ എനിക്ക് കാണാന്‍ കഴിയൂ. എ ഗ്രൂപ്പിന് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നത് ഞാനല്ല. പക്ഷേ അയാള്‍ അങ്ങനെ പറഞ്ഞാല്‍ ഒരിക്കലും അംഗീകരിക്കില്ല. എ ഗ്രൂപ്പുണ്ടായത് ഉമ്മന്ചാണ്ടിയില്നിന്നാണ്.
സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ സംരക്ഷിച്ചത് ഞാന്‍ മാത്രമാണ്. ഉമ്മന്‍ചാണ്ടിയെയും കുടുംബത്തെയും പ്രതിപക്ഷം വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ ഇപ്പറഞ്ഞ ഉമ്മന്‍ചാണ്ടി പ്രേമികളോ സ്കൂള്‍ ഓഫ് പൊളിറ്റിക്സിന്റെയോ ഒരാളെയോ കണ്ടിട്ടില്ല.
ഉമ്മന്‍ചാണ്ടിക്കുവേണ്ടി തിരുവനന്തപുരത്തേക്ക് ട്രെയിനില്‍ പോകുന്നതിനിടെ വേട്ടനായ്ക്കള്‍ കടിച്ചുകീറുന്നത് പോലെ സി.പി.എമ്മുകാര്‍ എന്നെ ആക്രമിച്ചു. ആശുപത്രിയിലായി. ഉമ്മന്‍ചാണ്ടിയെ വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍ തങ്ങളുടെ ഭാവി അപകടത്തിലാകുമോ എന്ന് ഭയന്ന് തലയില്‍ മുണ്ടിട്ട് ഓടി ഒളിച്ചവര്‍ ഉമ്മന്‍ചാണ്ടി മരിച്ചപ്പോള്‍ അദ്ദേഹത്തിനൊപ്പം കുട പിടിച്ച് നില്ക്കുന്ന ഫോട്ടോ പ്രചരിപ്പിച്ചു. അക്കാലത്ത് ഉമ്മന്‍ചാണ്ടിക്കൊപ്പം നില്ക്കാന് എന്നോടൊപ്പം ഉണ്ടായിരുന്നത് സിദ്ധിഖ് മാത്രമാണ്. കെ.സി.വേണുഗോപാലടക്കം അന്ന് ആരോപണവിധേയരായ എല്ലാവരെയും ഞങ്ങള്‍ സംരക്ഷിച്ചു,’ അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ചാണ്ടി സംസാര ശേഷി നഷ്ടപ്പെട്ട് അവസാന നാളുകളില്‍ യൂത്ത് കോണ്‍ഗ്രസിന് ഒരു നേതാവിനെ വെക്കണമെന്നാവശ്യപ്പെട്ട് ഒരു കത്തെഴുതിയിരുന്നുവെന്നും എന്നാല്‍ അത് കീറി കളഞ്ഞാണ് ഈ അടൂര്ക്കാരനെ വെച്ചതെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു.
‘ എനിക്ക് നേരെയുള്ള സൈബര്‍ ആക്രമണത്തെ കുറിച്ച് പരിശോധിച്ചപ്പോഴാണ് എനിക്ക് മനസിലായത് ആശാന് വേണ്ടി ശിഷ്യന് ഇറങ്ങിയിരിക്കുകയാണ്. നാല് ഗര്‍ഭമുണ്ടാക്കി അടൂരെ വീട്ടില്‍ വിശ്രമിക്കുന്ന ആ ശിഷ്യന് ആശാന് വേണ്ടി ഇറങ്ങിയിരിക്കുകയാണ്. സകല ആക്രമണത്തിന് പിന്നില്‍ അടൂരെ ആ വീട്ടില്‍ നിന്നാണെന്ന് സാമാന്യ വിവരമുള്ള എല്ലാവര്‍ക്കുമറിയാം,’ കാസര്‍ഗോഡ് എം.പി പറഞ്ഞു.
ഷാഫി പറമ്പിലിനെതിരെ താന്‍ അരുതാത്ത കാര്യമൊന്നും പറഞ്ഞിട്ടില്ലെന്നും എ ഗ്രൂപ്പില്‍ ഇല്ലെന്ന് മാത്രമാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. തന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നത് കണ്ടിട്ടും പാര്‍ട്ടിയിലെ മറ്റ് നേതാക്കള്‍ ആസ്വദിക്കുകയാണെന്നും ഈ ആസ്വാദനത്തിനൊന്നും അധികം ആയുസില്ലെന്നും അദ്ദേഹം പറഞ്ഞു.
താന്‍ പറയുന്ന ഏതെങ്കിലും ഒരു കാര്യം തെറ്റാണെന്ന് തെളിയിച്ചാല്‍ തന്റെ പൊതുജീവിതം അവസാനിപ്പിക്കാന്‍ തയ്യാറാണെന്നും ഉണ്ണിത്താന് പറഞ്ഞു. എല്ലാ കാര്യങ്ങളും ഡയറിയില്‍ എഴുതിവെച്ചിട്ടുണ്ടെന്നും ശിഷ്യനും ആശാനും എല്ലാം കുടുങ്ങുന്ന കാര്യങ്ങളാണ് ആ ഡയറിയിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ അനാവശ്യമായി എന്നെ പ്രകോപിപ്പിക്കരുത്. അങ്ങനെ ചെയ്താല്‍ വിനാശകാലേ വിപരീത ബുദ്ധി എന്നാണെനിക്ക് പറയാനുള്ളത്. പിന്നെ എനിക്ക് സ്കൂള്‍ ഓഫ് പൊളിറ്റിക്സുകാരുടെ സര്‍ട്ടിഫിക്കറ്റൊന്നും വേണ്ട. ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മയാണ് എന്റെ സര്‍ട്ടിഫിക്കറ്റ്,’ അദ്ദേഹം പറഞ്ഞു.
Content Highlight: A disciple, who has fathered four children and is now resting at home, is behind this; details that could land both the master and the disciple in trouble are recorded in a diary—do not provoke them: Unnithan