| Wednesday, 5th March 2025, 10:49 pm

ട്രംപിന്റെ അണ്‍ജസ്റ്റിഫൈഡ് താരിഫുകളില്‍ തീരുമാനമുണ്ടാക്കണം; ലോക വ്യാപാര സംഘടനയെ സമീപിച്ച് കാനഡ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒട്ടാവ: യു.എസുമായി വ്യാപാര യുദ്ധം ആരംഭിച്ചതിന് പിന്നാലെ താരിഫിന്റെ കാര്യത്തില്‍ വാഷിങ്ടണുമായി കൂടിയാലോചന ആവശ്യപ്പെട്ട് ലോക വ്യാപാര സംഘടനയെ സമീപിച്ച് കാനഡ. അണ്‍ജസ്റ്റിഫൈഡ് താരിഫുകളെ സംബന്ധിച്ച് കൂടിയാലോചന നടത്തണമെന്നാവശ്യപ്പെട്ടാണ് പരാതി.

കാനഡയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കണമെന്ന് ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കണമെന്നും തങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ലെന്നും ആവശ്യപ്പെട്ടാണ് കാനഡയുടെ പരാതി നല്‍കിയത്.

സിന്തറ്റിക് മയക്കുമരുന്ന് ഫെന്റനൈലിന്റെയും രാസവസ്തുക്കളുടെയും അമേരിക്കയിലേക്കുള്ള ഒഴുക്ക് തടയാന്‍ വേണ്ടത്ര നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് ഡൊണാള്‍ഡ് ട്രംപ് കാനഡയില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരുന്നു. നിയമം ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്തിരുന്നു.

അതേസമയം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ ഇറക്കുമതി തീരുവകള്‍ക്കെതിരായ പ്രതിഷേധ നടപടിയുടെ ഭാഗമായി യു.എസ് മദ്യത്തിന് കനേഡിയന്‍ പ്രവിശ്യകള്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഒന്റാറിയോ, ക്യൂബെക്ക് എന്നിവയുള്‍പ്പെടെ ഒന്നിലധികം കനേഡിയന്‍ പ്രവിശ്യകള്‍ ചൊവ്വാഴ്ച യു.എസ് മദ്യത്തിന്റെ വില്‍പ്പന നിരോധിക്കുകയായിരുന്നു.

ചൊവ്വാഴ്ച എല്‍.സി.ബി.ഒയുടെ വെബ്സൈറ്റ് പ്രവര്‍ത്തനരഹിതമായിരുന്നു, കനേഡിയന്‍ ഉത്പ്പന്നങ്ങള്‍ക്ക് മേലുള്ള യു.എസ് താരിഫുകള്‍ക്ക് മറുപടിയായി യു.എസ് ഉത്പ്പന്നങ്ങള്‍ സ്റ്റോര്‍ നീക്കം ചെയ്യുന്നതായി അറിയിപ്പും പുറത്ത് വിട്ടിരുന്നു.

ക്യൂബെക്കില്‍, സ്റ്റോറുകള്‍, ബാറുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയിലേക്ക് അമേരിക്കന്‍ ലഹരിപാനീയങ്ങള്‍ വിതരണം ചെയ്യുന്നത് നിര്‍ത്താന്‍ പ്രവിശ്യ മദ്യ വിതരണക്കാരനോട് ഉത്തരവിടുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

അധികാരത്തിലേറിയതിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കാനഡ, മെക്‌സിക്കോ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മേല്‍ വ്യാപകമായ തീരുവ ചുമത്തിയിരുന്നു. കാനഡയില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നുമുള്ള മിക്ക ഇറക്കുമതികള്‍ക്കും 25% തീരുവയും ചുമത്തുന്നതും ചൈനീസ് ഉത്പ്പന്നങ്ങള്‍ക്കുള്ള തീരുവ 10% ല്‍ നിന്ന് 20% ആയി ഇരട്ടിയാക്കുകയും ചെയ്തിരുന്നു.

Content Highlight: A decision must be made on Trump’s unjustified tariffs; Canada approaches the World Trade Organization

We use cookies to give you the best possible experience. Learn more