| Saturday, 21st June 2025, 4:34 pm

ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും, ദൽഹിയിലെത്തിയ പാകിസ്ഥാൻ ഹിന്ദു അഭയാർത്ഥികൾ ഇപ്പോഴും പൗരത്വത്തിനായി കാത്തിരിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തിയ ഹിന്ദു അഭയാർഥികളുടെ ജീവിതം അനിശ്ചിതത്വത്തിൽ. കഴിഞ്ഞ വർഷം പൊതുതെരഞ്ഞെടുപ്പിന് മുമ്പ് പാകിസ്ഥാനി ഹിന്ദു അഭയാർത്ഥികളിൽ ഒരു വിഭാഗത്തിന് ഇന്ത്യൻ പൗരത്വം ലഭിച്ചെങ്കിലും, ക്യാമ്പിലെ ജനസംഖ്യയുടെ ഏകദേശം 10 ശതമാനം പേർക്ക് മാത്രമേ ഇതുവരെ പൗരത്വം നൽകിയിട്ടുള്ളൂ എന്ന് പലരും ആരോപിക്കുന്നു.

ദൽഹിയിലെ മജ്നു കാ തിലയിലെ അഭയാർത്ഥി ക്യാമ്പുകളിലാണ് ഇവർ താമസിക്കുന്നത്. പത്ത് വർഷം മുമ്പ് അഞ്ച് കുട്ടികളുമായി സിന്ധിൽ നിന്ന് വന്ന മീന കുമാരി (55), തന്റെ മുഴുവൻ കുടുംബവും ഇപ്പോഴും ഇന്ത്യൻ പൗരന്മാരായി രജിസ്റ്റർ ചെയ്യപ്പെടാൻ വേണ്ടി കാത്തിരിക്കുകയാണെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

‘ഞാൻ 10 വർഷമായി ഇവിടെ താമസിക്കുന്നു. ഞങ്ങൾക്ക് പൗരത്വം നൽകുമെന്ന് ഞങ്ങളോട് പറഞ്ഞിരുന്നു. പക്ഷേ ഇതുവരെ അതിൽ ഒരു വ്യക്തതയും ഉണ്ടായിട്ടില്ല. ഇവിടെ ശുചിത്വ സൗകര്യങ്ങളില്ല. ഞങ്ങൾ പലതവണ അധികാരികളെ സമീപിച്ചു. പക്ഷേ സ്ഥിതി അതേപടി തുടരുന്നു. ഈ ക്യാമ്പിൽ നിന്ന് ഞങ്ങളെ പുറത്താക്കുമെന്ന് ഇടയ്ക്കിടെ പറയാറുണ്ട്,’ അവർ പറഞ്ഞു. പലായനം ചെയ്യുമ്പോൾ തന്റെ നാല് കുട്ടികളെ പാകിസ്ഥാനിൽ ഉപേക്ഷിക്കേണ്ടി വന്നെന്നും അവർ കൂട്ടിച്ചേർത്തു.

യമുനയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന അഭയാർത്ഥി ക്യാമ്പിലെ വീടുകളുടെ മേൽക്കൂര മിക്കതും തകർന്ന നിലയിലാണ്. വൃത്തിയില്ലാത്ത ശൗചാലയങ്ങൾ, മാലിന്യം നിറഞ്ഞ ചുറ്റുപാട് എന്നിവയിലാണ് അഭയാർത്ഥികൾ താമസിക്കുന്നത്.

ക്യാമ്പിലെ മിക്ക വീടുകൾക്കും എൽ.പി.ജി സൗകര്യം ലഭിച്ചിട്ടില്ല. ഇപ്പോഴും അവർ പാചകത്തിന് മൺ സ്റ്റൗകളെയും ബയോമാസ് ഇന്ധനത്തെയുമാണ് ആശ്രയിക്കുന്നത്.

രണ്ട് വർഷം മുമ്പ് സിന്ധിൽ നിന്ന് തന്റെ കുടുംബത്തോടൊപ്പം എത്തിയ ഉദിഷ് നാരായണൻ (45 ), പൗരത്വത്തിന്റെ അഭാവം തങ്ങളുടെ തൊഴിലവസരങ്ങളെയും ബാധിച്ചിട്ടുണ്ടെന്ന് പറഞ്ഞു.

‘പഴങ്ങൾ വിൽക്കാനോ വണ്ടികൾ റോഡരികിൽ പാർക്ക് ചെയ്യാനോ ഞങ്ങൾക്ക് അനുവാദമില്ല. ജോലിയൊന്നുമില്ല. പൗരത്വം വാഗ്ദാനം ചെയ്തിരുന്നു, പക്ഷേ ഇപ്പോഴും കാത്തിരിക്കുകയാണ്,’ അദ്ദേഹം പരാതിപ്പെട്ടു.

ഔപചാരിക രേഖകളുടെ അഭാവം മൂലം, പല താമസക്കാർക്കും സർക്കാരിന്റെ ക്ഷേമ പദ്ധതികൾ ലഭ്യമാകുന്നില്ല. കുടിയിറക്കത്തിന്റെ വെല്ലുവിളികളും അവരുടെ കുടുംബങ്ങൾ നേരിടുന്ന അനിശ്ചിതത്വവും ഉണ്ടായിരുന്നിട്ടും, അഭയാർത്ഥി ക്യാമ്പിലെ കുട്ടികൾ വിദ്യാഭ്യാസം തുടരുന്നുണ്ട്. തങ്ങൾക്ക് വലിയ നിലയിലെത്തണമെന്ന് അവർ പ്രത്യാശിക്കുന്നു.

12 വയസുള്ള ആറാം ക്ലാസ് വിദ്യാർത്ഥിനികളായ മുസ്‌കാനും സംഗീതയും വലുതാകുമ്പോൾ ഡോക്ടർമാരാകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു.

Content Highlight: A decade on, Pakistani Hindu refugees in Delhi still await citizenship

We use cookies to give you the best possible experience. Learn more