| Tuesday, 15th July 2025, 4:12 pm

ഇത്തവണ ഒരു ദളിതനെ അയക്കാമായിരുന്നു; ബഹിരാകാശ ദൗത്യത്തെ കുറിച്ച് കോണ്‍ഗ്രസ് നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആക്‌സിയം 4 ബഹിരാകാശ ദൗത്യത്തിന് ഒരു ദളിതനെ എന്തുകൊണ്ടാണ്
തെരഞ്ഞെടുക്കാത്തതെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്. രാകേഷ് ശര്‍മയെ ആദ്യമായി അയച്ചപ്പോള്‍, എസ്.സി/എസ്.ടി/ഒ.ബി.സി സമുദായങ്ങളില്‍ നിന്നുള്ള വിദ്യാസമ്പന്നരായ ആളുകള്‍ അധികം ഉണ്ടായിരുന്നില്ല എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ഇത്തവണ, ഈ സമുദായങ്ങളില്‍ നിന്ന് ആരെയെങ്കിലും അയക്കാമായിരുന്നുവെന്നാണ് ഉദിത് രാജ് പറഞ്ഞത്.

ശാസ്ത്രീയ നേട്ടത്തെ ഉദിത് രാജ് രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധത്തിന് കാരണമായി.’മെറിറ്റ് വേഴ്‌സസ് റിസര്‍വേഷന്‍’ എന്ന ചര്‍ച്ചയ്ക്കിടെയാണ് ഇദ്ദേഹം ഈക്കാര്യം പറഞ്ഞത്.

ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും അന്താരാഷ്ട്ര ബഹിരാകാശ നിലയം (iss) സന്ദര്‍ശിച്ച ആദ്യ വ്യക്തിയുമായ ശുഭാന്‍ഷു ശുക്ല, ആക്‌സിയം-4 ദൗത്യത്തിന്റെ ഭാഗമായി 18 ദിവസത്തെ വാസത്തിന് ശേഷം ഇന്ന് ഭൂമിയിലേക്ക് മടങ്ങിയെത്തി.

അതേസമയം, ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയെ അഭിനന്ദിച്ച രാജ്, ബഹിരാകാശ യാത്രയില്‍ നിന്ന് ശുക്ല നേടിയ അറിവ് മുഴുവന്‍ മനുഷ്യരാശിക്കും ഗുണം ചെയ്യുമെന്ന് പറയുകയും ചെയ്തു.

എന്നിരുന്നാലും, കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ കോളിളക്കത്തിന് കാരണമായി. ഇതൊരു ബഹിരാകാശ പദ്ധതിയാണെന്നും ആരെങ്കിലും അദ്ദേഹത്തെ ഓര്‍മിപ്പിക്കണമെന്നും ബഹിരാകാശയാത്രികരെ ജാതി നോക്കിയല്ല തെരഞ്ഞെടുക്കുന്നത്, കഴിവിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുന്നതെന്നടക്കമുള്ള ആരോപണങ്ങളും ഉണ്ട്.

Content Highlight: A Dalit could have been sent this time; Congress leader on space mission

We use cookies to give you the best possible experience. Learn more