ഷെഹബാസ് ഷെറീഫും ജനറല്‍ അസിം മുനീറും മോദിയും തങ്ങളുടെ പട്ടാളക്കാരോട് ആയുധം താഴെ വെയ്ക്കുവാന്‍ ട്രമ്പിനെ അനുസരിച്ച് നിര്‍ദ്ദേശം നല്‍കി. ഏതു മാര്‍ഗ്ഗത്തിലൂടെയും യുദ്ധസമാനമായ പിരിമുറുക്കം അവസാനിച്ചിരുന്നു എങ്കില്‍ സാധാരണ ഇന്ത്യക്കാരും പാകിസ്ഥാനികളും ആശ്വസിക്കുമായിരുന്നു.
നരേന്ദ്ര മോദി / ഷഹബാസ് ഷരീഫ്
ഒരു യുദ്ധത്തിലും ഒരു രാജ്യവും വിജയിച്ചിട്ടില്ല എന്ന ചരിത്രം ലോകത്തെ ഓര്‍മ്മിപ്പിക്കുമ്പോള്‍, അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളെ വള്ളം കളിയും കാല്‍പന്തുകളിയും റിപ്പോര്‍ട്ടു ചെയ്യുന്ന ലാഘവത്തോടെ മലയാള ദൃശ്യ മാധ്യമങ്ങള്‍ അവതരിപ്പിച്ചത് അവരുടെ സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമാക്കിയായിരുന്നു.
റിലയന്‍സ് കമ്പനി സിന്ദൂര്‍ എന്ന പേരില്‍ മാര്‍ക്കറ്റിംഗ് ശ്രമങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ പിന്‍വലിക്കേണ്ടി വന്നു. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ പരമാവധി വേഗത്തില്‍, പരമാവധി കിന്നരികള്‍ ചാര്‍ത്തി അവതരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഓര്‍മ്മ വരുന്നത് CNN എന്ന അമേരിക്കന്‍ ചാനലിനെയാണ്.
എന്നാല്‍ തെറ്റായ വാര്‍ത്തകള്‍ കൊടുക്കുന്നതില്‍ പാകിസ്ഥാന്റെ സമീപനത്തെ ഓര്‍മ്മിപ്പിക്കുന്ന മണ്ടത്തരങ്ങള്‍ മലയാള മാധ്യമങ്ങളിലും കാണാമായിരുന്നു.
1991ലെ ഗള്‍ഫ് യുദ്ധം(ഇറാക്ക്- കുവൈറ്റ്)ലോകത്തില്‍ ആദ്യമായി 24 മണിക്കൂര്‍ ലൈവ് കാണിച്ചു കൊണ്ട് CNN അവരുടെ കച്ചവടം ഉറപ്പിച്ചു. തുടക്കത്തില്‍ ABC, NBC, CBS തുടങ്ങിയവരും യുദ്ധകൊതിയന്മാരായി തത്സമയ റിപ്പോര്‍ട്ടിംഗ് ആരംഭിച്ചു.
CNN ഒഴിച്ചുള്ള മാധ്യമങ്ങളെ ഇറാക്കില്‍ നിന്നും (അമേരിക്കന്‍ ഭരണം) പുറത്താക്കി. CNN ഉടമകള്‍ അതിനു വേണ്ട ചരടുകള്‍ വലിച്ചു. യുദ്ധ റിപ്പോര്‍ട്ടിങ്ങിലെ കുപ്രസിദ്ധനായ Peter Arnett അയാളുടെ പണി വിജയകരമായി തുടര്‍ന്നു. അമേരിക്കന്‍ സര്‍ക്കാര്‍ മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷയെ പറ്റി ചില നിര്‍ദ്ദേശങ്ങള്‍ വെച്ചു. 24 മണിക്കൂര്‍ യുദ്ധവും അതിന്റെ നോവുകളും തത്സമയം കാണിച്ച് അമേരിക്കന്‍ മുതലാളി Warner group (CNN) BBC യെ പിന്നിലാക്കി.
Prof. Douglas Kellner
ആദ്യ ഗള്‍ഫ് യുദ്ധ റിപ്പോര്‍ട്ടിംഗ് വിമര്‍ശനത്തിന് വിധേയമായി. കൊളംബിയ സര്‍വകലാശാലയിലെ Prof. Douglas Kellner നടത്തിയ പഠനത്തില്‍ മാധ്യമങ്ങള്‍ യുദ്ധത്തെ ആവേശകരമായ കഥയായി അവതരിപ്പിക്കുന്നിലെ അപകടം വിവരിച്ചു. നാടകീയതയും ദേശഭക്തി നിറഞ്ഞ കാഴ്ചയുമായി യുദ്ധത്തെ ഒരുക്കി എടുത്ത CNN മുതലാളിയും യുദ്ധ കമ്പനികളും തമ്മിലുള്ള അടുപ്പവും വ്യക്തമായിരുന്നു.
CNN അവതരിപ്പിച്ച യുദ്ധകൊതി ഇന്ത്യന്‍ മാധ്യമങ്ങള്‍ (കേരളത്തിലെ മാധ്യമങ്ങള്‍ ഒട്ടും കുറക്കാതെ) തുടരുന്നതിന് തെളിവാണ് ഏപ്രില്‍ 22 മുതല്‍ രാജ്യത്ത് സംഭവിച്ച അനിഷ്ട സംഭവങ്ങളെ ജനങ്ങളില്‍ എത്തിച്ച രീതി.
ഭീകരവാദത്തിനെതിരെ ജനങ്ങളെ സമാധാനത്തിലെയ്ക്കും സെക്യുലറിസ്റ്റ് ചിന്തയിലെയ്ക്കും എത്തിക്കുക എന്നതാണ് ആരോഗ്യകരമായ വഴി. വിദേശ രാജ്യങ്ങളില്‍ തീവ്രവാദി ആക്രമണങ്ങള്‍ സംഭവിക്കുമ്പോള്‍ അക്രമകാരികളുടെ വിവരങ്ങള്‍ പരമാവധി പുറത്തു വിടാറില്ല. കാരണം വ്യക്തമാണ്. സാമുദായികമായ ചേരിതിരുവുകള്‍ ഉണ്ടാകാതെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതാണ് അവര്‍ ഉദ്ദേശിക്കുന്നത്.
ഇന്ത്യയിലാകട്ടെ കൊടും ഭീകരര്‍ നിരപരാധികളെ വെടിവെച്ച് വീഴ്ത്തുന്നതിനു മുമ്പ് നടത്തിയ അപകടകരമായ പരാമര്‍ശങ്ങളെ വാര്‍ത്തയുടെ പ്രധാന ഭാഗമാക്കുമ്പോള്‍, നമ്മുടെ മാധ്യമങ്ങള്‍ ഹിന്ദുത്വ ഭീകരതയുടെ തീയിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുകയാണ്.
പാകിസ്ഥാന്റെ അപകടകരമായ സമീപനങ്ങളെ തുറന്നു കാട്ടുന്നതില്‍ നമ്മുടെ മാധ്യമങ്ങള്‍ക്ക് മുഖ്യ പങ്കുണ്ട്. എന്നാല്‍ തെറ്റായ വാര്‍ത്തകള്‍ കൊടുക്കുന്നതില്‍ പാകിസ്ഥാന്റെ സമീപനത്തെ ഓര്‍മ്മിപ്പിക്കുന്ന മണ്ടത്തരങ്ങള്‍ മലയാള മാധ്യമങ്ങളിലും കാണാമായിരുന്നു. അതിനെ പറ്റി The Dawn തെളിവു സഹിതം വിവരിക്കുമ്പോള്‍ നമ്മുടെ മാധ്യമങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയാതെ പോകുന്നത് മാധ്യമ ധര്‍മ്മത്തിന് നിരക്കുന്നതല്ല.
‘From Journalism to jingoism’: For the Indian media, , truth be damned എന്നാണ് The Dawn എഴുതുന്നത്.
1. ജനറല്‍ അസിം മുനീറിന് സ്ഥാനം ഒഴിയേണ്ടി വന്നു. (Time Now)
2. ഷെഹബാസ് ഷറീഫ്(പ്രധാനമന്ത്രി)മറ്റൊരു വീട്ടിലേക്കു മാറി.(Time Now)
3 . കറാച്ചി പോര്‍ട്ട്, ലാഹോര്‍ എന്നിവിടങ്ങളില്‍ ആക്രമണം (Republic)
4. F-16- JF-17 (2 എണ്ണം) ഇന്ത്യ വെടിവെച്ചിട്ടു (India Today)
എന്നീ വാര്‍ത്തകള്‍ തെറ്റായിരുന്നു എന്ന് പാകിസ്ഥാന്‍ പത്രം പറയുമ്പോള്‍ , ഇന്ത്യന്‍ മാധ്യമങ്ങളെ കള്ളം പടച്ചുവിടുന്ന, ഉത്തരവാദിത്തരഹിതരായവരുടെ പട്ടികയില്‍ ലോകം പെടുത്തും.
പാകിസ്ഥാന്‍ ഭീകരതയെ വളര്‍ത്തുവാന്‍ വേണ്ടതെല്ലാം ചെയ്തു കൂട്ടുന്നു എന്ന് സാര്‍വ്വദേശീയമായി അംഗീകരിക്കുമ്പോള്‍ തന്നെ, IMF സഹായം നല്‍കരുതെന്ന ഇന്ത്യയുടെ അവകാശവാദം തള്ളിപ്പോയത്, അതിര്‍ത്തി കടന്നെത്തിയ ഭീകരര്‍ എവിടെയാണ് എന്ന് കണ്ടുപിടിക്കാന്‍ സുരക്ഷാ സേനയ്ക്ക് കഴിയാതെ പോകുന്നതും, ലോക മാധ്യമങ്ങളെ ഇന്ത്യക്കൊപ്പം നിര്‍ത്തുവാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ നമ്മള്‍ വിജയിക്കാതിരുന്നതും രാജ്യത്തിന്റെ നയതന്ത്ര രംഗത്തെ വീഴ്ചയായി വരുംകാലത്ത് ഉയര്‍ന്നു വരും.
ഇന്‍ഡസ് ജല ധാരണ അവസാനിപ്പിച്ചു എന്ന് നമ്മള്‍ പ്രഖ്യാപിക്കുമ്പോള്‍ ബ്രഹ്‌മപുത്രയിലും ടീസ്റ്റയിലും മറ്റ് 4 ഡസന്‍ നദികളിലും ചൈന, നേപ്പാള്‍ ഒപ്പം ബംഗ്ലാദേശും ഇന്ത്യയ്ക്ക് തലവേദനകള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നു പറയാന്‍ മാധ്യമങ്ങള്‍ മടിച്ചുനില്‍ക്കുന്നത് തീവ്രദേശീയ വികാര ജീവികള്‍ക്കൊപ്പമാണ് ഞങ്ങള്‍ മാധ്യമങ്ങള്‍ എന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
ഭീകര വാദത്തിനെതിരായ നീക്കങ്ങളെയും യുദ്ധങ്ങളെയും ചെറുക്കുവാന്‍ മനുഷ്യ സമൂഹം തയ്യാറാവും വിധമുള്ള രാഷ്ട്രീയ പശ്ചാത്തലം ഒരുക്കുവാന്‍ ചുമതലപ്പെട്ടവരാണ് യഥാര്‍ത്ഥ മാധ്യമങ്ങളും പ്രസ്ഥാനങ്ങളും !
content highlights: A critical note on the Indian media’s handling of the Indo-Pak conflict