| Wednesday, 12th November 2025, 7:43 pm

കുടുംബ ബന്ധങ്ങളില്‍ ക്ലാസെടുക്കുന്ന ദമ്പതികള്‍ തമ്മില്‍ പോര്; ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: കുടുംബ ബന്ധങ്ങളെ കുറിച്ച് ക്ലാസെടുത്ത് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട ചാലക്കുടിയിലെ ദമ്പതികള്‍ തമ്മില്‍ നിയമപോര്. ചാലക്കുടി ഫിലോകാലിയ ഫൗണ്ടേഷന്‍ നടത്തിപ്പുകാരായ മാരിയോ ജോസഫ്, ഭാര്യ ജീജി മാരിയോ എന്നിവരാണ് തമ്മിലടിച്ചത്.

സംഭവത്തില്‍ മാരിയൊക്കെതിരെ ജീജി ചാലക്കുടി പൊലീസില്‍ പരാതി നല്‍കി. മാരിയോ തന്നെ സെറ്റ് ടോപ് ബോക്‌സ് ഉപയോഗിച്ച് തലയ്ക്കടിച്ചുവെന്നും തന്റെ എഴുപതിനായിരം രൂപയുടെ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചുവെന്നുമാണ് യുവതിയുടെ പരാതി.

ഇതിന്റെ അടിസ്ഥാനത്തില്‍ ചാലക്കുടി പൊലീസ് മാരിയൊക്കെതിരെ കേസെടുത്തു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഒരു മാസം തടവോ അയ്യായിരം രൂപ വരെ പിഴയോ ലഭിക്കാവുന്ന കുറ്റമാണ് മരിയൊക്കെതിരെ ചുമത്തിയിരിക്കുന്നത്.

തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ ഒമ്പത് മാസമായി ഇരുവരും അകന്ന് കഴിയുകയായിരുന്നുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. കഴിഞ്ഞ മാസം 25ന് പ്രശ്‌നം പറഞ്ഞുതീര്‍ക്കാന്‍ ജീജി മാരിയോയുടെ വീട്ടിലെത്തിയപ്പോള്‍ മര്‍ദനം നേരിട്ടുവെന്നുമാണ് വിവരം.

സംഭവം വാര്‍ത്തയായതോടെ നിരവധി ആളുകളാണ് പ്രതികരണവുമായി രംഗത്തെത്തുന്നത്. ജീവിക്കുക എന്നത് പ്രസംഗിക്കുന്നത് പോലെ എളുപ്പമല്ലെന്ന് ഇതില്‍ നിന്ന് മനസിലാക്കാമെന്നാണ് ഒരാളുടെ പ്രതികരണം.

സോഷ്യല്‍ മീഡിയ നിറയെ മോട്ടിവേഷന്‍ സ്പീക്കേഴ്സും സൈക്കോളജിക്കല്‍ വിദഗ്ധരും ഫിലോസഫേര്‍സും ആണ്. ഇവരുടെ തള്ളലുകള്‍ കണ്ട് ജീവിതം ആ നിലക്ക് ആവാത്തത് മൂലം നിരാശപ്പെടുന്നവരുടെ എണ്ണം കൂടുകയാണെന്നും മറ്റൊരാള്‍ ചൂണ്ടിക്കാട്ടി. തമ്മിലടിച്ച ദമ്പതികളുടേത് ഒരു ഷോ മാത്രമായിരുന്നുവെന്ന് മനസിലാക്കാനും ചിലര്‍ പറയുന്നു.

‘മറ്റുള്ളവരെ ഉപദേശിക്കാന്‍ എളുപ്പമാണ്. പക്ഷേ സ്വന്തം ജീവിതത്തില്‍ വരുമ്പോള്‍ എല്ലാം പാളിപ്പോകും. ‘കുറുന്തോട്ടിക്കും വാതം’ എന്ന് കേട്ടിട്ടില്ലെ,’ എന്നാണ് മറ്റൊരാളുടെ കമന്റ്.

അങ്ങനെ പവനായി ശവമായെന്നും കമന്റുകള്‍ ഉയരുന്നുണ്ട്. ദമ്പതികള്‍ തമ്മിലടിച്ച സംഭവം വാർത്തയാക്കിയ മാധ്യമങ്ങള്‍ക്കെതിരെയും വിമര്‍ശനമുണ്ട്. ഒന്ന് വീഴാന്‍ കാത്തുനില്‍ക്കുകയായിരുന്നു, വറുത്തുകോരുവാന്‍ എന്നാണ് വിമര്‍ശനം.

Content Highlight: A couple in Chalakudy who took a class on family relations and became famous on social media are in a quarell

Latest Stories

We use cookies to give you the best possible experience. Learn more