ന്യൂദല്‍ഹി: നവംബര്‍ ഒന്നിന് രാംലീല മൈദാനിയില്‍ ഇന്ത്യാ സഖ്യം നടത്താന്‍ നിശ്ചയിച്ചിരുന്ന റാലിക്കെതിരെ രംഗത്തെത്തി വിശ്വഹിന്ദു പരിഷത്ത്. ദീപാവലി ഉത്സവ സീസണിലെ വ്യാപാരത്തെ ബാധിക്കുന്ന രീതിയില്‍ ഹിന്ദു ആഘോഷങ്ങളെ തടസപ്പെടുത്താനും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കോട്ടം വരുത്താനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് വി.എച്ച്.പി ആരോപിച്ചു.
റാലി നടക്കുന്ന രാംലീല മൈതാനത്തിന് സമീപമുള്ള ചാന്ദ്നി ചൗക്ക്, ഓള്‍ഡ് ദല്‍ഹി തുടങ്ങിയ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലെ വ്യാപാരികള്‍ റാലി മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് കശ്മീരി ഗേറ്റില്‍ പ്രതിഷേധം നടത്തിയിരുന്നു. കനത്ത സുരക്ഷാ നിയന്ത്രണങ്ങളും ഗതാഗതക്കുരുക്കും ഉത്സവകാലത്തെ കോടികളുടെ കച്ചവടത്തെ ബാധിക്കുമെന്നാണ് ഇവരുടെ ആശങ്ക.
വ്യാപാരികളുടെ ഈ ആവശ്യം കോണ്‍ഗ്രസ് തള്ളികളഞ്ഞുവെന്ന് വി.എച്ച്.പി ദേശീയ വക്താവ് വിനോദ് ബന്‍സാല്‍ ആരോപിച്ചു. മറ്റു ചില വിഭാഗങ്ങളാണ് ഈ ആവശ്യം മുന്നോട്ട് വെച്ചതെങ്കില്‍ പ്രതിപക്ഷം റാലി മാറ്റിവെക്കുമായിരുന്നുവെന്നും, പ്രതിഷേധങ്ങളുടെ പേരില്‍ ഹിന്ദു ഉത്സവങ്ങളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുട്ടികളുടെ ക്ഷേമത്തിനും ദീര്‍ഘായുസിനും വേണ്ടി അമ്മമാര്‍ ഉപവാസമിരിക്കുന്ന ഉത്സവമായ അഹോയ് അഷ്ടമി വ്രതാനുഷ്ഠാനവും ഇതേദിവസമാണെന്നും ഇത് പ്രദേശവാസികള്‍ക്കും കനത്ത ബുദ്ധിമുട്ടുണ്ടാക്കുമെന്ന് വി.എച്ച്.പി നേതാവ് വാദിച്ചു.
രാജ്യത്ത് ഹിന്ദു ഉത്സവങ്ങളെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇതിനെതിരെ ഹിന്ദു സമൂഹം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ സഖ്യനേതാക്കള്‍ എത്രയൊക്കെ ശ്രമിച്ചാലും ഹിന്ദു സമൂഹത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനകള്‍ വിജയിക്കില്ലെന്നും അതിന് തങ്ങള്‍ അനുവദിക്കില്ലെന്നും വി.എച്ച്.പി പറഞ്ഞു.
വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെത്തുടര്‍ന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെയാണ് ഇന്ത്യ സഖ്യം ഈ വന്‍ റാലി സംഘടിപ്പിക്കുന്നത്. ദല്‍ഹി പൊലീസ് കര്‍ശന ഉപാധികളോടെയാണ് ഈ റാലിക്ക് അനുമതി നല്‍കിയിട്ടുള്ളത്.
Content Highlight: A conspiracy to destroy Hindu festivals and the economy: VHP speaks out against the INDIA alliance rally on November 1st.