വാഷിങ്ടണ്‍: ജെറുസലേം എന്ന ക്രിസ്ത്യന്‍ രാഷ്ട്രം അത്യാവശ്യമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ ഉപദേഷ്ടാവ് സ്റ്റീവ് ബാനണ്‍. ഗസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ത്രിരാഷ്ട്ര പരിഹാരമുണ്ടാകണമെന്നും സ്റ്റീവ് പറഞ്ഞു. ഇന്നലെ (വെള്ളിയാഴ്ച) ‘വാര്‍ റൂം’ പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് ബാനണിന്റെ പരാമര്‍ശം.
ഇസ്രഈല്‍ പ്രധാനമന്ത്രി തന്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും സ്റ്റീവ് പറഞ്ഞു. നൈല്‍ മുതല്‍ യൂഫ്രട്ടീസ് വരെ വ്യാപിച്ചുകിടക്കുന്ന ബൈബിള്‍ ഭൂമിയെ അടിസ്ഥാനമാക്കിയുള്ള ആശയം നടപ്പാക്കുന്നതില്‍ നെതന്യാഹു പരാജയപ്പെട്ടുവെന്നാണ് സ്റ്റീവ് ബാനണ്‍ പറഞ്ഞത്.
‘ഇവിടെ പ്രധാനമായും ത്രിരാഷ്ട്ര പരിഹാരമാണ് ഉണ്ടാകേണ്ടത്. ഗസയിലെ യുദ്ധം അവസാനിപ്പിക്കാനും മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനും അത് ആവശ്യമാണ്. ആ മഹത്തായ ആശയം നടപ്പിലാക്കുന്നതില്‍ നെതന്യാഹു പരാജയപ്പെട്ടതിനാലാണ് ത്രിരാഷ്ട്ര പരിഹാരത്തിലേക്ക് ഇപ്പോള്‍ പോകേണ്ടി വന്നത്,’ സ്റ്റീവ് ബാനണ്‍ പറഞ്ഞു.
15, 20, 30 വര്‍ഷങ്ങള്‍ക്ക് ശേഷം എല്ലാം നല്ല നിലയ്ക്ക് ആകണമെങ്കില്‍ ജെറുസലേം എന്ന ക്രിസ്ത്യന്‍ രാഷ്ട്രം അനിവാര്യമാണെന്നും ട്രംപിന്റെ ഉപദേഷ്ടാവ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഗസയിലെ സമാധാനം മുസ്‌ലിങ്ങളെയും ജൂതന്മാരെയും മാത്രം കേന്ദ്രീകരിച്ചുള്ളതല്ലെന്ന് സ്റ്റീവ് ബാനണ്‍ പറഞ്ഞിരുന്നു.
ഗസയുടെ പുനര്‍നിര്‍മാണം ഖത്തറിന്റെ നേതൃത്വത്തിലാകുമ്പോള്‍ തുര്‍ക്കി ഗസയുടെ സുരക്ഷാ സേനയാകണമെന്നാണ് സ്റ്റീവ് ബാനണ്‍ ആഗ്രഹിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ വിലയിരുത്തുന്നുമുണ്ട്.
സ്റ്റീവ് ബാനണ്‍ ട്രംപിന്റെ ഉപദേശകനായിരുന്നെങ്കിലും കുറച്ചുകാലങ്ങളായി ചില അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ഇരുവരും അകല്‍ച്ചയിലാണ്. തീവ്രവലതുപക്ഷ രാഷ്ട്രീയക്കാരനുമാണ് ബാനണ്‍.
അതേസമയം യു.എസ് പ്രസിഡന്റ് മുന്നോട്ടുവെച്ച 20ഇന സമാധാന പദ്ധതി പ്രകാരം ഒക്ടോബര്‍ ഏഴിന് ഗസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. എന്നാല്‍ 80ലധികം തവണ ഇസ്രഈല്‍ ഈ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നാണ് ഫലസ്തീനിലെ മീഡിയ ഓഫീസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 19 ഫലസ്തീനികളെയാണ് ഇസ്രഈല്‍ കൊലപ്പെടുത്തിയത്. ഇസ്രഈല്‍ ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രഈല്‍ നടത്തിയ അതിക്രമങ്ങളില്‍ കുറഞ്ഞത് 68,519 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 170,382 പേര്‍ക്ക് പരിക്കേറ്റതായും ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Content Highlight: A Christian state with Jerusalem is essential: Trump’s former adviser