| Sunday, 9th June 2019, 6:00 pm

'കാണാതായ ഇന്ത്യന്‍ വ്യോമസേന വിമാനത്തെ കൊണ്ടു പോയത് അന്യഗ്രഹ ജീവികള്‍ ആവാം'; വിചിത്രവാദവുമായി 2000രൂപ നോട്ട് ഫെയിം സീ ന്യൂസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

നരേന്ദ്രമോദി നോട്ട് നിരോധനം നടത്തിയ ദിവസം 2000 രൂപയുടെ നോട്ട് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ നോട്ടില്‍ നാനോ ചിപ്പുണ്ടെന്ന് പ്രഖ്യാപിച്ച സീ ന്യൂസ് ചാനല്‍ എഡിറ്റര്‍ സുധീര്‍ ചൗധരിയെ ഓര്‍മ്മ കാണും പലര്‍ക്കും. പുതിയ 2000 രൂപ നോട്ടില്‍ ഒരു രഹസ്യ നാനോ ചിപ്പുണ്ടെന്നും സര്‍ക്കാര്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഇതിലൂടെ 120 മീറ്ററില്‍ നടക്കുന്ന വിവരങ്ങള്‍ നിരീക്ഷിക്കാനാകുമെന്നായിരുന്നു സുധീര്‍ ചൗധരിയുടെ വാദം. ആ സീ ന്യൂസ് പുതിയ കണ്ടെത്തലുമായി രംഗതെത്തിയിരിക്കുകയാണ്.

ചൈന അതിര്‍ത്തിയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ എഎന്‍-32 വിമാനം കാണാതായതിന് പിന്നില്‍ അന്യഗ്രഹജീവികളാവാം എന്നാണ് ചാനലിന്റെ കണ്ടെത്തല്‍. സീ ന്യൂസിന്റെ തന്നെ ചാനലായ സീ ഹിന്ദുസ്ഥാനിലാണ് അന്യഗ്രഹ ജീവികളാവും ഇതിന് പിന്നിലെന്നുള്ള ചര്‍ച്ച വന്നത്.13 പേരുമായി യാത്ര ചെയ്തിരുന്ന വിമാനം അരുണാചല്‍ പ്രദേശില്‍ വെച്ച് കാണാതായത്. 13 പേരില്‍ 8 ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥരാണ്. ദിവസങ്ങളായി വ്യോമസേനയും സുരക്ഷാപ്രവര്‍ത്തകരും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനാവാത്ത ഘട്ടത്തിലാണ് ചാനലിന്റെ കണ്ടെത്തല്‍.

സൈനികരെ കാണാതായിരിക്കുന്ന ഈ സമയത്ത് വന്ന ചാനലിന്റെ കണ്ടെത്തലിനെതിരെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. അതിനിടയില്‍ വിമാനത്തെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം വ്യോമസേന പ്രഖ്യാപിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more