| Monday, 17th February 2025, 3:02 pm

ഗോവയില്‍ വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പനാജി: ഗോവയില്‍ വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്. വികാത് ഭഗതിനെയാണ് കോടതി ജീവപര്യന്തം തടവിന് വിധിച്ചത്. മാര്‍ഗാവോ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ക്ഷാമ ജോഷിയാണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്.

ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങളില്‍ ഭഗതിന് ജീവപര്യന്തം തടവും 25,000 രൂപ പിഴയും തെളിവ് നശിപ്പിച്ചതിന് 10,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. തെളിവ് നശിപ്പിച്ചതിന് പ്രതിക്ക് രണ്ട് വര്‍ഷം തടവും അനുഭവിക്കേണ്ടി വരും. എന്നാല്‍ രണ്ട് ശിക്ഷകളും ഒരേസമയം അനുഭവിച്ചാല്‍ മതിയെന്നും കോടതി വിധിച്ചു.

ബ്രിട്ടീഷ്-ഐറിഷ് പൗരത്വമുള്ള സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 31കാരനായ പ്രതി കുറ്റക്കാരാനാണെന്ന് വെള്ളിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. ജഡ്ജി ക്ഷാമ ജോഷി തന്നെയാണ് കേസില്‍ വിധി പറഞ്ഞത്.

2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊലപാതകം, ലൈംഗികാതിക്രമം, കുറ്റകൃത്യത്തിന്റെ തെളിവ് നശിപ്പിക്കുക, കുറ്റവാളിയെ സംരക്ഷിക്കാന്‍ തെറ്റായ വിവരങ്ങള്‍ നല്‍കുക തുടങ്ങിയ ഐ.പി.സി വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരായ കേസ്.

2017 ഫെബ്രുവരിയില്‍ അവധിക്കാലം ആഘോഷിക്കാന്‍ സുഹൃത്തിനൊപ്പം ഗോവയില്‍ എത്തിയ 28കാരിയാണ് അതിക്രമം നേരിട്ടത്. 2017 മാര്‍ച്ച് 14ന് ദക്ഷിണ ഗോവയിലെ കാനക്കോണയിലെ പലോലം ബീച്ചിന് സമീപത്തുള്ള വയലില്‍ നിന്ന് മരിച്ച നിലയില്‍ സ്ത്രീയെ കണ്ടെത്തുകയായിരുന്നു.

സംഭവത്തില്‍ കേസെടുത്ത പൊലീസ് സാക്ഷി മൊഴികളുടെയും മറ്റും അടിസ്ഥാനത്തില്‍ വികാതിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് 2018 ഏപ്രിലിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്.

കേസില്‍ വിധി പുറപ്പെടുവിക്കുന്നതിന് മുന്നോടിയായി നടന്ന വാദത്തില്‍ ശിക്ഷയില്‍ ഇളവ് വരുത്തണമെന്ന് വികാതിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നത്.

Content Highlight: A case of rape and murder of a foreign woman in Goa; Accused gets life imprisonment

We use cookies to give you the best possible experience. Learn more