| Saturday, 11th January 2025, 10:26 pm

പത്തനംതിട്ടയില്‍ കായിക താരത്തെ ലൈംഗികമായി പീഡിപ്പിച്ച കേസ്; വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംത്തിട്ട: കായിക താരമായ പെണ്‍കുട്ടിയെ 64 പേര്‍ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പത്തനംതിട്ട എസ്.പിയോട് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി ഉത്തരവിട്ടു. പ്രതികളെ പിടികൂടാനായി എല്ലാവിധ ഇടപെടലുകളും കമ്മീഷന്‍ നടത്തുമെന്ന് പി. സതീദേവി അറിയിച്ചു.

ദേശീയ മനുഷ്യാവകാശ കമ്മീഷനും സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാനത്തിനോട് ആവശ്യപ്പെട്ടിരുന്നു. എത്രയും വേഗം അന്വേഷണം നടത്തി മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്.
അഞ്ചുവര്‍ഷം തുടര്‍ച്ചയായി പീഡനം നടന്നത് സംവിധാനങ്ങളുടെ പരാജയമാണെമെന്ന് കമ്മീഷനംഗം പ്രിയങ്ക് കനൂംഗോ പ്രതികരിച്ചു.

അതേസമയം പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒമ്പത് പേര്‍ കൂടി അറസ്റ്റിലായി. നിലവില്‍ 64 പേരില്‍ 20 പേര്‍ ആണ് അറസ്റ്റ് ചെയ്‌പ്പെട്ടിട്ടുള്ളത്. 64പേര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. നേരത്തെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ ആദ്യമായി പീഡിപ്പിച്ചത് ആണ്‍ സുഹൃത്ത് ആണ്.

ഇയാള്‍ പെണ്‍കുട്ടിയെ പീഢിപ്പിച്ച് നഗ്‌നദൃശ്യങ്ങള്‍ കൈക്കലാക്കി സുഹൃത്തുക്കള്‍ക്ക് കൈമാറുകയായിരുന്നു. പിടിയിലായ പ്രതികളില്‍ നാളെ വിവാഹ നിശ്ചയം നടക്കാനിരിക്കുന്ന യുവാവും സഹോദരങ്ങളും പ്ലസ് ടു വിദ്യാര്‍ഥിയും വരെ ഉള്‍പ്പെടുന്നുണ്ട്.

കായികതാരം കൂടിയായ പെണ്‍കുട്ടി നിലവില്‍ സി.ഡബ്ല്യു.സി സംരക്ഷണയിലാണ്. ഇപ്പോള്‍ 18 വയസ്സുള്ള വിദ്യാര്‍ഥിനിക്ക് വിശദമായ കൗണ്‍സിലിംഗ് നല്‍കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പ്രതികളില്‍ മിക്കവരും 20നും 30നും ഇടയില്‍ പ്രായമുള്ളവരാണ്. ഒരാള്‍ നിലവില്‍ പോക്‌സോ കേസില്‍ ജയില്‍വാസം അനുഭവിക്കുകയാണ്.

13 വയസ് മുതല്‍ ചൂഷണത്തിന് ഇരയാകുന്നുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പോക്‌സോ വകുപ്പ് ഉള്‍പ്പെടെ ചുമത്തിയാണ് ഇന്നലെ (വെള്ളിയാഴ്ച) അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ പരിശീലകരും സഹപ്രവര്‍ത്തകരുമുള്‍പ്പെടുന്നുണ്ട്.

ഇലവുംതിട്ട പൊലീസാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സി.ഡബ്ല്യു.സിയ്ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. സി.ഡബ്ല്യു. സിയ്ക്ക് ലഭിച്ച മൊഴി നേരിട്ട് പത്തനംതിട്ട എസ്.പിക്ക് കൈമാറുകയായിരുന്നു.

ജില്ലയിലെ പത്തനംതിട്ട, കോന്നി തുടങ്ങിയ സ്റ്റേഷനുകളിലും എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തെളിവുകള്‍ ലഭിക്കുന്നതിന് അനുസരിച്ച് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Content Highlight: A case of abuse of a sportsperson in Pathanamthitta; The Women’s Commission voluntarily filed a case

We use cookies to give you the best possible experience. Learn more