| Sunday, 28th September 2025, 8:00 pm

യോഗിയുടെ പോലീസാണോ? രാഹുലിന്റെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്ന പരാമര്‍ശത്തില്‍ പ്രിന്റുവിനെതിരെ കേസെടുക്കാത്തതിനെ വിമര്‍ശിച്ച് ഷാഫി പറമ്പില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി വക്താവ് മുഴക്കിയ ഭീഷണിയില്‍ കേസെടുക്കാന്‍ തയ്യാറാകാത്ത പൊലീസിനെതിരെ കോണ്‍ഗ്രസ് നേതാവും വടകര എം.പിയുമായ ഷാഫി പറമ്പില്‍.

രാഹുല്‍ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട കയറുമെന്ന് ഭീഷണി മുഴക്കിയ ബി.ജെ.പി മീഡിയ പാനലിസ്റ്റ് പ്രിന്റു മഹാദേവിനെതിരെ കേസെടുക്കാത്തതിനെയാണ് ഷാഫി വിമര്‍ശിച്ചത്. യോഗിയുടെ പൊലീസായത് കൊണ്ടാണോ കേസെടുക്കാത്തതെന്ന് ഷാഫി ചോദിച്ചു.

യോഗിയുടെ കത്തു വായിക്കുമ്പോഴുളള ആവേശമൊന്നും കാണിച്ചില്ലെങ്കിലും, രാഹുല്‍ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട കയറുമെന്നൊക്കെ പറയുന്ന ബി.ജെ.പി വക്താവിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ കേരളത്തിലെ പോലീസ് മടിക്കുന്നതെന്തിനാണെന്ന് ഷാഫി ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിച്ചു.

വിഷയത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കെ.പി.സി.സി ആഹ്വാനം ചെയ്തിട്ടുണ്ടെന്നും ഷാഫി പറമ്പില്‍ സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു.നേരത്തെ പ്രിന്റുവിന്റെ വാക്കുകളെ അപലപിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശനും രംഗത്തെത്തിയിരുന്നു.

ചാനല്‍ ചര്‍ച്ചയിലിരുന്ന് ബി.ജെ.പി പേടിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ഗാന്ധിയുടെ ദേഹത്ത് ഒരു തരി മണ്ണ് വാരിയിടാന്‍ ഇന്ത്യയിലെ ജനാധിപത്യത്തെ സ്‌നേഹിക്കുന്നവര്‍ സമ്മതിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.

ന്യൂസ് 18 ചാനലില്‍ നടന്ന സ്‌പെഷ്യല്‍ ഡിബേറ്റെന്ന ചര്‍ച്ചയ്ക്കിടെയാണ് ബി.ജെ.പിയുടെ മീഡിയ പാനലിസ്റ്റ് പ്രിന്റു മഹാദേവ് രാഹുല്‍ ഗാന്ധിക്ക് എതിരായ വിവാദ പരാമര്‍ശം നടത്തിയത്.

പ്രിന്റു മഹാദേവ്

‘ബംഗ്ലാദേശിലെ ജനകീയ പ്രക്ഷോഭങ്ങളെ പോലെ അവിടുത്തെ ജനങ്ങള്‍ സര്‍ക്കാരിന്റെ കൂടെയുണ്ടായിരുന്നില്ല. ഇവിടെ ഇന്ത്യ മഹാരാജ്യത്ത് ജനങ്ങള്‍ സര്‍ക്കാരിനൊപ്പമുണ്ട്. അതുകൊണ്ട് പല മോഹങ്ങളുമായി ഇറങ്ങിത്തിരിച്ചാല്‍ രാഹുല്‍ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴും , ഒരു സംശയവും വേണ്ട. ജെന്‍ സി കലാപം കൊണ്ട് ഇന്ത്യയില്‍ ഒരു ചുക്കും സംഭവിക്കില്ല’, എന്നാണ് പ്രിന്റു ചര്‍ച്ചയ്ക്കിടെ പറഞ്ഞത്.

അതേസമയം, പ്രിന്റുവിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും ഉയരുന്നത്. ചാനല്‍ ചര്‍ച്ചയിലുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് റോണി കെ. ബേബി തത്സമയം തന്നെ ഈ വാക്കുകളെ ചോദ്യം ചെയ്തിരുന്നു.

എങ്കിലും തന്റെ വാക്കുകളില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു പ്രിന്റു. സര്‍ക്കാരിനെതിരെ രംഗത്തെത്തിയാല്‍ തിരിച്ചടിയുണ്ടാകുമെന്ന് പ്രിന്റു വീണ്ടും പറഞ്ഞു.

എ.ബി.വി.പി മുന്‍ സംസ്ഥാനധ്യക്ഷനും ബി.ജെ.പി ടീച്ചേഴ്‌സ് സെല്‍ സ്റ്റേറ്റ് കോ. കണ്‍വീനറുമാണ് പ്രിന്റു മഹാദേവ്.

Content Highlight: Is it Yogi’s police? Shafi Parambil criticizes Kerala Police

We use cookies to give you the best possible experience. Learn more