മുംബൈ: മഹാരാഷ്ട്ര കല്യാണ്‍- ഷില്‍ റോഡില്‍ പുതുതായി പണികഴിപ്പിച്ച പലാവയിലെ പാലം ഉദ്ഘാടനം ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ അടച്ചിട്ട് ഉദ്യോഗസ്ഥര്‍. ജൂലൈ നാലിന് സ്ഥലം എം.എല്‍.എ പങ്കെടുത്ത പരിപാടിയില്‍ തുറന്നുകൊടുത്ത പാലമാണ് അടച്ചിടേണ്ടി വന്നത്. ഏകദേശം 40 കോടി രൂപ ചെലവില്‍ നിര്‍മിച്ച പാലം, നിരവധി ചെറിയ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന്, സുരക്ഷാ കാരണങ്ങളാല്‍ ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളില്‍ അടച്ചുപൂട്ടി.
പിന്നീട് റോഡിന് ഗ്രിപ്പ് ലഭിക്കാനായി ചരലുകള്‍ വിതറിയെങ്കിലും അതിന് മുമ്പുള്ള പാലത്തിന്റെ അവസ്ഥ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഗതാഗതക്കുരുക്കിനുള്ള ഒരു പ്രധാന പരിഹാരമായി ഒരിക്കല്‍ ഉയര്‍ത്തിക്കാട്ടപ്പെട്ടിരുന്ന ഈ മേല്‍പ്പാലം പ്രതിപക്ഷത്തില്‍ നിന്നും യാത്രക്കാരില്‍ നിന്നും കടുത്ത വിമര്‍ശനമാണ് ഇപ്പോള്‍ നേരിടുന്നത്.
മഹാരാഷ്ട്രയില്‍ പുതിയൊരു രാഷ്ട്രീയ കൊടുങ്കാറ്റിനാണ് ഈ പാലം ഇപ്പോള്‍ തിരികൊളുത്തിയിരിക്കുന്നത്. മഴയില്‍ ഒലിച്ചുപോയ കുഴികളും ചരലും കാണിക്കുന്ന വീഡിയോ മുന്‍ എം.എന്‍.എസ് എം.എല്‍.എ പ്രമോദ് രത്തന്‍ പാട്ടീല്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ വളരെ പെട്ടെന്ന് വൈറലായി.
നിര്‍മ്മാണത്തിന്റെ ഗുണനിലവാരത്തെ പാട്ടീല്‍ വിമര്‍ശിക്കുകയും നിര്‍മാണം പൂര്‍ത്തിയാകുന്നതിന് മുമ്പ് പാലം തുറക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്യുകയും ചെയ്തു.
ഇതിന് മറുപടിയായി, പാലത്തിലൂടെ വാഹനങ്ങള്‍ സഞ്ചരിക്കുന്നത് കാണിക്കുന്ന വീഡിയോ ഷിന്‍ഡെ വിഭാഗം പുറത്തുവിടുകയും ചെയ്തു. പാലം ഇപ്പോള്‍ നല്ല നിലയിലാണെന്നും പ്രതിപക്ഷം അനാവശ്യമായിട്ടുള്ള കാര്യങ്ങള്‍ ആരോപിക്കുകയാണെന്നും അവകാശപ്പെട്ടു.
എട്ടുവര്‍ഷമായി നിര്‍മാണത്തിലിരിക്കുന്ന പാലമായിരുന്നു ഇതെന്നും ഈ റോഡിലെ സ്ഥിരം യാത്രക്കാര്‍ക്ക് ഇതൊരു ബുദ്ധിമുട്ടായിരുന്നെന്നും പ്രതിപക്ഷം പറയുന്നു. എല്ലാദിവസവും ഗതാഗതപ്രശ്‌നങ്ങള്‍ ഇവിടെ ഉണ്ടാകുമായിരുന്നെന്നും പാലത്തിന്റെ പണി മുഴുവന്‍ പൂര്‍ത്തിയാക്കാതെ സര്‍ക്കാര്‍ തിടുക്കത്തില്‍ ഇത് തുറക്കുകയുമായിരുന്നെന്ന് പ്രതിപക്ഷം ആരോപിച്ചു.
Content Highlight: A Bridge in Maharashtra closed by authorities within hours after its inauguration