| Monday, 4th May 2026, 11:03 pm

അങ്ങനെ വിജയ്‌യുടെ കാര്യത്തില്‍ ഒരു തീരുമാനമായി; തമിഴില്‍ സിംഹാസനം ഒഴിച്ചിട്ട് താരം

അശ്വിന്‍ രാജേന്ദ്രന്‍

സ്വപ്‌നത്തിലെന്ന പോലെയാണ് നടന്‍ വിജയ് യെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. തമിഴ് സിനിമയില്‍ തനിക്ക് വട്ടംവെക്കാനാളില്ലാത്ത സാഹചര്യത്തില്‍ സിനിമാജീവിതം അവസാനിപ്പിച്ചാണ് താരം രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. സമീപകാലത്ത് കോളിവുഡിലെ അതികായന്മാരായ രജിനികാന്തും കമല്‍ ഹാസനും ആഞ്ഞുശ്രമിച്ചിട്ടും ഇളക്കം തട്ടാത്ത തമിഴ് രാഷ്ട്രീയത്തില്‍ വിജയ്ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നായിരുന്നു പലരുടെയും അഭിപ്രായം.

എന്നാല്‍ അത്തരക്കാര്‍ക്ക് തെറ്റ് പറ്റിയെന്ന് തെളിയിച്ചുകൊണ്ടാണ് തമിഴ്‌നാട് തെരഞ്ഞെടുപ്പ് ഫലം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെയടക്കം തറപറ്റിച്ചുകൊണ്ട് 108 സീറ്റുകളിലാണ് വിജയ്‌യും സംഘവും വിജയിച്ചുകയറിയിരിക്കുന്നത്. മത്സരിച്ച രണ്ട് സീറ്റുകളിലും വമ്പന്‍ ഭൂരിപക്ഷമാണ് താരം നേടിയിരിക്കുന്നതും. തമിഴ്‌നാട്ടില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ കുറഞ്ഞ സീറ്റുകള്‍ മാത്രമാണ് വിജയ്ക്കിപ്പോള്‍ ആവശ്യമായിട്ടുള്ളത്. ഇതോടെ തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രി വിജയ് തന്നെ ആയിരിക്കുമെന്നും ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

സൂര്യ. Photo: Gulte

ഇതിന് പിന്നാലെ തമിഴ് സിനിമയില്‍ താരത്തിന്റെ അഭാവം സൃഷ്ടിക്കുന്ന ഒഴിവിലേക്ക് ആരെത്തുമെന്ന ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. വിജയ്ക്ക് ശേഷം തമിഴില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള തല എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന അജിത്കുമാര്‍ റേസിങ്ങിലുള്ള കമ്പം മൂത്ത് സിനിമയില്‍ നിന്നും താത്കാലിക ഇടവേളയെടുത്തിരിക്കുകയാണ്. ഇതോടെ ഈ ഒഴിവിലേക്കുള്ള മത്സരത്തില്‍ ബഹുദൂരം പിന്നാലാണ് അജിത്കുമാറെന്ന് നിസംശയം പറയാം.

നടിപ്പിന്‍ നായകനെന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന സൂര്യ ആണ് പരിഗണിക്കാവുന്ന മറ്റൊരു താരം. എന്നാല്‍ അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ താരം മനോഹരമാക്കാറുണ്ടെങ്കിലും താരത്തിന്റെതായി ഒരു മാസ് മസാല പടം പോലും കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ വിജയിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ആര്‍.ജെ. ബാലാജി സംവിധാനം ചെയ്ത് മെയ് 14ന് തിയേറ്ററുകളിലെത്തുന്ന സൂര്യയുടെ മാസ് ആക്ഷന്‍ ചിത്രം കറുപ്പ്, മമിത ബൈജുവിനൊപ്പമുള്ള വിശ്വനാഥന്‍ ആന്റ് സണ്‍സ്, ജിത്തു മാധവനൊപ്പമുള്ള ചിത്രം തുടങ്ങിയവ താരത്തിന് പഴയ പ്രതാപം തിരിച്ച് നല്‍കുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്.

അല്ലു അര്‍ജുന്‍. Photo: X.com

എന്നാല്‍ അവസരം മുതലാക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നത് തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുനാണ്. പുഷ്പ നല്‍കിയ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ഡത്തിന് മുമ്പ് തന്നെ കേരളത്തിലും തമിഴ്‌നാട്ടിലും വലിയ സ്വാധീനമുണ്ടായിരുന്ന അല്ലുവിന്റെ വരാനിരിക്കുന്ന രണ്ട് ചിത്രങ്ങള്‍ തമിഴ് പ്രേക്ഷകര്‍ക്കും പ്രതീക്ഷയേകുന്നതാണ്. തമിഴിലെ ഹിറ്റ് സംവിധായകരായ അറ്റ്‌ലിക്കും ലോകേഷ് കനകരാജിനുമൊപ്പമാണ് താരം അടുത്ത ചിത്രം ചെയ്യുന്നത് എന്നത് തമിഴ്‌നാട്ടില്‍ താരത്തിന് കൃത്യമായ ആധിപത്യം നല്‍കാന്‍ സഹായകരമാകും.

Content Highlight: A big void space in Tamil cinema after vijay’s election victory

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more