| Thursday, 24th September 2026, 7:41 am

രണ്ടുവര്‍ഷത്തെ നിയമപോരാട്ടം: ഫലസ്തീന്‍ ക്രോണിക്കിളിനെതിരായ കേസ് തള്ളി

ദേവിക ജയചന്ദ്രന്‍

വാഷിങ്ടണ്‍: മാധ്യമസ്ഥാപനമായ ഫലസ്തീന്‍ ക്രോണിക്കിളിനും എഡിറ്റര്‍ റംസി ബരൂദിനുമെതിരെയുള്ള കേസ് രണ്ട് വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ യു.എസ് ഫെഡറല്‍ കോടതി തള്ളി.

2024 ജൂലൈയില്‍ കേസ് ഫയല്‍ ചെയ്ത അല്‍മോഗ് മേര്‍ ജാന്‍, പിന്നീട് കേസില്‍ പങ്കുചേര്‍ന്ന ഷേ്‌ലാമി സിവ്, ആന്ദ്രേ കോസ്ലോവി എന്നിവരെ ഫലസ്തീന്‍ ക്രോണിക്കിള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗസയില്‍ തടങ്കലില്‍ വെച്ചു എന്നതാണ് പരാതി. ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകന്‍ അബ്ദല്ലാ അല്‍ജമാല്‍ ക്രോണിക്കിളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളുമായി ഇവരുടെ തടങ്കലിന് ബന്ധമുണ്ടെന്നായിരുന്നു ആരോപണം.

എന്നാല്‍ ഫലസ്തീന്‍ ക്രോണിക്കിള്‍ ആരോപണങ്ങള്‍ നിഷേധിച്ചു. ജൂലൈയില്‍ പരാതിക്കാര്‍ കേസ് പിന്‍വലിക്കാനുള്ള നടപടികള്‍ തുടങ്ങിയിരുന്നു. കഴിഞ്ഞയാഴ്ച യു.എസ് ഡിസ്ട്രിക്ട് ജഡ്ജി ടിഫനി കാര്‍ട്ട്‌റൈറ്റ് ഇതിന് അനുമതി നല്‍കി.

രണ്ട് വര്‍ഷം നീണ്ട വ്യവഹാരത്തിനുശേഷം കോടതി കേസ് അവസാനിപ്പിച്ചു. ഇത് ഫലസ്തീന്‍ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമത്തിനെതിരായ വന്‍ വിജയം എന്ന് ഫലസ്തീന്‍ ക്രോണിക്കിള്‍ പ്രസ്താവിച്ചു. സ്വതന്ത്ര ഫലസ്തീന്‍ പത്രപ്രവര്‍ത്തനത്തെ പിന്തുണക്കുകയും അതിനൊപ്പം നില്‍ക്കുകയും ചെയ്തവര്‍ക്ക് അവര്‍ വിജയം സമര്‍പ്പിച്ചു.

കേസ് ആദ്യമേ തന്നെ തള്ളേണ്ടതായിരുന്നു എന്ന് എഡിറ്റര്‍ റംസി ബറൂദ് പറഞ്ഞു.
‘ഞങ്ങളുടെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടായെന്നതിന് തെളിവുകള്‍ ഒന്നുമില്ലാതിരുന്നിട്ടും, ആരോപണങ്ങളില്‍ കഴമ്പില്ലാതിരുന്നിട്ടും ആദ്യം തള്ളിക്കളഞ്ഞ കേസ് വീണ്ടും ഫയല്‍ ചെയ്തു’, ബറൂദ് പറഞ്ഞു.

ഗസയില്‍ 2024 ജൂണില്‍ നടന്ന് ഇസ്രഈലി കുട്ടക്കൊലയെത്തുടര്‍ന്ന് ബന്ദികളെ മോചിപ്പിക്കാന്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ നൂറുകണക്കിനുഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു.

കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ട ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകനായ അബ്ദല്ല അല്‍ജമാല്‍ ഫലസ്തീന്‍ ക്രോണിക്കിളിനുവേണ്ടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേസ് ഫയല്‍ ചെയ്ത മൂന്ന് പേര്‍ അല്‍ജമാലിന്റെ വീട്ടില്‍ ബന്ദികളായിരുന്നു എന്ന് ഇസ്രഈലി അധികൃതര്‍ ആരോപിച്ചിരുന്നു.

ഇവര്‍ പിന്നീട് മാധ്യമസ്ഥാപനത്തിനെതിരെ കേസ് ഫയല്‍ ചെയ്തു. അവരുടെ തടവിന് സഹായം നല്‍കി എന്നതായിരുന്നും ആരോപണം.

ഒരുപാട് പേര്‍ തങ്ങളോടൊപ്പം നിന്നുവെന്നും കേസ് കൂടുതല്‍ ശക്തരാക്കുകയും ചെയ്തുവെന്ന് റംസി ബറൂദ് പറഞ്ഞു. പത്രപ്രവര്‍ത്തനത്തിന് മൂര്‍ച്ചകൂട്ടുകയും ഫലസ്തീന്‍ കഥകള്‍ പറയുന്നതില്‍ മുമ്പത്തെക്കാളും കൂടുതല്‍ പ്രതിബദ്ധരാക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: ‘A big victory’ – Palestine Chronicle wins two-year legal battle

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more