| Friday, 24th January 2025, 3:23 pm

കരിയര്‍ അവസാനമായി ഇനി അത് ചെയ്ത് കാണിക്ക് വിരാടേ; പിന്തുണയുമായി ഡിവില്ലിയേഴ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഐ.പി.എല്ലില്‍ ക്രിക്കറ്റ് ആരാധകര്‍ പ്രതീക്ഷയര്‍പ്പിച്ച ഫ്രാഞ്ചൈസിയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. എല്ലാ സീസണിലും മികച്ച സ്‌ക്വാഡ് സ്വന്തമാക്കിയ ടീന് ഇതുവരെ ടൂര്‍ണമെന്റില്‍ കിരീടം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ സീസണില്‍ ഫാഫ് ഡുപ്ലെസിയെ ക്യാപ്റ്റനാക്കി കളിത്തിലിറങ്ങിയപ്പോഴും അവസാന ഘട്ടത്തില്‍ ബെംഗളൂരു പരാജയപ്പെടുകയായിരുന്നു.

നിലവില്‍ 2025ലെ ബെംഗളൂരു ക്യാപ്റ്റനെ ആര് നയിക്കും എന്നതാണ് മറ്റൊരു ചോദ്യം. ഇതിന് ഉത്തരം നല്‍കുകയാണ് മുന്‍ ബെംഗളൂരു താരം എ.ബി. ഡിവില്ലിയേഴ്‌സ്. ക്യാപ്റ്റനാകാന്‍ ഏറ്റവും അനുയോജ്യം വിരാട് കോഹ്‌ലി തന്നെയാണെന്നാണ് ഡിവില്ലിയേഴ്‌സ് പറഞ്ഞത്. മാത്രമല്ല തന്റെ കരിയറിന്റെ അവസാന ഘട്ടത്തോട് എത്തിനില്‍ക്കുന്ന വിരാടിന് കിരീടം സ്വന്തമാക്കാന്‍ ക്യാപ്റ്റന്‍സി പ്രചോദനമാണെന്നും മുന്‍ സൗത്ത് ആഫ്രിക്കന്‍ താരം പറഞ്ഞു.

‘ആര്‍.സി.ബിയുടെ ക്യാപ്റ്റന്‍സിയില്‍ വിരാട് കോഹ്‌ലി മാത്രമാണ് മുന്നിലുള്ളത്. അവന്‍ തന്റെ കരിയറിന്റെ അവസാനത്തോട് അടുക്കുകയാണ്, ഇത് അവന് വലിയ പ്രചോദനമാകും. മുമ്പ് വിരാട് മാച്ച് വിന്നിങ് ഇന്നിങ്സ് കളിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്,’ ഡിവില്ലിയേഴ്‌സ് യൂട്യൂബ് ചാനലില്‍ പറഞ്ഞു.

2008ലെ ഐ.പി.എല്‍ ഉദ്ഘാടന സീസണ്‍ മുതല്‍ ബെംഗളൂരുവിനൊപ്പമുള്ള താരമാണ് വിരാട്. പിന്നീട് 2013ല്‍ ബെംഗളൂരിന്റെ ക്യാപ്റ്റനായി തെരഞ്ഞടുത്ത വിരാട് 2009ലും 2011ലും 2016ലും ടീമിനെ ഫൈനലില്‍ എത്തിച്ചിരുന്നു. എന്നാല്‍ 2022 സീസണിന് മുമ്പ് ജോലി ഭാരം കുറയ്ക്കുന്നതിന് വേണ്ടി ക്യാപ്റ്റന്‍ സ്ഥാനം വിരാട് ഉപേക്ഷിച്ചിരുന്നു.

ഒമ്പത് സീസണില്‍ ബെംഗളൂരു ഐ.പി.എല്‍ പ്ലേ ഓഫില്‍ എത്തിയിട്ടുണ്ട്. ഡിവില്ലിയേഴ്സ് ക്രിസ് ഗെയില്‍ തുടങ്ങിയ ഭീമന്‍മാര്‍ ഉണ്ടായിരുന്നിട്ടും ടീമിന് കിരീടം നേടാന്‍ സാധിക്കാതെ വരികയായിരുന്നു. കഴിഞ്ഞ ഐ.പി.എല്ലില്‍ തുടക്കത്തില്‍ മോശം പ്രകടനം കാഴ്ചവെച്ച ആര്‍.സി.ബി 14 മത്സരങ്ങളില്‍ നിന്ന് ഏഴ് വിജയവും ഏഴ് തോല്‍വിയും അടക്കം പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തിരുന്നു.

ക്യാപ്റ്റന്‍ എന്ന നിലയില്‍ 143 മത്സരങ്ങളിലാണ് ആര്‍.സി.ബിയെ വിരാട് നയിച്ചത്. അതില്‍ 60 വിജയവും 70 പരാജയവുമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. പുതിയ സീസണില്‍ രണ്ടും കല്‍പ്പിച്ച് വിരാട് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന വലിയ പ്രതീക്ഷ തന്നെയാണ് ആര്‍.സി.ബി ഫാമിലിക്കുള്ളത്.

ഐ.പി.എല്ലില്‍ ആകെ 252 മത്സരങ്ങളില്‍ നിന്ന് 8004 റണ്‍സാണ് താരം നേടിയെടുത്തത്. 113 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറു 38.67 എന്ന ആവറേജും താരത്തിനുണ്ട്. 131.97 ആണ് ഐ.പി.എല്ലില്‍ താരത്തിനുള്ള സ്ട്രൈക്ക് റേറ്റ്. എട്ട് സെഞ്ച്വറിയും 55 അര്‍ധ സെഞ്ച്വറിയുമടക്കമാണ് വിരാടിന്റെ ഐ.പി.എല്‍ റണ്‍വേട്ട.

Content Highlight: A.B.D villiyers Talking About Virat Kohli

We use cookies to give you the best possible experience. Learn more