| Monday, 3rd March 2025, 5:17 pm

ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ അവര്‍ തമ്മില്‍; വമ്പന്‍ പ്രസ്താവനയുമായി ഡിവില്ലിയേഴ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയിലേക്ക് കടന്നിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ 44 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 249 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവീസ് 205 റണ്‍സിന് പുറത്താകുകയായിരുന്നു.

മാര്‍ച്ച് നാലിന് നടക്കുന്ന ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയും ഓസ്‌ട്രേലിയയുമാണ് ഏറ്റുമുട്ടുന്നത്. ദുബായി ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന നോക് ഔട്ട് മത്സരത്തില്‍ വലിയ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ മാര്‍ച്ച് അഞ്ചിന് ന്യൂസിലാന്‍ഡും സൗത്ത് ആഫ്രിക്കയുമാണ് ഏറ്റുമുട്ടാനിരിക്കുന്നത്. മാര്‍ച്ച് ഒമ്പതിനാണ് ഫൈനല്‍ മത്സരം. ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഏതെല്ലാം ടീമാണ് ഫൈനലില്‍ പ്രവേശിക്കുക എന്ന് പറയുകയാണ് സൗത്ത് ആഫ്രിക്കന്‍ ഇതിഹാസ താരം എ.ബി. ഡിവില്ലിയേഴ്‌സ്.

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലാണ് ഏറ്റുമുട്ടുക എന്നാണ് ഡിവില്ലിയേഴ്‌സ് പറഞ്ഞത്. 2024 ടി-20 ലോകകപ്പ് ഫൈനലില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ കിരീടം നേടിയിരുന്നു. അതുപോലൊരു ഫൈനല്‍ മത്സരം വീണ്ടും സംഭവിക്കുമെന്നാണ് എ.ബി.ഡി പറഞ്ഞത്.

‘പറയാന്‍ ബുദ്ധിമുട്ടാണ്, പക്ഷേ എന്റെ മനസ് പറയുന്നത് ടി-20 ലോകകപ്പില്‍ ഏറ്റുമുട്ടിയത് പോലെ ഇന്ത്യ സൗത്ത് ആഫ്രിക്ക പോലൊരു ഫൈനല്‍ സംഭവിക്കും. അത് വീണ്ടും സംഭവിക്കുന്നത് നമുക്ക് കാണാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു. ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ ഇന്ത്യ നേരിടും.

ഇംഗ്ലണ്ടിനെതിരായ വിജയം സൗത്ത് ആഫ്രിക്കയ്ക്കും വളരെയധികം ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. ഇന്ത്യയെയും സൗത്ത് ആഫ്രിക്കയെയും ഫൈനലില്‍ കാണുമെന്ന് ഞാന്‍ പറയുമ്പോള്‍ പോലും മറ്റുള്ള രണ്ട് ടീമുകളെ ഞാന്‍ വിലകുറച്ച് കാണുന്നില്ല. അവരും മികച്ചവരുടെ ഒരു സംഘമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാളെ (മാര്‍ച്ച് നാലിന്) നടക്കുന്ന മത്സരത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കുമെന്ന് തന്നെയാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

Content Highlight: A.B Dvilliers Talking About 2025 Champions Trophy Finalists

Latest Stories

We use cookies to give you the best possible experience. Learn more