| Thursday, 9th July 2026, 5:05 pm

കഴിവ് തെളിയിക്കാന്‍ അവന് അവസരം ലഭിക്കണം: ഡിവില്ലിയേഴ്‌സ്

സുദേവ് എ

പുതിയ ടി-20 നായകന്‍ ശ്രേയസ് അയ്യരുടെ കീഴില്‍ ഇന്ത്യ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ക്യാപ്റ്റന്‍സിയേറ്റെടുത്തതിന് ശേഷം ഒരു മത്സരത്തില്‍ പോലും ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ അയ്യര്‍ക്ക് സാധിച്ചിരുന്നില്ല.

ഇപ്പോള്‍ അയ്യരുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം എ.ബി ഡിവില്ലിയേഴ്‌സ്. ക്യാപ്റ്റന്‍സി കഴിവ് തെളിയിക്കാന്‍ അയ്യര്‍ക്ക് സമയം നല്‍കണമെന്നാണ് ഡിവില്ലിയേഴ്‌സ് പറഞ്ഞത്. രണ്ടോ മൂന്നോ മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ ക്യാപ്റ്റന്‍സി വിലയിരുത്തുന്നത് ശരിയല്ലെന്നും സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം വ്യക്തമാക്കി. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു ഡിവില്ലിയേഴ്‌സ്.

‘ശ്രേയസ് അയ്യര്‍ക്ക് കുറച്ച് സമയം കൊടുക്കണം. തന്റെ കഴിവ് തെളിയിക്കാനായി അദ്ദേഹത്തിന് അവസരം ലഭിക്കണം. ഐ.പി.എല്ലില്‍ ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം ശാന്തനായി ടീമിനെ നയിച്ചിട്ടുണ്ട്. വെറും രണ്ടോ മൂന്നോ മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ വിലയിരുത്തുന്നത് ശരിയല്ല,’ എ.ബി ഡിവില്ലിയേഴ്‌സ് പറഞ്ഞു.

പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴിലിറങ്ങിയ ആദ്യ പരമ്പര തന്നെ ഇന്ത്യ പരാജയപ്പെടുകയായിരുന്നു. അയര്‍ലാന്‍ഡിനെതിരെയുള്ള ടി-20 പരമ്പരയാണ് അയ്യരുടെ കീഴില്‍ ഇന്ത്യ പരാജയപ്പെടുന്നത്. ചരിത്രത്തിലാദ്യമായാണ് അയര്‍ലാന്‍ഡിനെതിരെ ഇന്ത്യ ഒരു പരമ്പരയില്‍ അടിയറവ് പറഞ്ഞത്.

ശ്രേയസ് അയ്യര്‍. Photo: Cricket Central/x.com

സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയില്‍ ഒരു പരമ്പരയും പരാജയപ്പെടാതെ മുന്നേറിയ ഇന്ത്യ പുതിയ ക്യാപ്റ്റന്റെ കീഴില്‍ പരാജയപ്പെടുകയായിരുന്നു. ഇതിന് ശേഷം നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയിലും മോശം പ്രകടനമാണ് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്.

ഇന്ത്യയ്ക്കെതിരായ മൂന്നാം മത്സരത്തില്‍ കൂറ്റന്‍ വിജയമാണ് ഇംഗ്ലണ്ട് നേടിയത്. ട്രെന്റ് ബ്രിഡ്ജ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 125 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് സ്വന്തമാക്കിയത്.

ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയായിരുന്നു ഇത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ടി-20 ഫോര്‍മാറ്റില്‍ തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളില്‍ വിജയിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുന്നത്.

അതേസമയം ഐ.പി.എല്ലിലെ ക്യാപ്റ്റന്‍സി മികവിന് പിന്നാലെയാണ് ശ്രേയസ് ഇന്ത്യയുടെ പുതിയ നായകനായി ചുമതലയേറ്റത്. പഞ്ചാബ് കിങ്സിനൊപ്പം മികച്ച പ്രകടനമായിരുന്നു അയ്യര്‍ നടത്തിയത്. ക്യാപ്റ്റനായ ആദ്യ സീസണില്‍ തന്നെ ടീമിനെ ഫൈനലിലേക്ക് നയിക്കാന്‍ അയ്യര്‍ക്ക് സാധിച്ചിരുന്നു.

പഞ്ചാബിന് പുറമെ നീണ്ട 10 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് മൂന്നാം ഐ.പി.എല്‍ കിരീടം നേടിക്കൊടുക്കാന്‍ അയ്യര്‍ക്ക് സാധിച്ചിരുന്നു. 2024ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തിയാണ് അയ്യരിന്റെ കീഴില്‍ കൊല്‍ക്കത്ത ചാമ്പ്യന്മാരായത്.

ദല്‍ഹി ക്യാപിറ്റല്‍സിനെ ചരിത്രത്തിലെ ആദ്യ ഫൈനലിലേക്ക് കൈപിടിച്ചുയര്‍ത്താനും അയ്യര്‍ക്ക് സാധിച്ചിരുന്നു. ഇതോടെ ഐ.പി.എല്ലില്‍ മൂന്ന് വ്യത്യസ്ത ഫ്രാഞ്ചൈസിയെ ഫൈനലിലെത്തിക്കുന്ന ആദ്യ ക്യാപ്റ്റനായും അയ്യര്‍ മാറിയിരുന്നു.

Content Highlight: A.B devilliers talks about Shreyas Iyer captaincy

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more