ചാമ്പ്യന്‍സ് ട്രോഫിയുടെ ചൂട് മാറിയതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത് ഐ.പി.എല്ലിന്റെ പുതിയ പതിപ്പിനാണ്. മാര്‍ച്ച് 22ന് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമാണ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.
ഇതോടെ പല താരങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്. ബെംഗളൂരുവിന്റെ മിന്നും താരം വിരാട് കോഹ്‌ലിയെക്കുറിച്ചും പല ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. 2008 മുതല്‍ ബെംഗളൂരുവിന്റെ കൂടെ ഉള്ള താരമാണ് വിരാട് എന്നാല്‍ ഇതുവരെ ടീമിന് വേണ്ടി ഒരു ഐ.പി.എല്‍ കിരീടം സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചിട്ടില്ല.
മാത്രമല്ല താരത്തിന്റെ മന്ദഗതിയിലുള്ള റണ്‍സ് സ്‌കോറിങ്ങിനേയും സ്‌ട്രൈക്ക് റേറ്റിനേയും വിമര്‍ശിക്കുന്നവരുണ്ട്. ഇപ്പോള്‍ വിരാടിന് പിന്തുണ നല്‍കി സംസാരിക്കുകയാണ് മുന്‍ ആര്‍.സി.ബി താരം എ.ബി ഡിവില്ലിയേഴ്‌സ്.
‘കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിരാട് നന്നായി ബാറ്റ് ചെയ്യുമ്പോഴും അദ്ദേഹത്തിന് അനാവശ്യമായി വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരുന്നു. പുറത്തെ ശബ്ദങ്ങള്‍ വിരാട് കോഹ്‌ലിയെ സ്വാധീനിക്കുന്നുവെന്നതില്‍ സംശയമില്ല. എന്റെ കരിയറിലും സമാനമായ ഒരു പ്രശ്നം എനിക്കും അഭിമുഖീകരിക്കേണ്ടി വന്നിരുന്നു, പക്ഷേ അത് എന്റെ പ്രകടനത്തെ ബാധിച്ചില്ല. നമ്മള്‍ മനുഷ്യരാണ്. ഇങ്ങനെ ഉള്ള അഭിപ്രായങ്ങള്‍ നമ്മളെ ബാധിക്കും.
വിരാട് കോഹ്‌ലി ഒരു മികച്ച കളിക്കാരനാണ്, അതുപോലെ തന്നെ ഒരു മനുഷ്യനുമാണ്, ചോദ്യങ്ങള്‍ തീര്‍ച്ചയായും അദ്ദേഹത്തിന്റെ മനസില്‍ തങ്ങിനില്‍ക്കും. ടീമിനെ വിജയത്തിലേക്ക് നയിക്കാനും നിര്‍ണായകഘട്ടങ്ങളില്‍ മുന്നേറാനും കഴിയും എന്നതാണ് വിരാടിന്റെ ഏറ്റവും മികച്ച കാര്യം. ചാമ്പ്യന്‍സ് ട്രോഫിയില്‍ അദ്ദേഹം അത് ചെയ്തിരുന്നു,’ എ.ബി ഡിവില്ലിയേഴ്‌സ് സ്റ്റാര്‍ സ്പോര്‍ട്‌സില്‍ പറഞ്ഞു.
ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും മിന്നും പ്രകടനമാണ് താരം ബെംഗളൂരുവിന് വേണ്ടി കാഴ്ചവെച്ചത്. 2011 മുതല്‍ 2023വരെയാണ് വിരാട് ബെംഗളൂരുവിന്റെ നായകനായത്. എന്നിരുന്നാലുംവമ്പന്‍ താരങ്ങളുണ്ടായിട്ടും ഐ.പി.എല്ലില്‍ കിരീടനേട്ടത്തിനടുത്തെത്താനെ ആര്‍.സി.ബിക്ക് കഴിഞ്ഞുള്ളൂ.
252 മത്സരങ്ങളില്‍ നിന്ന് 8004 റണ്‍സാണ് ഐ.പി.എല്ലില്‍ നിന്ന് നേടിയത്. എട്ട് സെഞ്ച്വറിയും 55 അര്‍ധ സെഞ്ച്വറിയും വിരാട് ബെംഗളൂരുവിന് വേണ്ടി നേടിയിട്ടുണ്ട്. ഇത്തവണ തങ്ങളുടെ കന്നി കിരീടം ലക്ഷ്യംവെച്ചാണ് ആര്‍.സി.ബി കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ കരുത്തരായ കൊല്‍ക്കത്തയെ പരാജയപ്പെടുത്തി മുന്നേറാന്‍ ടീമിന് സാധിക്കുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.
Content Highlight: A.B. Devilliers Talking About Virat Kohli