| Thursday, 23rd July 2026, 11:20 am

രോഹിത് ദീര്‍ഘകാലം സ്ഥിരത പുലര്‍ത്തിയ താരമായിരുന്നില്ല; തുറന്ന് പറഞ്ഞ് ഡി വില്ലിയേഴ്‌സ്

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയെയും വിരാട് കോഹ്‌ലിയെയും കുറിച്ച് സംസാരിച്ച് മുന്‍ സൗത്ത് ആഫ്രിക്കന്‍ താരം എ.ബി ഡി വില്ലിയേഴ്‌സ്. രോഹിത് ദീര്‍ഘകാലം സ്ഥിരത പുലര്‍ത്തിയ താരമായിരുന്നില്ലെന്നും എന്നാല്‍ വലിയ മത്സരങ്ങള്‍ ഉണ്ടാകുമ്പോള്‍ ടീമിനൊപ്പം നിര്‍ബന്ധമായി ഉണ്ടാകേണ്ട താരമാണ് അദ്ദേഹമെന്നും ഡി വില്ലിയേഴ്‌സ് പറഞ്ഞു.

‘രോഹിത് ഒരിക്കലും ദീര്‍ഘകാലം ഒരേ നിലവാരത്തില്‍ സ്ഥിരത പുലര്‍ത്തിയ താരമായിരുന്നില്ല. അദ്ദേഹത്തിന്റെ പ്രകടനത്തില്‍ ഉയര്‍ച്ചതാഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ വലിയ മത്സരങ്ങള്‍ വരുമ്പോള്‍, ടീമില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട താരമാണ് രോഹിത്.

അദ്ദേഹത്തെ ഞാന്‍ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യും. ഏറ്റവും പ്രധാനമായി, അദ്ദേഹം എല്ലായ്‌പ്പോഴും മത്സരസജ്ജനായി തുടരുന്നുവെന്ന് ഉറപ്പാക്കും. അതിനുശേഷം ലോകകപ്പിനായി അദ്ദേഹത്തെ പൂര്‍ണമായി തയ്യാറാക്കും,’ ഡിവില്ലിയേഴ്‌സ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

മാത്രമല്ല രോഹിത്തിനും വിരാടിനുമുള്ള നേട്ടങ്ങള്‍ അവരുടെ പ്രകടനങ്ങളുടെ തെളിവാണെന്നും ഇന്ത്യയെ 2023ലെ ലോകകപ്പ് ഫൈനലില്‍ എത്തിച്ചത് ഇരുവരുടെയും മികവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല അവര്‍ ടീമിന് നല്‍കുന്ന അനുഭവസമ്പത്ത് ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി വാങ്ങാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘രോഹിത്തിനെയും വിരാടിനെയും സംബന്ധിച്ചിടത്തോളം അവരുടെ നേട്ടങ്ങളാണ് എല്ലാത്തിനും തെളിവ്. ഐ.സി.സി കിരീടങ്ങള്‍ നേടുകയും ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് ഫൈനല്‍ വരെ ടീമിനെ എത്തിക്കാനും അവര്‍ക്ക് സാധിച്ചു. അതുകൊണ്ടുതന്നെ ആത്മവിശ്വാസത്തോടെ അവരെ വിശ്വസിക്കാന്‍ നിരവധി കാരണങ്ങളുണ്ട്.രോഹിത് ശര്‍മ, വിരാട് കോഹ്‌ലി

വലിയ ടൂര്‍ണമെന്റുകളില്‍ അത്തരം അനുഭവസമ്പത്ത് അനിവാര്യമാണ്. അവര്‍ ടീമിന് നല്‍കുന്ന അനുഭവസമ്പത്ത് ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി വാങ്ങാന്‍ കഴിയുന്ന ഒന്നല്ല. സമ്മര്‍ദഘട്ടങ്ങളില്‍ ആ അനുഭവമാണ് എല്ലാം മാറ്റിമറിക്കുന്നത്. ലോകകപ്പുകളിലും വലിയ ടൂര്‍ണമെന്റുകളിലും കളിക്കുമ്പോഴുള്ള സമ്മര്‍ദം തികച്ചും വ്യത്യസ്തമാണ്,’ ഡി വില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇംഗ്ലണ്ടിനെതിരെ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പര 2-1 എന്ന നിലയിലായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്. സീരീസ് ഡിസൈഡറില്‍ മത്സരത്തില്‍ 27 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ വിജയം. സീരീസ് ഡിസൈഡറില്‍ രോഹിത് ശര്‍മ സെഞ്ച്വറി നേടി തിളങ്ങിയപ്പോള്‍ വിരാട് അര്‍ധ സെഞ്ച്വറിയും നേടിയിരുന്നു.

Content Highlight: A.B de Villiers Talking About Rohit Sharma And Virat Kohli

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more