ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച ശേഷം ഇന്ത്യന്‍ സൂപ്പര്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍ ഐ.പി.എല്ലില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇനി മറ്റ് ടി-20 ലീഗുകളില്‍ കളിക്കാനാണ് താന്‍ തയ്യാറെടുക്കുന്നതെന്ന് അശ്വിന്‍ സൂചിപ്പിച്ചിരുന്നു.
ഇന്ത്യ കണ്ട ഏറ്റവും മികച്ച ബൗളറായ അശ്വിനെ പ്രശംസിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ മുന്‍ സൗത്ത് ആഫ്രിക്കന്‍ ബാറ്റര്‍ എ.ബി. ഡിവില്ലിയേഴ്‌സ്. അശ്വിന്‍ അവിശ്വസനീയമായ പ്രതിഭയാണെന്നും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഐക്കണാണെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു. മാത്രമല്ല ഐ.പി.എല്ലില്‍ മറ്റ് ടീമുകളെ താരം പ്രതിനിധീകരിച്ചിരുന്നെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സിലായിരുന്നു അശ്വിനെ കാണാന്‍ ഇഷ്ടമെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.
‘അവിശ്വസനീയമായ പ്രതിഭ, ഒരു യഥാര്‍ത്ഥ ഭീമന്‍, ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഐക്കണ്‍. ടീം ഇന്ത്യയ്ക്കും സി.എസ്.കെയ്ക്കും വേണ്ടി അദ്ദേഹം എണ്ണമറ്റ വിജയങ്ങള്‍ നല്‍കി. മറ്റ് ടീമുകളെ പ്രതിനിധീകരിച്ചിരുന്നെങ്കിലും, അത് ഒരിക്കലും ശരിയായ കോമ്പിനേഷനാണെന്ന് തോന്നിയില്ല.
വ്യക്തിപരമായി, അദ്ദേഹം എപ്പോഴും സി.എസ്.കെയില്‍ തന്നെ തുടരേണ്ടതായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. തീര്‍ച്ചയായും, ആ തീരുമാനങ്ങള്‍ അദ്ദേഹത്തിന്റെ കൈകളിലായിരുന്നില്ല! കാരണം നിലനിര്‍ത്തലുകളും തെരഞ്ഞെടുപ്പുകളും പല ഘടകങ്ങളെയും ഉള്‍ക്കൊള്ളുന്നു. പക്ഷേ എനിക്ക്, ആ മഞ്ഞ ജേഴ്സിയിലാണ് അദ്ദേഹത്തെ ഓര്‍മിക്കാനിഷ്ടം,’ ഡിവില്ലിയേഴ്‌സ് പറഞ്ഞു.
ഐ.പി.എല്ലില്‍ 221 മത്സരങ്ങളില്‍ നിന്ന് നാല് മെയ്ഡന്‍ ഓവറുകള്‍ ഉള്‍പ്പെടെ 187 വിക്കറ്റുകളാണ് അശ്വിന്‍ നേടിയത്. 4/34 എന്ന മികച്ച ബൗളിങ് പ്രകടനവും ഐ.പി.എല്ലില്‍ താരത്തിനുണ്ട്.
2025ലെ ഐ.പി.എല്ലില്‍ അശ്വിന്‍ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നായ ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പമായിരുന്നു. മറ്റ് ടീമുകളിലേക്ക് ചേക്കേറിയ ബൗളറെ കഴിഞ്ഞ സീസണില്‍ 9.75 കോടിക്ക് താരലേലത്തിലൂടെ സി.എസ്.കെ വീണ്ടും ടീമിലെത്തിക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിക്കപ്പെട്ട പ്രകടനം താരത്തിന് കാഴ്ച വെക്കാനായില്ല.
ഐ.പി.എല്ലില്‍ അഞ്ച് ടീമുകളില്‍ അശ്വിന് കളിച്ചിട്ടുണ്ട്. 2009ല്‍ സൂപ്പര്‍ കിങ്സിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. 2015 വരെ അവിടെ കളിച്ച താരം സി.എസ്.കെ വിലക്ക് നേരിട്ട വര്‍ഷം മാത്രമാണ് മറ്റൊരു ടീമിലേക്ക് ചേക്കേറിയത്. 2016ല്‍ അശ്വിന്‍ റൈസിങ് പൂനെ വാരിയയേഴ്സിനൊപ്പമായിരുന്നു.
പിന്നീടുള്ള രണ്ട് സീസണുകളില്‍ പഞ്ചാബ് കിങ്സിനായി അശ്വിന് കളത്തിലിറങ്ങി. 2020-21 സീസണില്‍ ദല്‍ഹി ക്യാപ്റ്റല്‍സില്‍ എത്തിയ താരം രണ്ട് സീസണ്‍ ടീമിനൊപ്പം കളിച്ചു. തൊട്ടടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളത്തിലിറങ്ങി. 2024ലെ മെഗാ താര ലേലത്തില്‍ ആര്‍.ആര്‍ റിലീസ് ചെയ്തതോടെ അശ്വിന്‍ വീണ്ടും ചെന്നൈയിലേക്കെത്തുകയായിരുന്നു.
Content Highlight: A.B De Villiers Talking About R. Ashwin