| Monday, 23rd November 2026, 9:05 am

അടുത്ത മത്സരത്തില്‍ അവനെ പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തിക്കണം; ഇന്ത്യയെ വിമര്‍ശിച്ച് എ.ബി. ഡി വില്ലിയേഴ്‌സ്

ശ്രീരാഗ് പാറക്കല്‍

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തിലെ പ്ലെയിങ് ഇലവനില്‍ നിന്ന് ഇന്ത്യ സൂപ്പര്‍ പേസര്‍ മുഹമ്മദ് സിറാജിനെ ഒഴിവാക്കിയതില്‍ വിമര്‍ശനവുമായി പ്രോട്ടിയാസ് ഇതിഹാസം എ.ബി. ഡി വില്ലിയേഴ്‌സ്. സമീപ കാലത്ത് മികച്ച പ്രകടനം നടത്താന്‍ സാധിച്ചിട്ടില്ലെങ്കിലും ഇന്ത്യന്‍ ടീമില്‍ സിറാജ് വഹിക്കുന്ന പങ്ക് വിലമതിക്കാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.

ബുംറയടക്കമുള്ള താരങ്ങള്‍ക്ക് സ്വതന്ത്രമായി പന്തെറിയാന്‍ സാഹചര്യമൊരുക്കുന്ന സിറാജ് മോര്‍ണി മോര്‍ക്കലിനെ ഓര്‍മിപ്പിക്കുന്ന ബൗളറാണെന്നും ഡി വില്ലിയേഴ്‌സ് ചൂണ്ടിക്കാട്ടി. മാത്രമല്ല അടുത്ത മത്സരത്തില്‍ സിറാജിനെ പ്ലേയിങ് ഇലവനില്‍ തിരിച്ചെത്തിക്കണമെന്ന് ഡി വില്ലിയേഴ്‌സ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

‘സമീപകാലത്തെ കണക്കുകള്‍ അത്ര മികച്ചതല്ല. ഒരുപക്ഷേ അവന്‍ മോശം ഫോമിലുമായിരിക്കാം. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ അവന്‍ നിര്‍വഹിക്കുന്ന പങ്ക് വിലമതിക്കാനാവാത്തതാണ്. അതുകൊണ്ടുതന്നെ സെലക്ടര്‍മാരായാലും പരിശീലകനായാലും ഈ തീരുമാനമെടുത്തവര്‍ ടീമില്‍ അവന്‍ വഹിക്കുന്ന പങ്ക് മറന്നുപോയിരിക്കുകയാണ്.

ഒരു കഠിനാധ്വാനിയായ താരമെന്ന നിലയില്‍ ബുംറയ്ക്കും മറ്റ് പേസര്‍മാര്‍ക്കും സ്വതന്ത്രമായി പന്തെറിയാനുള്ള സാഹചര്യം അവന്‍ ഒരുക്കുന്നു.

മുഹമ്മദ് സിറാജ്

അഞ്ച് വിക്കറ്റ് നേട്ടങ്ങള്‍ എല്ലായ്പ്പോഴും സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും സൗത്ത് ആഫ്രിക്കന്‍ താരം മോര്‍ണി മോര്‍ക്കലിനെ ഓര്‍മിപ്പിക്കുന്ന ബൗളറാണ് മുഹമ്മദ് സിറാജിന്റേത്. വാലറ്റക്കാരെ പുറത്താക്കാന്‍ ഡെയില്‍ സ്റ്റെയ്നിനായിരുന്നു പലപ്പോഴും പന്ത് കൈമാറിയിരുന്നത്. എന്നാല്‍ നിര്‍ണായകമായ കൂട്ടുകെട്ടുകള്‍ പൊളിക്കുകയും പ്രധാന വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്യുന്ന കഠിനമായ ദൗത്യം മോര്‍ണി മോര്‍ക്കല്‍ ഏറ്റെടുത്തിരുന്നു. സമാനമായ രീതിയിലാണ് സിറാജും പന്തെറിയുന്നത്.

ടീമിന് വ്യത്യസ്തമായ മൂല്യം നല്‍കുന്ന താരമാണ് സിറാജ്. എന്നാല്‍ ടീം മാനേജ്മെന്റ് അത് അവഗണിച്ചിരിക്കുകയാണ്. അടുത്ത മത്സരത്തില്‍ സിറാജിനെ പ്ലേയിങ് ഇലവനില്‍ തിരിച്ചെത്തിക്കണം,’ ഡി വില്ലിയേഴ്‌സ് പറഞ്ഞു.

അതേസമയം മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ 368 റണ്‍സിന് ഓള്‍ഔട്ടായ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 720 റണ്‍സ് അടിച്ചെടുത്തിരുന്നു. നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ കിവീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സാണ് നേടിയത് (102 ഓവര്‍).

Content Highlight: A.B. de Villiers Talking About Mohammed Siraj

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more