| Tuesday, 17th March 2026, 7:28 pm

ധോണി വഹിക്കേണ്ട റോളല്ല അത്; അഭിപ്രായവുമായി ഡി വില്ലിയേഴ്‌സ്

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഐക്കോണിക് താരം എം.എസ്. ധോണി അഞ്ചാം സ്ഥാനത്തോ ആറാം സ്ഥാനത്തോ ബാറ്റ് ചെയ്യണമെന്ന് മുന്‍ പ്രോട്ടിയാസ് താരം എ.ബി. ഡി വില്ലിയേഴ്‌സ്. ധോണി എട്ടാം സ്ഥാനത്തോ ഒമ്പതാം സ്ഥാനത്തോ ബാറ്റ് ചെയ്താല്‍ ടീമിന് വേണ്ടത്ര സംഭാവന നല്‍കാന്‍ സാധിക്കില്ലെന്നും ധോണി വഹിക്കേണ്ട റോള്‍ അതല്ലെന്നും ഡി വില്ലിയേഴ്‌സ് പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു താരം.

എം.എസ് ധോണി

‘എം.എസ് ധോണി എട്ടാം സ്ഥാനത്തോ ഒമ്പതാം സ്ഥാനത്തോ ബാറ്റ് ചെയ്താല്‍ ടീമിന് വേണ്ടത്ര സംഭാവന നല്‍കാന്‍ സാധിക്കില്ല. ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്നില്ലെങ്കില്‍, തെറ്റായ കാരണങ്ങളാല്‍ അദ്ദേഹം ഒരു സ്ഥാനം നികത്തുകയാണെന്ന് എനിക്ക് തോന്നുന്നു. അത് അദ്ദേഹം വഹിക്കേണ്ട റോളല്ല. അദ്ദേഹം ആറാം നമ്പറിലെങ്കിലും ബാറ്റ് ചെയ്യേണ്ടതുണ്ട്. വ്യക്തിപരമായി, ഇടയ്ക്കിടെ അഞ്ചാം സ്ഥാനത്തോ നാലാം സ്ഥാനത്തോ അദ്ദേഹത്തെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ ഡിവില്ലിയേഴ്സ് അഭിപ്രായപ്പെട്ടു.

ഐ.പി.എല്ലില്‍ ചെന്നൈയുടെ എക്കാലത്തെയും മികച്ച താരമാണ് ഇതിഹാസം എം.എസ്. ധോണി. അഞ്ച് ഐ.പി.എല്‍ കിരീടങ്ങളാണ് ധോണി ചെന്നൈക്ക് വേണ്ടി നേടിക്കൊടുത്തത്. തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലാണ് നിലവില്‍ താരം. ഐ.പി.എല്ലില്‍ 242 ഇന്നിങ്‌സില്‍ നിന്ന് 5439 റണ്‍സാണ് ധോണി സ്വന്തമാക്കിയത്. 84* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. 24 അര്‍ധ സെഞ്ച്വറികളാണ് താരത്തിനുള്ളത്.

അതേസമയം മാര്‍ച്ച് 28ന് ആരംഭിക്കുന്ന ഐ.പി.എല്‍ പൂരത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. എന്നാല്‍ ആരാധകരില്‍ ഭൂരിഭാഗവും കാത്തിരിക്കുന്നത് മാര്‍ച്ച് 30ന് ഗുവാഹത്തിയില്‍ നടക്കുന്ന മത്സരത്തിനാണ്. വമ്പന്‍മാരായ രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും പരസ്പരം ഏറ്റുമുട്ടാനിരിക്കുന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.

വമ്പന്‍ മാറ്റങ്ങള്‍ വരുത്തിയാണ് ടീമുകള്‍ കളത്തിലിറങ്ങുന്നത്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് സൂപ്പര്‍ താരം സഞ്ജു സാംസണെ ചെന്നൈ സ്വന്തമാക്കിയപ്പോള്‍ ചെന്നൈയില്‍ നിന്ന് സാം കറനെയും രവീന്ദ്ര ജഡേജയെയും ട്രേഡ് ചെയ്യുകയുണ്ടായി. ഇതു തന്നെയാണ് ഇരു ടീമുകളും തമ്മിലുള്ള ഓപ്പണിങ് ക്ലാഷിന്റെ പ്രത്യേകതയും.

Content Highlight: A.B De Villiers Talking About M.S Dhoni

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more