2025ലെ ഏഷ്യാ കപ്പിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. ഇതോടെ 15 അംഗ സ്‌ക്വാഡിനെ ഇന്ത്യ നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെയും വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെയുമാണ് സെലക്ഷന്‍ കമ്മറ്റി തെരഞ്ഞെടുത്തത്. സെപ്റ്റംബര്‍ ഒമ്പതിനാണ് ടൂര്‍ണമെന്റിന് തിരശീല ഉയരുന്നത്.
എന്നാല്‍ മികച്ച ഫോമിലുള്ള ശ്രേയസ് അയ്യരെ ഇന്ത്യ സ്‌ക്വാഡില്‍ പരിഗണിച്ചിരുന്നില്ല. ഇതോടെ പല താരങ്ങളും വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ അയ്യരെ പിന്തുണച്ച് സംസാരിക്കുകയാണ് മുന്‍ സൗത്ത് ആഫ്രിക്കന്‍ താരം എ.ബി. ഡിവില്ലിയേഴ്‌സ്.
‘ശ്രേയസ് അയ്യരെ പോലുള്ള ഒരു ക്വാളിറ്റി പ്ലെയര്‍ ഇന്ത്യന്‍ ടീമിന് വേണ്ടി സ്റ്റാര്‍ട്ടിങ് സ്‌ക്വാഡില്‍ ഇടം നേടുന്നില്ല എന്നത് വിചിത്രമായൊരു കാര്യമാണ്. പ്രത്യേകിച്ച് അദ്ദേഹം കൊണ്ടുവരുന്ന ലീഡര്‍ഷിപ്പ് ക്വാളിറ്റികള്‍ കണക്കിലെടുക്കുമ്പോള്‍.
ഒരുപക്ഷെ വളരെയധികം ലീഡര്‍മാരും വളരെയധികം ക്യാപ്റ്റന്‍മാരും ടീമില്‍ ഉണ്ടായിരിക്കാം. പക്ഷേ സത്യം ഒരു ദിവസം പുറത്തുവരും, ശ്രേയസ് അയ്യരെ ഇന്ത്യന്‍ ടീമില്‍ തെരഞ്ഞെടുക്കുത്തത് എന്തുകൊണ്ടാണെന്ന് നമുക്ക് മനസിലാകുകയും ചെയ്യും,’ എ.ബി. ഡിവില്ലിയേഴ്‌സ് പറഞ്ഞു.
2025 ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റനായിരുന്ന ശ്രേയസ് മികച്ച പ്രകടനമാണ് സീസണില്‍ കാഴ്ചവെച്ചത്. 2014ന് ശേഷം ആദ്യമായി പഞ്ചാബിനെ ഫൈനലില്‍ എത്തിച്ച ക്യാപ്റ്റന്‍ കൂടിയാണ് അയ്യര്‍. മാത്രമല്ല സീസണില്‍ 17 ഇന്നിങ്‌സില്‍ നിന്ന് 175.5 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 604 റണ്‍സാണ് താരം അടിച്ചെടുത്തത്. 2023 ഓസ്‌ട്രേലിയക്ക് എതിരായിരുന്നു അയ്യരുടെ അവസാന ടി-20. 51 മത്സരങ്ങളില്‍ നിന്ന് 136.12 എന്ന സ്‌െ്രെടക്ക് റേറ്റില്‍ 1104 റണ്‍സാണ് താരം നേടിയത്.
മാത്രമല്ല കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കുവേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം അയ്യരായിരുന്നു. അഞ്ച് ഇന്നിങ്‌സില്‍ നിന്നും 243 റണ്‍സാണ് ഇന്ത്യക്കുവേണ്ടി താരം നേടിയത്.
അതേസമയം ഇന്ത്യയും പാകിസ്ഥാനും ടൂര്‍ണമെന്റില്‍ ഒരേ ഗ്രൂപ്പില്‍ തന്നെയാണെന്നതും ആരാധകര്‍ക്ക് ആവേശം സൃഷ്ടിക്കുന്ന ഒന്നാണ്. ഗ്രൂപ്പ് ഘട്ടവും ഫൈനലുമടക്കം മൂന്ന് തവണ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരാനുള്ള സാധ്യതകളുമുണ്ട്.
2025 ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്
സൂര്യ കുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍, ഹര്‍ഷിത് റാണ, റിങ്കു സിങ്
Content Highlight: A.B De villiers Supports Shreyas Iyer