| Saturday, 15th August 2026, 6:19 pm

കോൺഗ്രസിന്റെ പ്രത്യയശാസ്ത്ര ശൂന്യതയിൽ സംഘപരിവാർ കസേരയിട്ട് ഇരിക്കുന്നു: എ.എ. റഹീം

ശ്രീലക്ഷ്മി പി.പി

തിരുവനന്തപുരം: കോൺഗ്രസിന്റെ പ്രത്യയശാസ്ത്ര ശൂന്യതയാണ് എ.ഐ.സിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ച സംഭവത്തിലൂടെ പുറത്തുവന്നതെന്ന് സി.പി.ഐ.എം രാജ്യസഭാംഗം എ.എ. റഹീം. ഗാന്ധിയെയും നെഹ്‌റുവിനെയും ടാഗോറിനെയും മറന്ന കോൺഗ്രസ് ആശയപരമായ ശൂന്യതയിലാണ് പ്രവർത്തിക്കുന്നതെന്നും ഈ ശൂന്യതയിലേക്ക് സംഘപരിവാർ രാഷ്ട്രീയം കസേരയിട്ട് ഇരിക്കുകയാണ് റഹീം മാധ്യമങ്ങളോട് പറഞ്ഞു.

എ.ഐ.സിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചത് അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ വിശദീകരിക്കുന്നത്. എന്നാൽ കോൺഗ്രസ് ഭരിക്കുന്ന കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും വന്ദേമാതരം പൂർണമായി ആലപിച്ച സാഹചര്യത്തിൽ ഇത് കേവലം അബദ്ധമായി കാണാനാകില്ലെന്നും റഹീം വിമർശിച്ചു.

കർണാടക നിയമസഭയിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഗണഗീതം ആലപിച്ചതിനെയും റഹീം പരിഹസിച്ചു. സംഘപരിവാർ ആശയങ്ങളിലേക്ക് കോൺഗ്രസ് കൂടുതൽ അടുക്കുന്നതിന്റെ ഉദാഹരണങ്ങളാണ് ഇത്തരം സംഭവങ്ങളെന്നും വിമർശിച്ചു.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെയും റഹീം രൂക്ഷ വിമർശനം ഉന്നയിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് തെലങ്കാനയിലെ റോഡിന് നൽകുന്നതിലൂടെ രേവന്ത് റെഡ്ഡി തെറ്റായ രാഷ്ട്രീയ സന്ദേശമാണ് നൽകുന്നതെന്ന് റഹീം പറഞ്ഞു.’പലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങളെ വേട്ടയാടികൊണ്ട് ലോകസമാധാനത്തിനു ഭീഷണിയായ ട്രംപിന് മോദി പോലും കൊടുക്കാതെ ആദരവാണ് രേവന്ത് റെഡ്ഢി നല്കുന്നതെന്നായിരുന്നു റഹീം ഉന്നയിച്ച വിമർശനം.

മൈനോറിറ്റി എക്സലൻസ് സമ്മിറ്റിൽ ന്യൂനപക്ഷ കുട്ടികളുടെ പഠനശേഷിയെക്കുറിച്ച് രേവന്ത് റെഡ്ഡി നടത്തിയ പരാമർശവും റഹീം വിമർശിച്ചു. ന്യൂനപക്ഷ കുട്ടികളെ പഠിക്കാനുള്ള കഴിവില്ലാത്തവരായി ചിത്രീകരിച്ച പ്രസ്താവന വംശീയ അധിക്ഷേപമാണെന്നും അദ്ദേഹം പറഞ്ഞു.

രേവന്ത് റെഡ്ഡിക്ക് ഹിറ്റ്‌ലർ പ്രചോദനമാണെന്ന തരത്തിൽ അദ്ദേഹം നടത്തിയ പ്രസ്താവനകളെയും റഹീം രൂക്ഷമായി വിമർശിച്ചു.

‘ഗാന്ധിയെ മറന്ന, നെഹ്‌റുവിനെ മറന്ന കോൺഗ്രസ് സവർക്കറിലും സംഘപരിവാർ പ്രത്യയശാസ്ത്രത്തിലും അഭയം പ്രാപിക്കുന്ന കാഴ്ചയാണ് കാണുന്നത്. കോൺഗ്രസിന്റെ പ്രത്യയശാസ്ത്ര ശൂന്യതയിൽ സംഘപരിവാർ രാഷ്ട്രീയത്തിന് ഇടം ലഭിക്കുകയാണെന്നും ,’ ദൃശ്യമാധ്യമങ്ങളോട് സംസാരിക്കവെ എ.എ റഹീം പറഞ്ഞു.

Content Highlight:A.A. Rahim MP criticises the Congress

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more