| Friday, 27th December 2024, 6:05 pm

പാര്‍ലമെന്റിന് സമീപം ആത്മഹത്യക്ക് ശ്രമിച്ച 26കാരന്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാര്‍ലമെന്റിന് സമീപം ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. ഉത്തര്‍പ്രദേശ് ബാഗ്പത് സ്വദേശി ജിതേന്ദ്ര (26) ആണ് മരിച്ചത്.

ആര്‍.എം.എല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. വെള്ളിയാഴ്ച പുലര്‍ച്ചയോടെ മരണം സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഡിസംബര്‍ 25ന് (ബുധനാഴ്ച)പാര്‍ലമെന്റിന് സമീപത്തായി ജിതേന്ദ്ര ആത്മഹത്യാ ശ്രമം നടത്തിയത്. പെട്രോളിന് സമാനമായ വസ്തു ദേഹത്ത് ഒഴിച്ച് ഇയാള്‍ തീകൊളുത്തുകയായിരുന്നു.

ബാഗ്പതിലെ ഏതാനും ആളുകളുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്.

പാര്‍ലമെന്റിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് യുവാവിന്റെ ശരീരത്തില്‍ പടര്‍ന്നുപിടിച്ച തീയണച്ചത്.

തുടര്‍ന്ന് ജിതേന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 95 ശതമാനം പൊളളലേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു.

നിലവില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം യുവാവിന്റെ മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കിയതായി പൊലീസ് അറിയിച്ചു. യുവാവിന്റെ കുടുംബം രണ്ട് പീഡനക്കേസുകളില്‍ കക്ഷികളായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആത്മഹത്യക്ക് കാരണമായതെന്നാണ് നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Content Highlight: A 26-year-old man who tried to commit suicide near Parliament died

We use cookies to give you the best possible experience. Learn more