| Thursday, 26th June 2025, 8:29 am

97 കോടിയുടെ അര്‍ബന്‍ ബാങ്ക് അഴിമതി; കോണ്‍ഗ്രസ് ഭരണസമിതിയിലെ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്കമാലി: അങ്കമാലിയില്‍ 97 കോടിയുടെ അര്‍ബന്‍ ബാങ്ക് അഴിമതി കേസില്‍ കോണ്‍ഗ്രസ് ഭരണസമിതിയിലെ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ഭരണസമിതി അംഗങ്ങളായ എല്‍സി വര്‍ഗീസ്, പി.സി ടോമി എന്നിവരെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

അങ്കമാലി അര്‍ബന്‍ സഹകരണ സംഘത്തിലെ കോണ്‍ഗ്രസ് ഭരണസമിതിയുടെ നേതൃത്വത്തില്‍ നടന്ന വന്‍ തട്ടിപ്പിലാണ് ക്രൈംബ്രാഞ്ച് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തത്.

എല്‍സി വര്‍ഗീസിനെ കാക്കനാട് ജില്ലാ ജയിലിലും പി.സി ടോമിയെ ആലുവ സബ് ജയിലിലും കോടതി റിമാന്‍ഡ് ചെയ്തതായാണ് വിവരം. രണ്ട് പേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി രണ്ടാം തവണയും തള്ളിയ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഭരണസമിതി അംഗങ്ങളായ ഇവരെ അറസ്റ്റ് ചെയ്തത്.

തട്ടിപ്പിന്റെ മുഖ്യസൂത്രധാരനായ സമിതി പ്രസിഡന്റ് പി.ടി പോളിനെ ദുരൂഹസാഹചര്യത്തില്‍ ആലുവയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് വായ്പത്തട്ടിപ്പ് പുറത്ത് വന്നത്. സംഘത്തിന്റെ 97.4 കോടിയോളം രൂപയാണ് പോളും കൂട്ടാളികളും തട്ടിയെടുത്തത്.

പി.ടി പോളിന്റെ ഭാര്യ എല്‍സി പോള്‍, കോടികളുടെ വ്യാജവായ്പ തരപ്പെടുത്തിക്കൊടുത്ത സെക്രട്ടറി ബിജു കെ.ജോസ്, അക്കൗണ്ടന്റ് കെ.ഐ ഷിജു, ഭരണസമിതി അംഗങ്ങളായിരുന്ന ടി.പി ജോര്‍ജ്, ദേവസി മാടന്‍, പി.വി പൗലോസ്, മേരി ആന്റണി, കെ.ജി രാജപ്പന്‍ നായര്‍, ലക്‌സി ജോയ് എന്നിവരെ നേരത്തേ തന്നെ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.

Content Highlight: 97 crore Urban Bank scam; Two more members of Congress ruling committee arrested

We use cookies to give you the best possible experience. Learn more