ഗസ: ഇസ്രഈല്‍ തുടരുന്ന കനത്ത കരയാക്രമണത്തില്‍ ഗസയില്‍ കൊല്ലപ്പെട്ടത് 91 പേരെന്ന് റിപ്പോര്‍ട്ട്. രൂക്ഷമായ ബോംബാക്രമണത്തില്‍ ചൊവ്വാഴ്ച മാത്രം ആകെ 106 ഫലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോട്ട് ചെയ്തു.
ഗസ നഗരത്തില്‍ നിന്നും ജനങ്ങളോട് പലായനം ചെയ്യാന്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കനത്തവ്യോമാക്രമണവും ഷെല്ലാക്രമണവും ആരംഭിച്ചത്.
ഗസയില്‍ ഇസ്രഈല്‍ നടത്തുന്നത് വംശഹത്യയാണെന്ന് ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയ ദിവസം തന്നെയാണ് രൂക്ഷമായ കടന്നാക്രമണം ഇസ്രഈല്‍ നടത്തിയത്.
ഗസ നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും ആക്രമണം കടുപ്പിച്ചതോടെ പലായനം ചെയ്യുന്ന ജനങ്ങളും പ്രതിസന്ധിയിലായി. 22 മാസമായി തുടരുന്ന യുദ്ധത്തിനിടയിലാണ് കഴിഞ്ഞദിവസം ഇസ്രഈല്‍ രൂക്ഷമായ കരയാക്രമണം തുടങ്ങിയത്.
‘പുതിയഘട്ടം’ എന്നാണ് ഈ ആക്രമണത്തെ ഇസ്രഈല്‍ സൈന്യം വിശേഷിപ്പിച്ചത്. ‘ഗസ നഗരം കത്തിക്കൊണ്ടിരിക്കുന്നു’ എന്ന് ഇസ്രഈല്‍ പ്രതിരോധമന്ത്രി ഇസ്രഈല്‍ കാറ്റ്‌സ് എക്‌സില്‍ കുറിച്ചു.
ഒറ്റരാത്രികൊണ്ട് ആക്രമണം രൂക്ഷമാക്കിയ ഇസ്രഈല്‍ സൈന്യം, ഗസയെ നിയന്ത്രണത്തിലാക്കാന്‍ മാസങ്ങള്‍ ആവശ്യമാണെന്ന് പ്രതികരിച്ചു. ‘എത്രകാലം എടുക്കുമെന്നത് ഒരു വിഷയമല്ല. ഞങ്ങള്‍ തന്നെ ഗസയെ നിയന്ത്രിക്കും’, ഇസ്രഈല്‍ സൈനികവക്താവ് എഫി ഡെഫ്രിന്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
ഗസക്ക് പുറമെ യെമന് നേരെയും ഇസ്രഈല്‍ വ്യോമാക്രമണം നടത്തി. ഹൊദൈദ തുറമുഖത്തിന് നേരെയായിരുന്നു ആക്രമണം. ഹൂത്തികള്‍ക്ക് സഹായം നല്‍കുന്നുവെന്ന് ആരോപിച്ചായിരുന്നു ഹൊദൈദയിലെ ഹൂത്തി കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ച് പന്ത്രണ്ടോളം തവണ മിസൈല്‍ വിക്ഷേപിച്ചത്.
ആക്രണത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ യെമനും ഹൂത്തികളും പുറത്തുവിട്ടിട്ടില്ല. മറുപടിയായി ഇസ്രഈല്‍ വിമാനത്താവളമായ ഹെന്‍ ഗുരിയോണിന് നേരെ ഹൂത്തികളും വ്യോമാക്രമണം നടത്തി.
Content Highlight: 91 killed in Israeli attacks in Gaza alone; Israel says it will take months to bring the city under control