ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പോലീസ് ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുന്നവരില്‍ 35-36 ശതമാനവും ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. അര്‍ധ ഏറ്റുമുട്ടല്‍ എന്ന് വിളിക്കാവുന്ന സംഭവങ്ങളില്‍ കൊല്ലപ്പെടുന്നവരില്‍ 90 ശതമാനവും മുസ് ലിങ്ങളാണെന്നും ഒവൈസി ശനിയാഴ്ച ഒരു പൊതുയോഗത്തില്‍ സംസാരിക്കവെ പഞ്ഞു.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ നടപടികളില്‍ ഉത്തര്‍പ്രദേശ് പോലീസ് വിവേചനം കാണിക്കുന്നുവെന്നും ഒവൈസി പൊതുയോഗത്തില്‍ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് സാമാജിക് പരിവര്‍ത്തന്‍ മോര്‍ച്ച അധികാരത്തില്‍ വന്നാല്‍ ഇത്തരം സംഭവങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ഒവൈസി വാഗ്ദാനം ചെയ്തു. എ.ഐ.എം.ഐ.എമ്മും ചന്ദ്രശേഖര്‍ ആസാദിന്റെ ചന്ദ്രശേഖര്‍ ആസാദ് സമാജ് പാര്‍ട്ടിയും ചേര്‍ന്ന് രൂപീകരിച്ച മുന്നണിയാണ് സാമാജിക് പരിവര്‍ത്തന്‍ മോര്‍ച്ച.
‘പോലീസ് ഏറ്റുമുട്ടലുകളില്‍ ഉള്‍പ്പെട്ടവരില്‍ 35 മുതല്‍ 36 ശതമാനം വരെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. എന്നാല്‍ പാതി ഏറ്റുമുട്ടലുകള്‍ എന്ന് വിളിക്കാവുന്ന സംഭവങ്ങളില്‍ 90 ശതമാനവും ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്, ‘ അദ്ദേഹം അവകാശപ്പെട്ടു.
2027-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം തങ്ങളുടെ സഖ്യം അധികാരത്തില്‍ വന്നാല്‍, ഏതെങ്കിലും പ്രത്യേക വിഭാഗത്തില്‍പ്പെട്ടവര്‍ എന്ന പരിഗണനയില്ലാതെ, ജനങ്ങള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മീഷനെ നിയോഗിക്കുമെന്ന് ഒവൈസി പറഞ്ഞു. ചന്ദ്രശേഖര്‍ ആസാദും പൊതുയോഗത്തില്‍ പങ്കെടുത്തിരുന്നു.
ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയായി നമുക്ക് ചന്ദ്രശേഖര്‍ ആസാദിനെ മാറ്റാമെന്നും പൊതുയോഗത്തില്‍ ഒവൈസി പറഞ്ഞു. ‘ഞങ്ങളുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍, വിഭാഗീയതയുടെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കാതെ, എല്ലാവര്ക്കും നേരെയുണ്ടായ അനീതികളെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മീഷനെ രൂപീകരിക്കും,’ ഒവൈസി പറഞ്ഞു.
ഉത്തര്‍പ്രദേശ് ഭരിക്കപ്പെടേണ്ടത് ഭരണഘടന അനുസരിച്ചാണ്, ബുള്‍ഡോസറുകള്‍ കൊണ്ടോ ഭയം കൊണ്ടോ അല്ല എന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 12നാണ് എ.ഐ.എം.ഐ.എമ്മും ആസാദ് സമാജ് പാര്‍ട്ടിയും അടങ്ങുന്ന പുതിയ രാഷ്ട്രീയ സഖ്യം ചന്ദ്രശേഖര്‍ ആസാദും അസദുദ്ദീന്‍ ഒവൈസിയും പ്രഖ്യാപിച്ചത്. മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആസാദിനെ പിന്തുണക്കുന്നതായി ഒവൈസി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ചന്ദ്രശേഖര്‍ ആസാദ് സമാജിക് പരിവര്‍ത്തന്‍ മോര്‍ച്ചയുടെ അധ്യക്ഷനായി പ്രവര്‍ത്തിക്കുമെന്നും ഒവൈസി അറിയിച്ചിരുന്നു. അവഗണിക്കപ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരുമായ ജനവിഭാഗങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നതിനായാണ് ഈ പുതിയ കൂട്ടായ്മ രൂപീകരിച്ചതെന്ന് ചന്ദ്രശേഖര്‍ ആസാദും അന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
2027ല്‍ നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള 403 മണ്ഡലങ്ങളിലും മുന്നണി ഒരുമിച്ച് മത്സരിക്കും. സീറ്റുകളുടെ കാര്യത്തില്‍ സഖ്യകക്ഷികള്‍ക്കിടയില്‍ തര്‍ക്കങ്ങളൊന്നുമില്ലെന്നും ആസാദ് പറഞ്ഞിരുന്നു.
യു.പിയില്‍ ബി.ജെ.പി തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തില്‍ വരുന്നത് തടയാന്‍ എ.ഐ.എം.ഐ.എമ്മും ആസാദിന്റെ പാര്‍ട്ടിയും തമ്മിലുള്ള സഖ്യം ലക്ഷ്യമിടുന്നതായി ഒവൈസിയും വ്യക്തമാക്കിയിട്ടുണ്ട്. ബി.ജെ.പിയെ തടയുന്ന ശക്തമായ ബദലായിരിക്കും പുതിയ മുന്നണിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlight: 90% of those killed in Uttar Pradesh Police’s ‘pseudo-encounters’ are Muslims: Owaisi