| Wednesday, 5th March 2025, 6:57 am

പാകിസ്ഥാനിലെ സൈനിക കേന്ദ്രത്തിൽ ഇരട്ട സ്ഫോടനം;12 മരണം, 30 പേർക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂൾ: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ സൈനിക കേന്ദ്രത്തിലുണ്ടായ ഇരട്ട സ്ഫോടനങ്ങളിൽ 12 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ നാല് പേർ കുട്ടികളാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ ബന്നു കന്റോൺമെന്റിന് സമീപമാണ് സ്ഫോടനം നടന്നത്. പഖ്തൂൺഖ്വയിലെ ഒരു സൈനിക താവളത്തിലെ മതിൽ തകർക്കാൻ രണ്ട് ചാവേർ ബോംബർമാർ പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നാലെ മറ്റ് ആക്രമണകാരികൾക്ക് കോമ്പൗണ്ടിലേക്ക് ഇരച്ചുകയറി. സുരക്ഷാ സേനയും അക്രമികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ കുറഞ്ഞത് ഒമ്പത് പേർ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

‘മതിൽ തകർത്തതിനുശേഷം, അഞ്ചോ ആറോ അക്രമികൾ കന്റോൺമെന്റിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും അവരെ പുറത്താക്കി. പ്രദേശത്ത് ഇപ്പോഴും ഓപ്പറേഷൻ തുടരുകയാണ്,’ സൈന്യം പ്രസ്താവനയിൽ പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു

റമദാൻ മാസത്തിൽ ഇഫ്താർ വിരുന്നിന് തൊട്ടുപിന്നാലെയാണ് ഭീകരവാദികൾ ബന്നു കന്റോൺമെന്റിലെ സുരക്ഷാ ഭിത്തി ലക്ഷ്യമാക്കി ആക്രമണം നടത്തിയത്.

തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാനുമായി (ടി.ടി.പി) അടുത്തിടെ കൈകോർത്ത ഭീകര സംഘടനയായ ജെയ്‌ഷുൽ ഫുർസാനാണ് ആക്രമണം നടത്തിയതെന്ന് കരുതുന്നതായി വൃത്തങ്ങൾ അറിയിച്ചു.

ഞായറാഴ്ച റമദാൻ ആരംഭിച്ചതിനുശേഷം പാകിസ്ഥാനിൽ നടക്കുന്ന മൂന്നാമത്തെ തീവ്രവാദ ആക്രമണമാണിത്. ഫെബ്രുവരി 28 ന്, അതേ പ്രവിശ്യയിലെ തന്നെ ദാറുൽ ഉലൂം ഹഖാനിയ പള്ളിയിൽ  പ്രാർത്ഥനയ്ക്കിടെ ഒരു ചാവേർ ബോംബർ നടത്തിയ സ്ഫോടനത്തിൽ താലിബാൻ അനുകൂല പുരോഹിതൻ ഹമീദുൽ ഹഖ് ഹഖാനിയും നാല് ആരാധകരും കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Content Highlight: 9 killed, 25 injured as 2 bomb blasts rock Pakistan’s Khyber Pakhtunkhwa

We use cookies to give you the best possible experience. Learn more