| Tuesday, 27th January 2026, 12:28 pm

2027 ലെ സെൻസസ്; ചോദ്യാവലിയിൽ അവ്യക്തത; കേന്ദ്രത്തിന് ദുരുദ്ദേശമെന്ന് കോൺഗ്രസ്

മുഹമ്മദ് നബീല്‍

ന്യൂദൽഹി: 2027 ൽ നടക്കാനിരിക്കുന്ന സെൻസസിൽ ജാതി കണക്കെടുപ്പിൽ വ്യക്തത ഇല്ലാതെ കേന്ദ്ര സർക്കാർ.

കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച സെൻസസിന്റെ ആദ്യഘട്ടത്തിനുള്ള ചോദ്യാവലിയിൽ ജാതിപട്ടിക വിപുലീകരിക്കാത്തതിൽ കോൺഗ്രസ്സും സമാജ്‌വാദി പാർട്ടിയുമടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ചു.

2027 ലെ ജനസംഖ്യാ സെൻസസിൽ കേന്ദ്രം ജാതി കണക്കെടുപ്പ് നടത്താൻ ഉദ്ദേശിക്കുന്നുണ്ടോ എന്നും പ്രതിപക്ഷ പാർട്ടികൾ ചോദിച്ചു.

സെൻസസിന്റെ ഒന്നാംഘട്ടം 2026 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ നടക്കും. രണ്ടാം ഘട്ടം മഞ്ഞുവീഴചയുള്ള ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ലഡാക്ക് എന്നിവിടങ്ങളിൽ ആദ്യം പൂർത്തിയാക്കാനാണ് സർക്കാർ തീരുമാനം.

2027 ലെ സെൻസസ് സ്വതന്ത്ര ഇന്ത്യയിലെ പതിനാറാമത്തേതും പട്ടികജാതി, പട്ടിക വർഗതിനപ്പുറത്തേക്ക് മുഴുവൻ ജാതികളെയും ഉൾകൊള്ളിക്കുന്ന ആദ്യ സെൻസിസുമാണെന്നും സർക്കാരിന്റെ അവകാശവാദം.

സ്വാതന്ത്ര്യതിന് മുൻപ് 1931 ഇത് നടന്നിട്ടുള്ള സെൻസസിൽ ആകെ 4147 ജാതികൾ മാത്രമാണ് കണക്കാക്കിയിരുന്നതെങ്കിൽ 2011 നടന്ന സെൻസസിൽ 46 ലക്ഷം ജാതികളാണുള്ളതെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന സെൻസസിന്റെ ഒന്നാം ഘട്ടത്തിലെ 33 ചോദ്യങ്ങളിൽ പന്ത്രണ്ടാം ചോദ്യം ഗൃഹനാഥൻ പട്ടികജാതിയാണോ, പട്ടിക വർഗമാണോ അതോ മറ്റുള്ളവയാണോ എന്ന് ചേർത്തിട്ടുണ്ടെന്നാണ് സെൻസസ് കമ്മീഷണറുടെ വിശദീകരണം.

എന്നാൽ പന്ത്രണ്ടാം ചോദ്യം മറ്റു പിന്നാക്ക വിഭാഗങ്ങളെ (OBC) ഉൾകൊള്ളിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേഷ് പറഞ്ഞു. ‘ജാതികണക്കെടുപ്പടക്കം ലക്ഷ്യം വച്ചുകൊണ്ടുള്ള 2027 ലെ സെൻസസിലെ പന്ത്രണ്ടാം ചോദ്യം മോദി സർക്കാരിന്റെ യഥാർത്ഥ ഉദ്ദേശ്യങ്ങളെയും സമഗ്രവും നീതിയുക്തവും രാജ്യവ്യാപകവുമായ ജാതി സെൻസസിനോടുള്ള പ്രതിബദ്ധതയെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു’ അദ്ദേഹം എക്സിൽ പ്രതികരിച്ചു.

സെൻസസ് രീതികൾ അന്തിമമാക്കുന്നതിനു മുൻപ് എല്ലാ രാഷ്ട്രീയ പാർട്ടികളെയും, സംസ്ഥാന സർക്കാരുകളെയും സിവിൽ സൊസൈറ്റി കളെയും ഉൾപെടുത്തികൊണ്ട് യോഗം വിളിച്ചു ചേർക്കണമെന്നും ജയറാം രമേഷ് പറഞ്ഞു.

എന്നാൽ ജാതി സെൻസസിനുള്ള വിവരശേഖരണ രീതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ജൂലൈ അവസാനത്തോടെ തീരുമാനമാകുമെന്നുമാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിശദീകരണം.

കൊവിഡ് കാരണം മാറ്റിവച്ച സെൻസസ് പൂർത്തിയാക്കാൻ 11718 കോടി രൂപ ചിലവുവരുമെന്നാണ് കണക്കാക്കുന്നത്.

Content Highlight: congress questioned the intentions of BJP on national census

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more