| Friday, 23rd December 2022, 7:03 pm

ലോകകപ്പ് അവസാനിച്ചു, ഇനിയാണ് "യഥാർത്ഥ" ഫുട്ബോൾ മാമാങ്കം

സ്പോര്‍ട്സ് ഡെസ്‌ക്

അങ്ങനെ ഫിഫ ലോകകപ്പിന്റെ ആഹ്ലാദ ആരവങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. ഇനി ലോകകപ്പിന് മുമ്പ് നിര്‍ത്തി വെക്കേണ്ടി ലീ?ഗ് മത്സരങ്ങള്‍ പുനരാരംഭിക്കുകയാണ്. യുവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ യൂറോപ്പ ലീഗ്, യുവേഫ കോണ്‍ഫറന്‍സ് ലീഗ് മുതലായ മേജര്‍ ടൂര്‍ണമെന്റുകള്‍ വരുന്ന മാസങ്ങളില്‍ തന്നെ ഫിഫ ആരംഭിക്കും.

ടോപ്പ് ഫൈവ് ലീഗ്‌സ് എന്നറിയപ്പെടുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ലാ ലിഗ, സീരി എ, ലീഗ് വണ്‍, ബുണ്ടസ് ലിഗ തുടങ്ങിയ മത്സരങ്ങള്‍ക്കുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ ആരാധകര്‍.

ഡിസംബര്‍ 26നാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നത്. ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഉയര്‍ത്തിയിരുന്ന അപ്രമാധിത്യത്തെ വെല്ലുവിളിച്ചു കൊണ്ട് ആഴ്‌സണലാണ് ലീഗില്‍ നിലവില്‍ ഒന്നാം സ്ഥാനത്ത്.

കൂടാതെ ബിഗ് സിക്‌സ് ടീമുകള്‍ എന്നറിയപ്പെടുന്ന മാഞ്ചസ്റ്റര്‍യുണൈറ്റഡ്, മാഞ്ചസ്റ്റര്‍സിറ്റി, ലിവര്‍പൂള്‍, ചെല്‍സി,ടോട്ടന്‍ഹാം, ആഴ്‌സണല്‍ എന്നീ ടീമുകള്‍ക്കൊപ്പം ബ്രൈട്ടണ്‍, ന്യൂകാസില്‍ യുണൈറ്റഡ് എന്നീ ടീമുകള്‍ കൂടി ശക്തമായ മത്സരം കാഴ്ചവെക്കുന്നതോടെ കനത്ത പോരാട്ടമാണ് പ്രീമിയര്‍ ലീഗില്‍ നടക്കുന്നത്.

സ്പാനിഷ് ലീഗായ ലാലിഗയിലെ മത്സരങ്ങള്‍ ഡിസംബര്‍ 29നാണ് ആരംഭിക്കുന്നത്. പതിവ് പോലെ റയലും ബാഴ്‌സയും കനത്ത പോരാട്ടം കാഴ്ചവെയ്ക്കുന്ന ലീഗില്‍ നിലവില്‍ രണ്ട് പോയിന്റുകളുടെ മാത്രം വ്യത്യാസത്തില്‍ ബാഴ്‌സലോണയാണ് ടേബിള്‍ ടോപ്പര്‍മാര്‍.
ലീഗിലെ മറ്റൊരു ശക്തരായ അത് ലറ്റിക്കോ മാഡ്രിഡ് നിലവില്‍ ലീഗില്‍ അഞ്ചാം സ്ഥാനത്താണുള്ളത്.

ഇറ്റാലിയന്‍ ലീഗായ സീരി എ യിലെ മത്സരങ്ങള്‍ ജനുവരി നാലിനാണ് ആരംഭിക്കുക. മികച്ച ടീമുകള്‍ പരസ്പരം മത്സരിക്കുന്ന പ്രതിരോധത്തിലൂന്നിയ കളിശൈലി കൊണ്ട് പ്രസിദ്ധമായ സീരി എയില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ സീസണില്‍ ലീഗ് ടൈറ്റില്‍ സ്വന്തമാക്കിയ മിലാനും നാപ്പോളിയും തമ്മിലാണ് പ്രധാന പോരാട്ടം.

നിലവില്‍ തന്നെ മിലാനെക്കാള്‍ എട്ട് പോയിന്റ് വ്യത്യാസത്തില്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരാണ് നാപ്പോളി. എന്നാല്‍ ഇന്റര്‍മിലാന്‍, യുവന്റസ് അടക്കമുള്ള ക്ലബ്ബുകള്‍ അവരുടെ പ്രതാപകാലത്തിന്റെ നിഴലിലാണ് ഇപ്പോള്‍ ലീഗില്‍ കളിക്കുന്നത്.

ഫ്രഞ്ച് ലീഗായ ലീഗ് വണ്ണില്‍ ഡിസംബര്‍ 28 മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. മെസി, എംബാപ്പെ, നെയ്മര്‍ മുതലായ സൂപ്പര്‍ താരങ്ങള്‍ കളിക്കുന്ന പി.എസ്.ജി തന്നെയാണ് ലീഗില്‍ ഒന്നാമത്. ക്ലബ്ബ് ടൈറ്റില്‍ ഏതാണ്ട് ഉറപ്പിച്ചു തന്നെ കളിക്കുന്ന പി.എസ്.ജിയുടെ പ്രധാന ലക്ഷ്യം കിട്ടാക്കനിയായ ചാമ്പ്യന്‍സ് ലീഗ് കരസ്ഥമാക്കുക എന്നതാണ്.

ജര്‍മന്‍ ലീഗായ ബുണ്ടസ് ലിഗയാണ് ലോകകപ്പിന് ശേഷം ഏറ്റവും അവസാനം ആരംഭിക്കുന്ന ഫുട്‌ബോള്‍ ലീഗ് ജനുവരി 21 ന് പുനരാരംഭിക്കുന്ന ബുണ്ടസ് ലിഗ യില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് തന്നെയാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്. ലീഗില്‍ തുടക്കസമയത്ത് ഒന്നാമതുണ്ടായിരുന്ന യൂണിയന്‍ ബെര്‍ലിന്‍, ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആരാധകര്‍ ഉള്ള ക്ലബ്ബ് എന്ന പേരില്‍ പ്രശ്സ്തമായ ബൊറൂസിയാ ഡോര്‍ട്മുണ്ട് മുതലായ ക്ലബ്ബുകള്‍ ലീഗില്‍ ആദ്യ നാല് സ്ഥാനത്തിനും താഴെയാണ് നിലവിലുള്ളത്.

ലീഗ് മത്സരങ്ങള്‍ കൂടാതെ ക്ലബ്ബ് ഫുട്‌ബോളിലെ ഏറ്റവും മികച്ച ടൂര്‍ണമെന്റുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗിലെ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഫെബ്രുവരി 15ന് ആരംഭിക്കും ബാഴ്‌സലോണ യുവന്റസ് മുതലായ സൂപ്പര്‍ ക്ലബ്ബുകളെല്ലാം ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു.

ലോകത്തെ മികച്ച ക്ലബ്ബുകള്‍ ആയിട്ടും ചാമ്പ്യന്‍സ് ലീഗ് നേടാന്‍ കഴിയാത്ത ക്ലബ്ബുകള്‍ എന്ന ദുരന്തത്തില്‍ നിന്നും രക്ഷപെടാനുള്ള അവസരവുമായി പി.എ സ്.ജി യും മാഞ്ചസ്റ്റര്‍സിറ്റിയും പ്രീക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്.

ഫെബ്രുവരി 16നാണ് യൂറോപ്പ ലീഗ് പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്.

യൂറോപ്പ ക്വാളിഫയര്‍ റൗണ്ടില്‍ ബാഴ്‌സലോണയും മാന്‍യുണൈറ്റഡും ഒരു നീണ്ട ഇടവേളക്ക് ശേഷം ഏറ്റുമുട്ടുന്നു എന്ന സവിശേഷതയും യൂറോപ്പ ലീഗിനുണ്ട്. കൂടാതെ ആഴ്‌സണല്‍, റോമ,തുടങ്ങിയ ക്ലബ്ബുകളും കളിക്കുന്ന യൂറോപ്പ ലീഗിന് മുന്‍ വര്‍ഷത്തെക്കാള്‍ ആരാധകര്‍ കൂടുതലുണ്ട്.

സ്പോര്‍ട്സ് ഡെസ്‌ക്