| Wednesday, 6th August 2025, 9:56 am

ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ ഇന്നലെ പുലര്‍ച്ച മുതല്‍ കൊല്ലപ്പെട്ടത് 81 ഫലസ്തീനികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഇന്നലെ പുലര്‍ച്ച മുതല്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ 81 ഫലസ്തീനികള്‍ കൊലപ്പെട്ടതായി റിപ്പോര്‍ട്ട്. ഗസയിലെ ആരോഗ്യ ഉദ്യോഗസ്ഥരാണ് ഈ കാര്യം വ്യക്തമാക്കിയത്. പകുതിയിലധികം ഫലസ്തീനികളും സഹായം തേടുന്നതിനിടെയാണ് സൈനികരുടെ വെടിയേറ്റതെന്നാണ് റിപ്പോര്‍ട്ട്.

ഗസയില്‍ പട്ടിണി മരണങ്ങള്‍ വര്‍ധിക്കുകയാണ്. ഭക്ഷണത്തിനായി കാത്ത് നില്‍ക്കുന്നവരെ കൊലപ്പെടുത്തുന്ന ഇസ്രഈലിന്റെ ക്രൂരത ഇപ്പോഴും തുടരുന്നതിനിടെയാണ് ഇസ്രഈല്‍ 81 പേരെ കൊലപ്പെടുത്തുന്നത്. ഗസയില്‍ എഴുപത് ശതമാനം ഫലസ്തീനികളും പട്ടിണി മൂലം കടുത്ത ബലഹീനത അനുഭവിക്കുന്നുണ്ടെന്ന് ഡാനിഷ് അഭയാര്‍ത്ഥി കൗണ്‍സില്‍ (ഡി.ആര്‍.സി) ഇന്നലെ പറഞ്ഞു. ഇത് സഹായം ലഭ്യമാക്കുന്നതില്‍ തടസം സൃഷ്ടിക്കുന്നുണ്ടെന്നും കൗണ്‍സില്‍ വ്യക്തമാക്കി.

ഗസ മുനമ്പില്‍ നിന്നും തട്ടിക്കൊണ്ടുപോയ ഫലസ്തീന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഉള്ളവരെ ഇസ്രഈല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത് കഠിനമായ സാഹചര്യത്തിലാണെന്ന് മനുഷ്യാവകാശ സംഘടന കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

ഗസയില്‍ തടവിലാക്കപ്പെട്ടവരുമായി ബന്ധപ്പെടുന്നതിനും സഹായം എത്തിക്കുന്നതിനും ഒരു കരാറിലെത്താന്‍ റെഡ് ക്രോസ് കമ്മിറ്റി (ഐ.സി.ആര്‍.സി) ഇസ്രഈലിനോടും ഹമാസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇസ്രഈല്‍ ഗസയുടെ പൂര്‍ണ്ണമായ ഏറ്റെടുക്കല്‍ പരിഗണിക്കുന്നതിനാല്‍, ഇസ്രഈല്‍ മന്ത്രിസഭ നാളെ (വ്യാഴാഴ്ച്ച)യോഗം ചേരുമെന്ന് ഇസ്രഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇസ്രഈല്‍ ആക്രമണത്തില്‍ ഒക്ടോബര്‍ ഏഴ് മുതല്‍ ഗസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 60000 കഴിഞ്ഞിരുന്നു. മരിച്ചവരില്‍ പകുതിയില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്.

Content Highlight: 81 Palestinians killed in Israeli attacks since dawn yesterday

We use cookies to give you the best possible experience. Learn more