| Sunday, 7th September 2025, 3:04 pm

ഭരണകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് 800 ഡ്രോണുകള്‍; ഉക്രൈന്‍ തലസ്ഥാനത്ത് റഷ്യയുടെ കടുത്ത ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കീവ്: ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ റഷ്യ ഡ്രോണാക്രമണം നടത്തി. 800ലേറെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചാണ് റഷ്യ ഞായറാഴ്ച ആക്രമണം നടത്തിയതെന്ന് ഉക്രൈന്‍ വക്താവ് അറിയിച്ചു.

ആക്രമണത്തില്‍ രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമ്മയും മൂന്ന് മാസമായ കുഞ്ഞുമാണ് മരണപ്പെട്ടതെന്ന് കീവ് ഭരണകൂടത്തിലെ പ്രധാനിയായ തൈമൂര്‍ തകചെങ്കോ അറിയിച്ചു.

ആക്രമണത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഉക്രൈന്‍-റഷ്യ സംഘര്‍ഷത്തില്‍ അയവുവരുത്താനായി ലോകരാജ്യങ്ങള്‍ ശ്രമിക്കുന്നതിനിടെയാണ് റഷ്യ ഉക്രൈനില്‍ കടുത്ത ആക്രമണം നടത്തിയിരിക്കുന്നത്. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണമാണിതെന്ന് ഉക്രൈന്‍ വ്യോമസേന വക്താവ് യൂരി ഇഹ്‌നാത് പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

805 ഡ്രോണുകളും 13 വ്യത്യസ്ത മിസൈലുകളും റഷ്യ ആക്രമണത്തിന് ഉപയോഗിച്ചെന്നാണ് ഉക്രൈന്‍ വ്യോമസേന പറയുന്നത്. നാല് മിസൈലുകളെയും 747 ഡ്രോണുകളെയും ഉക്രൈ്ന്‍ വെടിവെച്ച് തടഞ്ഞിട്ടെങ്കിലും ഒമ്പത് മിസൈലുകള്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലായി പതിച്ച് നാശനഷ്ടങ്ങളുണ്ടാക്കി.

ഉക്രെയ്‌നിലെ റഷ്യയുടെ ഡ്രോണ്‍ ആക്രമണമുണ്ടാക്കിയ നാശനഷ്ടങ്ങള്‍

56 ഡ്രോണുകളും മിസൈലുകളും പതിച്ച് രാജ്യത്താകമാനം 37 ഇടങ്ങളിലാണ് നാശനഷ്ടങ്ങളുണ്ടായതെന്ന് വ്യോമസേന അറിയിച്ചു. തകര്‍ന്ന ഡ്രോണുകളും മിസൈലുകളും എട്ടിടങ്ങളിലായാണ് പതിച്ചത്.

ഉക്രൈന്‍ റഷ്യയുടെ ആക്രമണത്തിന് തിരിച്ചടി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.റഷ്യയുടെ ഓയില്‍പൈപ്പ്‌ലൈനുകള്‍ തകര്‍ത്തായിരുന്നു ഉക്രൈന്റെ മറുപടി. ബ്രയാന്‍സ്‌ക് പ്രദേശത്തെ ദ്രുഷ്ബ ഓയില്‍ പൈപ്പ്‌ലൈനാണ് ഉക്രൈന്‍ തകര്‍ത്തത്.

അതേസമയം, റഷ്യയുടെ ആക്രണത്തില്‍ കീവിലെ മന്ത്രിസഭാ മന്ദിരത്തിന് കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്നും പുക ഉയര്‍ന്നിരുന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരിട്ട് ഡ്രോണ്‍ പതിച്ചതിന്റെയാണോ, അവശിഷ്ടങ്ങള്‍ പതിച്ചതുകാരണമാണോ പുകയുയര്‍ന്നതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. നിരവധി മന്ത്രിമാരുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണിത്. പൊലീസ് കെട്ടിടത്തിന് സമീപത്തേക്കുള്ള പ്രവേശനം തടഞ്ഞാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

മന്ത്രിസഭാ മന്ദിരത്തിന്റെ മേല്‍ക്കൂരയും മുകളിലത്തെ നിലകളും തകര്‍ന്നിട്ടുണ്ടെന്ന് ഉക്രൈന്‍ പ്രധാനമന്ത്രി യൂലിയ സൈ്വരിഡെങ്കോ അറിയിച്ചു.

കെട്ടിടങ്ങള്‍ പുനസ്ഥാപിക്കാന്‍ സര്‍ക്കാരിന് സാധിക്കുമെന്നും എന്നാല്‍, ജീവന്‍ തിരികെ നല്‍കാനാകില്ലല്ലോ എന്നും യൂലിയ പ്രതികരിച്ചു.

ലോകരാജ്യങ്ങള്‍ ഈ ആക്രമണത്തെ അപലപിക്കണമെന്നും റഷ്യന്‍ എണ്ണയ്ക്കും വാതകത്തിനും മേല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്നും ഉക്രൈന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

മുമ്പ് റഷ്യ ആക്രമണത്തില്‍ നിന്നും ഭരണസിരാകേന്ദ്രങ്ങളെ ഒഴിവാക്കിയിരുന്നു. എന്നാല്‍ ഞായറാഴ്ചയിലെ ആക്രമണം മുന്‍ധാരണകളെ തെറ്റിക്കുന്നതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: 800 drones target Kyv; Russia launches heavy attack on Ukrainian capital

We use cookies to give you the best possible experience. Learn more