| Saturday, 5th September 2026, 1:26 pm

'പിതാവിന്റെ ശബ്ദം നിശ്ശബ്ദമാക്കാനും സ്വാതന്ത്ര്യം കവരാനും ശ്രമിച്ചിട്ട് 8 വർഷം'; സഞ്ജീവ് ഭട്ടിന്റെ മക്കൾ

ശ്രീലക്ഷ്മി പി.പി

ന്യൂദൽഹി: ഗുജറാത്ത് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് ജയിലിലായിട്ട് എട്ട് വർഷം തികയുന്ന വേളയിൽ, നീതിക്കായുള്ള പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി മക്കളായ ആകാശി ഭട്ടും ശന്തനു ഭട്ടും. ഫേസ്ബുക്കിൽ പങ്കുവെച്ച വികാരനിർഭരമായ കുറിപ്പിലൂടെയാണ് ഭരണകൂട വേട്ടയെയും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെയും ചോദ്യം ചെയ്ത് ഇരുവരും രംഗത്തെത്തിയത്.

കെട്ടിച്ചമച്ച വ്യാജ കേസുകളുടെ മറവിൽ, 2018 സെപ്റ്റംബർ 5-ന് ഭരണകൂടം വീട്ടിൽ അതിക്രമിച്ചു കയറി അച്ഛനെ പിടിച്ചുകൊണ്ടുപോയി കുടുംബത്തെ തകർത്തുകളഞ്ഞ ദിനമാണ് ഇന്നെന്ന് മക്കൾ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കലണ്ടർ എട്ട് വർഷങ്ങൾ കടന്നുപോയെന്ന് ഓർമ്മിപ്പിക്കുമ്പോഴും തങ്ങളുടെ ലോകം തകിടംമറിഞ്ഞ ആ സെപ്റ്റംബർ പ്രഭാതത്തിലാണ് ഹൃദയം ഇപ്പോഴുമുള്ളതെന്നും അവർ കുറിച്ചു.

‘സ്വന്തം മനസ്സാക്ഷിയെ അടിയറവ് വെച്ചുകൊണ്ട് സുരക്ഷിതമായ നിശ്ശബ്ദത തിരഞ്ഞെടുക്കണമോ എന്ന് ഒരാൾ തീരുമാനിക്കേണ്ടി വരുന്ന ചില നിമിഷങ്ങളുണ്ട്. അധികാരത്തിന് മുന്നിൽ ചോദ്യങ്ങൾ ചോദിക്കാൻ പാടില്ലെന്ന് ഭരണാധികാരികൾ കരുതിയ ഒരു കാലത്ത്, അതിനെതിരെ നെഞ്ചുവിരിച്ചു നിൽക്കുക എന്നാൽ എന്താണെന്ന് ഞങ്ങൾ പഠിച്ചത് അച്ഛനിൽ നിന്നാണ്. സമൂഹത്തെ സംരക്ഷിക്കേണ്ട സംവിധാനങ്ങൾ അധികാരത്തിന് കീഴടങ്ങുമ്പോൾ അവ വിനാശകരമായ ആയുധങ്ങളായി മാറുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു,’ എന്ന് പോസ്റ്റിൽ പറയുന്നു.

പത്രങ്ങളിൽ വരുന്ന വെറുമൊരു പേരല്ല അദ്ദേഹം, പൗരന്മാർക്കായി സ്വന്തം കരിയറും ജീവിതവും സ്വാതന്ത്ര്യവും പണയപ്പെടുത്തിയ ആളാണ്. അദ്ദേഹത്തിന്റെ സ്വാതന്ത്ര്യവും കരിയറും തട്ടിയെടുത്തെങ്കിലും, മനസ്സാക്ഷിയെ അടിയറവ് വെക്കാൻ വിസമ്മതിച്ച ആ ധീരതയെ തടവിലാക്കാൻ ഭരണകൂടത്തിന് ഇതുവരെ സാധിച്ചിട്ടില്ലെന്നും മക്കൾ വ്യക്തമാക്കി.

ഭരണകൂടത്തിന് മുന്നിൽ ജനങ്ങൾ ചോദ്യങ്ങൾ ചോദിക്കാതിരിക്കുമ്പോഴാണ് ജനാധിപത്യം തകരുന്നത്. എന്നാൽ ഭയത്തിന്റെ അന്തരീക്ഷം മാറി ജനങ്ങൾ വീണ്ടും ശബ്ദമുയർത്താൻ തുടങ്ങിയിരിക്കുന്നുവെന്നും, ധൈര്യം പകരുന്ന ഒന്നാണെന്നും പോസ്റ്റിൽ ഓർമ്മിപ്പിക്കുന്നു.

‘നീതി വൈകുന്നത് സമയം നഷ്ടപ്പെടൽ മാത്രമല്ല, നീതി ആവശ്യപ്പെടാനുള്ള ധൈര്യം സമൂഹത്തിന് ഇനിയുമുണ്ടോ എന്ന പരീക്ഷണം കൂടിയാണ്. ഭരണകൂടത്തെ ചോദ്യം ചെയ്തതിന്റെ പേരിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി നാം ഒന്നിച്ചുനിൽക്കണം.8 വര്‍ഷങ്ങള്‍ക്ക് ശേഷവും
തലയുയര്‍ത്തിപ്പിടിച്ച്, അദ്ദേഹം ഉറച്ചുനില്‍ക്കുന്നു.ഞങ്ങളും പോരാട്ടം തുടരും. ശരീരത്തിൽ മുറിവേറ്റേക്കാം, പക്ഷേ തകരില്ല, വളയില്ല, തലകുനിക്കില്ല,’ എന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ടാണ് ആകാശിയും ശന്തനുവും ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Content Highlight:“8 years since attempts were made to silence our father’s voice and take away his freedom”: Sanjiv Bhatt’s children.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more