പട്ന: തോട്ടത്തില്‍ നിന്നും മാങ്ങ പറിച്ചതിന് എട്ടു വയസുകാരിയായ മുസ്‌ലിം പെണ്‍കുട്ടിയെ തോട്ടമുടമ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ബിഹാറിലെ അറാറിയ ജില്ലയിലെ കഴിഞ്ഞ ഞായറാഴ്ചയാണ് തോട്ടമുടമയുടെ ക്രൂരതക്കിരയായി അമേരൂണ്‍ ഹതൂണ്‍ എന്ന ബാലിക കൊല്ലപ്പെട്ടത്.
പാട്‌നയില്‍ നിന്നു 300 കിലോമീറ്റര്‍ അകലെയുള്ള ടീന്‍ടിക്രി ഗ്രാമത്തിലാണ് സംഭവം. പിതാവ് ഇബ്രാഹിം സഭിയൊടൊപ്പം സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് വരുന്നതിനിടെയാണ് മാങ്ങ പറിക്കാനായി അമേരൂണ്‍ തോട്ടത്തിലേക്ക് കയറിയത്. മകള്‍ പിന്നാലെ വരുമെന്ന് കരുതി ഇബ്രാഹിം വീട്ടിലേക്ക് പോവുകയും ചെയ്തു.
എന്നാല്‍ നേരം വൈകിയിട്ടും മകള്‍ തിരിച്ചെത്താത്തിനെത്തുടര്‍ന്ന് അന്വേഷിച്ച് പോയപ്പോഴാണ് മകള്‍ തോട്ടത്തിനടുത്ത് രക്തത്തില്‍ കുളിച്ചു കിടക്കുന്നതായി നാട്ടുകാര്‍ ഇബ്രാഹിമിനെ വിവരമറിയിക്കുന്നത്.
“എന്റെ മകള്‍ ക്രൂരമായി കൊലചെയ്യപ്പെട്ട കാഴ്ചയാണ് ഞാന്‍ കണ്ടത്. അവളുടെ ശരീരത്തില്‍ നിരവധി മുറിവുകളാണുണ്ടായിരുന്നത്. ഇലക്ട്രിക് ഷോക്കും അവള്‍ക്കേറ്റതായാണ് മുറിവില്‍ നിന്നും മനസ്സിലായത്. ഷോക്കേറ്റ് മരിച്ചതാണെന്ന് കരുതാനായി അവര്‍ ചെയ്തതായിരിക്കാം അത്” ഇബ്രാഹിം പറയുന്നു.
മകളെ തോട്ടമുടമയായ സഞ്ജയ് മെഹ്തയും സഹായിയും മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇബ്രാഹിം പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകള്‍ ഉണ്ടായിരുന്നെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സദാനന്ദ് പ്രതികരിച്ചു. പോസ്റ്റമോര്‍ട്ടതിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുറ്റാരോപിതനെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ തങ്ങള്‍ സ്വീകരിക്കുകയാണെന്നും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അറാറിയ സൂപ്രണ്ട് സുധീര്‍ പൊരിക പറഞ്ഞു.