| Friday, 27th December 2024, 5:57 pm

പഞ്ചാബില്‍ ബസ് ഓടയിലേക്ക് മറിഞ്ഞ് എട്ട് മരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജലന്ധര്‍: പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ ജിവാന്‍ സിങ് വില്ലേജില്‍ ബസ് മറിഞ്ഞ് എട്ട് മരണം. പാലം തകര്‍ന്ന് ബസ് ഓടയിലേക്ക് മറിഞ്ഞാണ് അപകടം. യാത്രക്കാരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം നടന്ന് കൊണ്ടിരിക്കുകയാണെന്ന് ഭട്ടിന്‍ഡ അര്‍ബന്‍ എം.എല്‍.എ ജഗ്രൂപ് സിങ് ഗില്‍ പ്രതികരിച്ചു.

പരിക്കേറ്റ 18 യാത്രക്കാര്‍ ഇപ്പോള്‍ നഗരത്തിലെ ഷഹീദ് ഭായ് മണി സിങ് സിവില്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുകയാണ്.

‘അഞ്ച് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു, മൂന്ന് പേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു. 18 ഓളം പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൃത്യമായ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്,’ ഗില്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

തല്‍വണ്ടി സാബോയില്‍ നിന്ന് ഭട്ടിന്‍ഡ സിറ്റിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് തെന്നി ഓടയിലേക്ക് വീഴുകയായിരുന്നു.

മരിച്ചവരുടെ പേരുവിവരങ്ങള്‍ ജില്ലാ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഓടയിലേക്ക് വീഴുന്നതിന് മുമ്പ് ബസ് പാലത്തിന്റെ ഭിത്തിയില്‍ ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

അപകടം നടക്കുമ്പോള്‍ നഗരത്തില്‍ മഴ പെയ്തിരുന്നു. എന്നാല്‍ അപകടത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം നടത്തുമെന്ന് ജില്ലാ അധികൃതര്‍ അറിയിച്ചു.

Content Highlight: 8 killed in bus fall into drain in Punjab

We use cookies to give you the best possible experience. Learn more