| Wednesday, 24th June 2026, 11:30 pm

റീ റിലീസ് ചെയ്യാന്‍ കിരീടം മാത്രമല്ല 1989ല്‍ പുറത്തിറങ്ങിയ മറ്റ് ഏഴ് ചിത്രങ്ങളും

അശ്വിന്‍ രാജേന്ദ്രന്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ചിത്രങ്ങള്‍ റി റീലിസിലൂടെ കോടികള്‍ കൊയ്യുന്ന കാഴ്ച്ചയ്ക്കാണ് ഇപ്പോള്‍ സിനിമാ ലോകം സാക്ഷ്യം വഹിക്കുന്നത്. ഛോട്ടാ മുംബൈയും ആകാശദൂതും അടക്കമുള്ള മോഹന്‍ലാല്‍ ചിത്രങ്ങള്‍ റീ റിലീസില്‍ തിയേറ്ററുകളില്‍ നിന്നും കോടികള്‍ കൊയ്തപ്പോള്‍ ഏവരെയും അമ്പരപ്പിച്ചത് മൊഴിമാറ്റി ചിത്രമായ ഹാപ്പി ബി ഹാപ്പിയ്ക്ക് കിട്ടിയ സ്വീകാര്യതയായിരുന്നു. മല്ലു അര്‍ജുന്‍ എന്ന് പ്രേക്ഷകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രം 4കെ ദൃശ്യമികവുമായി റീ റിലീസിനെത്തിയപ്പോള്‍ തിയേറ്ററുകള്‍ പൂരപ്പറമ്പാകുകയായിരുന്നു.

എന്നാല്‍ ഫണ്‍ ആക്ഷന്‍ കോമഡി ചിത്രങ്ങളെ മാത്രമായിരുന്നില്ല പ്രേക്ഷകര്‍ രണ്ടാം വരവില്‍ രാജകീയമായി വരവേറ്റത്. ആകാശദൂതും മണിച്ചിത്രത്താഴും പോലെ മലയാളത്തിലെ എക്കാലത്തെയും ക്ലാസിക്കുകളും റീ റിലീസില്‍ മികച്ച കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. ഇതേ ചരിത്രം ആവര്‍ത്തിക്കാനായാണ് സിബി മലയില്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ കിരീടം അടുത്ത മാസം തിയേറ്ററുകളിലേക്കെത്തുന്നത്.

ദശരഥം. Photo: Latesly

1989ല്‍ പുറത്തിറങ്ങി ദശാബ്ദങ്ങള്‍ പിന്നിട്ടിട്ടും പല മലയാളി പ്രേക്ഷകരുടെയും ഫേവറിറ്റായ ചിത്രത്തിന്റെ ദൃശ്യഭംഗിയില്‍ മാറ്റം വരുത്തി തിയേറ്ററുകളിലേക്കെത്തുമ്പോള്‍ ഒരു ഓര്‍മ പുതുക്കല്‍ കൂടിയാണ് പ്രേക്ഷകര്‍ക്ക് സാധ്യമാകുന്നത്. എന്നാല്‍ ഇത്തരത്തില്‍ റിലീസ് ചെയ്യാനുള്ള ചിത്രങ്ങളുടെ ലിസ്റ്റെടുത്താല്‍ മോഹന്‍ലാല്‍ എന്ന താരത്തെ വെല്ലാന്‍ ആര്‍ക്കും സാധിക്കില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

1989ല്‍ തന്നെ കിരീടമടക്കം താരം പ്രധാനവേഷത്തിലെത്തിയ എട്ട് ചിത്രങ്ങളാണ് റിലീസ് ചെയ്തിരിക്കുന്നത്. ഇതില്‍ പലതും മലയാളത്തില്‍ റിപ്പീറ്റഡ് വാല്യൂവുള്ള ചിത്രങ്ങളാണെന്നതും ശ്രദ്ധേയമാണ്. കിരീടത്തിന് പുറമെ വന്ദനം, ദശരഥം, വരവേല്‍പ്പ്, നാടുവാഴികള്‍, ദൗത്യം, അധിപന്‍ തുടങ്ങിയവയാണ് മോഹന്‍ലാല്‍ നായകനായ ചിത്രങ്ങള്‍. അതേസമയം താരം കാമിയോ ആയി എത്തിയ പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്ന ചിത്രവും പുറത്തിറങ്ങിയത് 1989ലായിരുന്നു.

വന്ദനം. Photo: Jio Hotstar

ഇക്കൂട്ടത്തില്‍ റീ റിലീസിന് വലിയ സാധ്യതയുള്ള ചിത്രമങ്ങളാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത വന്ദനവും ലോഹിതദാസ് തിരക്കഥയെഴുതി സിബി മലയില്‍ സംവിധാനം ചെയ്ത ദശരഥവും. മോഹന്‍ലാല്‍ എന്ന അഭിനേതാവിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങള്‍ എന്ന് അവകാശപ്പെടാനാവുന്ന ഈ രണ്ട് സിനിമകളും തിയേറ്ററുകളിലേക്കെത്തിയാല്‍ പ്രേക്ഷകര്‍ കൈവിടില്ലെന്നുറപ്പാണ്.

Content Highlight: 8 Films of Mohanlal which released on 1989 and capable for a re release

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more