| Sunday, 27th July 2025, 10:11 pm

ഹരിദ്വാറിലെ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് മരണസംഖ്യ എട്ടായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹരിദ്വാര്‍: ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ മന്‍സ ദേവി ക്ഷേത്രത്തില്‍ ഇന്ന് (ഞായര്‍) രാവിലെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം എട്ടായി. നൂറ് കണക്കിനാളുകള്‍ ഇന്ന് രാവിലെ പ്രാര്‍ത്ഥനക്കായി ഒത്തുകൂടിയപ്പോഴാണ് അപകടമുണ്ടായത്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

അപകടശേഷം ആദ്യം ആറ് പേരുടെ മരണമായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോഴത് എട്ടായി ഉയര്‍ന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ഹരിദ്വാറിലെ 500 അടിയിലധികം ഉയരമുള്ള ശിവാലിക് കുന്നുകളുടെ മുകളിലാണ് മന്‍സ ദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഹരിദ്വാറിലെ അഞ്ച് പുണ്യസ്ഥലങ്ങളില്‍ ഒന്നായ പഞ്ച തീര്‍ത്ഥങ്ങളില്‍ ഒന്നാണ് മന്‍സ ദേവിക്ക് സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം. ഇന്ന് രാവിലെ പതിവിലും കൂടുതലായിരുന്നു ക്ഷേത്രത്തിലേക്കുള്ള ഭക്തജന പ്രവാഹം.

ക്ഷേത്രത്തിലേക്കുള്ള പടികള്‍ ആരംഭിക്കുന്നിടത്ത് വൈദ്യുത പ്രവാഹം ഉണ്ടായെന്ന അഭ്യൂഹമാണ് ആളുകളെ പരിഭ്രാന്തരാക്കിയതെന്ന് പൊലീസ് പറഞ്ഞു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്.

35 ഓളം പേരെ ആശുപത്രിയില്‍ എത്തിച്ചതായും അതില്‍ ആറ് പേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായും ഹരിദ്വാര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് പ്രമേന്ദ്ര സിങ് ദോബല്‍ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു.

‘ആരോ ഒരു അഭ്യൂഹം പരത്തി. അതിനെ തുടര്‍ന്നാണ് രാവിലെ മന്‍സ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ടുള്ള അപകടം നടക്കുന്നത്. വിഷയത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അഭ്യൂഹം പ്രചരിപ്പിച്ചതിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും,’ മുഖ്യമന്ത്രി പറഞ്ഞു. തിക്കിലും തിരക്കിലും പെട്ട് ജീവന്‍ നഷ്ടപ്പെട്ടതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദുഖം രേഖപ്പെടുത്തി.

‘പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ. പ്രാദേശിക ഭരണകൂടം ദുരിതബാധിതരെ സഹായിക്കുന്നു,’ പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.

Content Highlight: 8 died in Haridwar stampede

We use cookies to give you the best possible experience. Learn more