നിവിൻ പോളി–മമിത ബൈജു കൂട്ടുകെട്ടിൽ ഇൻഡസ്ട്രി ഹിറ്റടിച്ചിരിക്കുകയാണ് ഗിരീഷ് എ.ഡി. ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റ്. പ്രധാന കഥാപാത്രങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കാതെ, സിനിമയിൽ എത്തുന്ന സഹകഥാപാത്രങ്ങൾക്കും അർഹിക്കുന്ന പ്രാധാന്യവും സ്‌ക്രീൻ സ്‌പേസും നൽകുന്നു എന്നതാണ് ഗിരീഷ് എ.ഡി സിനിമകളുടെ പ്രത്യേകത.
ചിത്രത്തിലെ സുരേഷ് കൃഷ്ണയുടെ തഗ് ഡയലോഗുകൾ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. പ്രത്യേകിച്ച് ‘ഞാൻ പഠിക്കുമ്പോൾ ഗിറ്റാറിന് നാല് കമ്പിയേ ഉണ്ടായിരുന്നുള്ളൂ. ആത്മാർഥമായി പഠിക്കുകയാണെങ്കിൽ ഒറ്റക്കമ്പി മതി’ എന്ന ഡയലോഗ് പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഈ ഡയലോഗ് എങ്ങനെയാണ് സിനിമയിലെത്തിയതെന്ന് തുറന്നു പറയുകയാണ് ഇപ്പോൾ സുരേഷ് കൃഷ്ണ. വനിതക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. Screen Grab/ Youtube
‘മത്സരത്തിന് മുൻപ് ഗിറ്റാറിന്റെ സ്ട്രിങ് പൊട്ടിയെന്ന് മമിത വിളിച്ചുപറയുമ്പോൾ നിവിൻ വേഗം സ്ട്രിങ് വാങ്ങാൻ പോവുമ്പോഴാണ് ഇത് ഉണ്ടാകുന്നത്. മദ്യപാന സദസ് മുടങ്ങുന്നതിന്റെ ഒരു മുഷിച്ചിലിൽ എന്റെ കഥാപാത്രം പറയുന്നതാണ് ആ ഡയലോഗ്. അപ്പോൾ സ്പോട്ടിൽ നാവിൻതുമ്പിൽ വന്നതാണ്. അവിടെ വെച്ച് തന്നെ എല്ലാവരും നല്ലോണം ചിരിച്ചു. അപ്പോഴേ തോന്നിയിരുന്നു, ഇത് ചിലപ്പോൾ ആളുകൾ ഏറ്റെടുക്കുമെന്ന്,’നടൻ പറഞ്ഞു.
നേരത്തെ സ്ക്രിപ്റ്റിൽ എഴുതിവെച്ച ഡയലോഗിനൊപ്പം അഭിനേതാക്കൾക്ക് സ്വന്തം രീതിയിൽ ഇംപ്രൊവൈസ് ചെയ്യാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നത് നല്ലതാണെന്നും സുരേഷ് കൃഷ്ണ പറയുന്നു.
‘സ്ക്രിപ്റ്റിൽ എഴുതിവെച്ചതിനെ ഇംപ്രൊവൈസ് ചെയ്ത് ഡയലോഗ് പറയാൻ അനുവദിക്കുന്നതുകൊണ്ടുകൂടിയാണ് ഇതൊക്കെ സാധിക്കുന്നത്. അടുത്ത കൂട്ടുകാർ ചില സിനിമകൾ കണ്ട് ഈ ഡയലോഗ് നീ കയ്യിൽനിന്ന് ഇട്ടതല്ലേ എന്ന് ചോദിക്കാറുണ്ട്,’സുരേഷ് കൃഷ്ണ പറഞ്ഞു.
ദിലീഷ് പോത്തനെ പിറന്നാൾ ആശംസിക്കാൻ വിളിച്ചപ്പോഴാണ് സംവിധായകൻ ഗിരീഷ് എ.ഡിയുടെ പുതിയ ചിത്രത്തിൽ തനിക്ക് ഒരു കഥാപാത്രമുണ്ടെന്ന കാര്യം അറിയുന്നത് എന്നും താരം പറഞ്ഞു.
‘പിറന്നാൾ ആശംസിക്കാൻ ദിലീഷ് പോത്തനെ വിളിച്ചതാണ്. അപ്പോഴാണ് ബെത്‌ലഹേമിൽ എനിക്ക് ഒരു റോൾ ഉണ്ടെന്ന് പറയുന്നത്. തണ്ണീർമത്തൻ ദിനങ്ങളും പ്രേമലുവും കണ്ടിട്ട് വിളിച്ച് അഭിനന്ദിച്ച പരിചയമേ സംവിധായകൻ ഗിരീഷ് എ.ഡിയുമായി എനിക്ക് ഉണ്ടായിരുന്നുള്ളു,’സുരേഷ് കൃഷ്ണ പറഞ്ഞു.
സുരേഷ് കൃഷ്ണ. Photo. Screen Grab/ Youtube
സുഹൃത്തുക്കളുടെ നിർദേശവും ഗിരീഷ് തന്നെ നന്നായി ഉപയോഗിക്കുമെന്ന വിശ്വാസവുമാണ് ഒടുവിൽ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തിരഞ്ഞെടുക്കാൻ കാരണമെന്നും താരം കൂട്ടിച്ചേർത്തു.
‘പടത്തിൽ ഉടനീളം ഉണ്ടെങ്കിൽ ഉറപ്പായും എനിക്ക് എന്തെങ്കിലും ചെയ്യാനുണ്ടാകും എന്ന് തോന്നി. ആ സമയത്ത് വലിയ താരനിരയുള്ള ഒരു സിനിമയും തേടിവന്നു. ഗിരീഷ് ആണെങ്കിൽ നിങ്ങളെ നന്നായി ഉപയോഗിക്കും എന്ന് സുഹൃത്തുക്കൾ പ്രോത്സാഹിപ്പിച്ചു. ഭാഗ്യവും ദൈവാനുഗ്രഹവും കൊണ്ടാകാം ‘ബെത്‌ലഹേം’ എന്ന് തീരുമാനിക്കുകയായിരുന്നു,’ സുരേഷ് കൃഷ്ണ വ്യക്തമാക്കി.
Content Highlight: Suresh Krishna opens up about his viral dialogue from ‘Bethlehem Kudumba Unit’