മുംബൈ: 2025 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസങ്ങള്‍ക്കിടെ മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തത് 767 കര്‍ഷകര്‍. കര്‍ഷക ആത്മഹത്യയില്‍ നടന്ന അന്വേഷണത്തില്‍ 373 കുടുംബങ്ങള്‍ നഷ്ടപരിഹാരത്തിന് അര്‍ഹരാണെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കണ്ടെത്തിയതായി ദി ഇന്ത്യന്‍ എക്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
767ല്‍ 200 കുടുംബങ്ങള്‍ നഷ്ടപരിഹാരത്തിന് അയോഗ്യരാണെന്ന് സംസ്ഥാന ദുരിതാശ്വാസ/പുനരധിവാസ മന്ത്രി മകരന്ദ് പാട്ടീല്‍ പറഞ്ഞു. നഷ്ടപരിഹാരത്തിന് അര്‍ഹരായ 373 കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കിയതായും ബാക്കിയുള്ള 194 കേസുകളില്‍ പരിശോധന തുടരുകയാണെന്നും മന്ത്രി അറിയിച്ചു.
കര്‍ഷക ആത്മഹത്യകളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം.എല്‍.സിമാരായ പ്രദ്ന്യ രാജീവ് സതവ്, സതേജ് പാട്ടീല്‍, ഭായ് ജഗ്താപ് എന്നിവര്‍ രേഖാമൂലം നല്‍കിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, 2024ല്‍ മാത്രം മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തത് 2,635 കര്‍ഷകരാണ്. 2023ല്‍ ഇത് 2,851 ആയിരുന്നുവെന്ന് ദി സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനുപുറമെ 2001 മുതല്‍ മഹാരാഷ്ട്രയില്‍ 39,825 കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യയെ ഉദ്ധരിച്ച് ദി സ്‌ക്രോള്‍ ചൂണ്ടിക്കാട്ടി.
ഏപ്രിലില്‍ മഹാരാഷ്ട്രയിലെ മറാത്ത്‌വാഡയില്‍ കര്‍ഷക ആത്മഹത്യ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2025 ജനുവരി മുതല്‍ മാര്‍ച്ച് വരെ 269 കര്‍ഷക ആത്മഹത്യകളാണ് മറാത്ത്‌വാഡയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഡിവിഷണല്‍ കമ്മീഷണറുടെ ഓഫീസില്‍ നിന്നുള്ള വിവരങ്ങള്‍ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയായിരുന്നു ഈ കണക്കുകള്‍ പുറത്തുവിട്ടത്. നിലവില്‍ ഈ കണക്കുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടാകാം.
2024 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 204 കര്‍ഷകരാണ് മറാത്ത്‌വാഡയില്‍ ആത്മഹത്യ ചെയ്തത്. എന്നാല്‍ 2025ല്‍ എത്തിയപ്പോള്‍ ആത്മഹത്യയുടെ എണ്ണത്തില്‍ 32 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയതെന്നായിരുന്നു അന്നത്തെ റിപ്പോര്‍ട്ട്. മറാത്ത്‌വാഡയിലെ ബീഡിലാണ് ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്.
2025ലെ കണക്കുകള്‍ അനുസരിച്ച് 71 പേര്‍ ബീഡില്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. എന്നാല്‍ 2024ല്‍ ഇത് 44 ആയിരുന്നു. ഇക്കാലയളവില്‍ ഛത്രപതി സംഭാജിനഗറില്‍ 50, നന്ദേഡില്‍ 37, പര്‍ഭാനിയില്‍ 33, ധാരാശിവില്‍ 31, ലാത്തൂരില്‍ 18, ഹിംഗോളിയില്‍ 16, ജല്‍നയില്‍ 13 കര്‍ഷക ആത്മഹത്യകളാണ് രേഖപ്പെടുത്തിയത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ കണക്കുകളില്‍ വലിയ തോതില്‍ വര്‍ധനവുണ്ടാകാന്‍ സാധ്യതയുണ്ട്.
Content Highlight: 767 farmers committed suicide in Maharashtra in 2025; 373 families eligible for compensation, says government