| Wednesday, 11th May 2022, 4:53 pm

ഇനി നീ എന്നെങ്കിലും ഇന്റിമേറ്റ് സീനുകൾ ചെയ്യുന്നത് കണ്ടാൽ അവിടെ വന്ന് തല്ലുമെന്ന് വിനീതേട്ടൻ അന്ന് പറഞ്ഞു: ശിവദ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സു സു സുധി വാത്മീകത്തിലെ നായിക കഥാപാത്രം ചെയ്ത ശിവദ, പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ്. സിനിമയിലെത്തുന്നതിന് മുൻപ് ശിവദയെ ആളുകൾക്ക് പരിചയം മഴ എന്ന മ്യൂസിക് ആൽബത്തിലൂടെയാണ്. 2010 കാലഘട്ടത്തിൽ ഏറെ ആഘോഷിക്കപ്പെട്ട പാട്ടായിരുന്നു ഇത്. ‘എന്തോ മൊഴിയുവാൻ ഉണ്ടാകുമേ’ എന്ന് തുടങ്ങുന്ന ഈ ഗാനത്തിന് അന്നും എന്നും ആസ്വാദകർ ഏറെയാണ്. വിധു പ്രതാപ് പാടിയ ഈ ഗാനം സംവിധാനം ചെയ്തത് നടനായ വിനീത് കുമാർ ആയിരുന്നു.

റിലീസാവാനിരിക്കുന്ന മേരി ആവാസ് സുനോ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഡൂൾന്യൂസിന് നൽകിയ അഭിമുഖത്തിൽ മഴ ആൽബത്തിൽ അഭിനയിച്ചതിന്റെ ഓർമകൾ പങ്കുവെക്കുകയാണ് ശിവദ. മഴയിൽ ഇന്റിമേറ്റ് സീനുകൾ അഭിനയിക്കാൻ മടിയായിരുന്നുവെന്നും വിനീത് കുമാർ അതിനെ കുറിച്ച് പറഞ്ഞ് കളിയാക്കുമായിരുന്നെന്നും നടി പറയുന്നു.

‘വിനീത് കുമാർ ആയിരുന്നു മഴ ആൽബം സംവിധാനം ചെയ്തത്. അനീഷ് ഉപാസന വഴിയാണ് ഞാൻ വിനീതേട്ടനെ കാണുന്നത്. അന്ന് ഞാൻ വീഡിയോ ജോക്കി ആയിരുന്നു. എപ്പോഴും മനസ്സിൽ നിൽക്കുന്ന കുറെ നല്ല അനുഭവങ്ങൾ അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിട്ടുണ്ട്. കാരണം ആ സമയത്ത് ഇന്റിമേറ്റ് സീനൊക്കെ ചെയ്യാൻ എനിക്ക് ഭയങ്കര ഇൻഹിബിഷൻ ആയിരുന്നു. അതിൽ പ്രത്യേകിച്ച് അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല, നോക്കുന്നതും കെട്ടിപിടിക്കുന്നതുമൊക്കെയേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴാണെങ്കിൽ ഞാൻ കൂളായിട്ട് ചെയ്യും. അന്ന് അത് എങ്ങനെയാണ് ചെയ്യേണ്ടതെന്നും അറിയില്ല, എനിക്ക് ജാള്യതയായിരുന്നു. എനിക്കിപ്പോഴും കാണുമ്പോൾ അയ്യേ ഇതെന്താ കാണിച്ചുവെച്ചിരിക്കുന്നതെന്ന് തോന്നാറുണ്ട്. അന്ന് വിനീതേട്ടൻ എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്, ഇനി നീ എന്നെങ്കിലും സിനിമയിൽ ഇന്റിമേറ്റ് സീനുകളൊക്കെ അഭിനയിക്കുന്നത് കണ്ടുകഴിഞ്ഞാൽ ഞാൻ അവിടെ വന്ന് തല്ലുമെന്ന്. ഇത് ഇങ്ങനെയാണോ കാണിക്കുന്നത് എന്ന് ചോദിച്ച് അന്ന് എന്നെ ഒരുപാട് കളിയാക്കിയിട്ടുണ്ട്. ഇപ്പോൾ ഞാൻ ഓരോ തവണ എന്തെങ്കിലും റൊമാന്റിക് സീൻ ചെയ്യുമ്പോൾ എനിക്ക് വിനീതേട്ടനെ ഓർമ വരും. കണ്ടോ അമ്മ…ഈ കൊച്ച് കാണിക്കുന്നതെന്നും പറഞ്ഞ് വിനീതേട്ടൻ എന്റെ അമ്മയോട് പരാതി പറഞ്ഞിരുന്നു. നെടുൻചാലൈ എന്ന സിനിമ കണ്ട് കഴിഞ്ഞ് എന്നെ വിളിച്ചിരുന്നു, എന്നിട്ട് പറഞ്ഞു നിനക്ക് മര്യാദക്ക് ചെയ്യാൻ ഒക്കെ അറിയാം അല്ലേ. ഇപ്പോഴും ഒരുപാട് പേര് ഓർത്തിരിക്കുന്ന ഒരു സോങ്ങ് ആണ് മഴ. ഈ ആൽബം കേട്ട് എന്നൊക്കെ പറഞ്ഞു ഇപ്പോഴും ആളുകളുടെ മെസ്സേജ് ഒക്കെ വരാറുണ്ട്,’ ശിവദ പറഞ്ഞു.

കേരള കഫെ എന്ന ആന്തോളജിയിലൂടെയാണ് ശിവദ സിനിമയിലേക്കെത്തുന്നത്. പക്ഷെ ആ സിനിമയിലെ ശിവദയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടില്ല. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന മേരി ആവാസ് സുനോ ആണ് ശിവദയുടെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. ജയസൂര്യ, മഞ്ജു വാര്യർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

Content Highlight: Ssivada shares her experiences with Vineeth while starring in the album Mazha

Latest Stories

We use cookies to give you the best possible experience. Learn more